ബെംഗളൂരു: വീടില്ലാതെ തെരുവിലുറങ്ങുന്നവർക്ക് രാത്രി തങ്ങാൻ ബെംഗളൂരു കോർപ്പറേഷന്റെ അഭയകേന്ദ്രങ്ങളൊരുങ്ങുന്നു. കോർപ്പറേഷന്റെ കെട്ടിടങ്ങളിലും, വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ചുമാണ് അഭയകേന്ദ്രങ്ങളൊരുക്കുന്നത്.
നിലവിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് കിടക്കകൾ ഉൾപ്പെടെയുള്ള കൂടുതൽ സൗകര്യങ്ങളൊരുക്കാനും പദ്ധതിയുണ്ട്. കോർപ്പറേഷന്റെ 15-ഓളം കെട്ടിടങ്ങളാണ് അഭയകേന്ദ്രങ്ങളായി മാറുക. തെരുവിലുറങ്ങുന്നവരെ കണ്ടെത്താൻ പ്രത്യേക ആപ്പും തയ്യാറാക്കും. കോർപ്പറേഷന്റെ ഐ.ടി. വിഭാഗമാണ് ആപ്പ് വികസിപ്പിക്കുന്നത്.
സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ ഇംപാക്റ്റ് ഇന്ത്യ കൺസോർഷ്യം ഡിസംബറിൽ നഗരത്തിൽ നടത്തിയ മൂന്നുദിന സർവേയിൽ തെരുവിൽ താമസിക്കുന്ന 1526 പേരെ കണ്ടെത്തിയിരുന്നു. 13,000-ത്തിലേറെ പേർ തെരുവിലാണെന്നാണ് സന്നദ്ധസംഘടനകളുടെ കണക്ക്. 50-ഓളം അഭയകേന്ദ്രങ്ങൾ ഇവരെ പുനരധിവസിപ്പിക്കാൻ വേണ്ടിവരുമെന്ന് വരുമെന്ന് കാണിച്ച് ഇംപാക്റ്റ് ഇന്ത്യ കോർപ്പറേഷന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഇതിന് ശേഷമാണ് തെരുവിലുറങ്ങുന്നവർക്കുവേണ്ടി പ്രത്യേകപദ്ധതികൾ ആവിഷ്കരിക്കാൻ കോർപ്പറേഷൻ തീരുമാനിച്ചത്. വെസ്റ്റ് സോണിൽ ഗുഡ്ഷെഡ് റോഡിലെ കോർപ്പറേഷൻ കെട്ടിടം, കെ.ആർ. മാർക്കറ്റിലെ രണ്ടാം നില എന്നിവിടങ്ങളിലും സൗത്ത് സോണിൽ ഗിരിയമ്മ ആശുപത്രിയിലും ജെ.സി. റോഡിലെ കാർ പാർക്കിങ് ഏരിയയുടെ പുറകുവശത്തും ഭവനരഹിതരെ താമസിപ്പിക്കാനുള്ള സൗകര്യമൊരുക്കും. കെ.ആർ. മാർക്കറ്റിൽ മാത്രം 5000-ത്തിലേറെ താമസിപ്പിക്കാനുള്ള സൗകര്യമാണുണ്ടാകുക.
ആനേപ്പാളയയിലെയും ശാന്തിനഗറിലെയും ആശുപത്രികളുടെ ടെറസ് എന്നിവയും ഉപയോഗിക്കും. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥിതിചെയ്യുന്ന ശുചീകരണത്തൊഴിലാളികളുടെ വിശ്രമസ്ഥലവും രാത്രികാലങ്ങളിൽ ഇത്തരം കേന്ദ്രങ്ങളാക്കി മാറ്റും. ശാന്തിനഗറിലെ സന്ധ്യ സുരക്ഷാകേന്ദ്ര, ഹെന്നൂരിലെ ഹോളിക്രോസ് മേഴ്സി ഹോം തുടങ്ങിയ സ്ഥാപനങ്ങളാണ് കോർപ്പറേഷനുമായി പദ്ധതിയിൽ സഹകരിക്കുന്നത്.
മാർച്ച് 31-ഓടെ അഭയകേന്ദ്രങ്ങൾ പ്രവർത്തന സജ്ജമാക്കാൻ കഴിയുമെന്നാണ് കോർപ്പറേഷന്റെ പ്രതീക്ഷ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.