ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനൊരുങ്ങി റെയില്‍വെ. വിമാനത്താവളത്തിന് സമാനമായ രീതിയില്‍ യാത്ര പുറപ്പെടുന്നതിന് നിശ്ചിത സമയം മുമ്പ് സ്റ്റേഷനില്‍ എത്തി ചെക്ക് ഇന്‍ ചെയ്യണമെന്ന നിബന്ധനയോട് കൂടിമാറ്റങ്ങള്‍ ആരംഭിക്കുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.
പോകേണ്ട ട്രെയിന്‍ സ്റ്റേഷനിലെത്തുന്നതിന് 15-20 മിനിറ്റ് മുമ്പ് സ്റ്റേഷനിലെത്തി സുരക്ഷ പരിശോധനകള്‍ പൂര്‍ത്തിയാക്കണം. ഈ നിബന്ധനകള്‍ ഉടന്‍ പ്രബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
നിലവില്‍ കുംഭമേളയോടനുബന്ധിച്ച് അലഹബാദില്‍ ഈ രീതി നടപ്പിലാക്കിയിട്ടുണ്ട്. ഈ മാസം തന്നെ ഹൂബ്ലി റെയില്‍വേ സ്റ്റേഷനിലും മറ്റ് 202 റെയില്‍വേ സ്റ്റേഷനിലും നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് റെയില്‍വേ സുരക്ഷാ സേനയെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉന്നത സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള സുരക്ഷാ പരിശോധനകളാകും സ്റ്റേഷനുകളില്‍ ഉണ്ടാകുക.
സുരക്ഷയുടെ ഭാഗമായി റെയില്‍വേ സ്റ്റേഷനും അവിടേക്ക് കടക്കാനുള്ള വഴികളും പ്രത്യേകം നിശ്ചയിക്കും. റെയില്‍വേ സുരക്ഷാ സേനയെ വിന്യസിച്ചും ഗേറ്റുകളും മതിലും സ്ഥാപിച്ച സുരക്ഷ കര്‍ശനമാക്കും. സ്റ്റേഷനിലേക്ക് കടക്കാനുള്ള വഴികളിലാകും സുരക്ഷാ പരിശോധനകള്‍ നടക്കുക.
വിമാനത്താവളങ്ങളിലേതുപോലെ 15 മുതല്‍ 20 മിനിറ്റ് വരെ നേരത്തെയെങ്കിലും യാത്രക്കാര്‍ സ്റ്റേഷനിലെത്തണം. എന്നാല്‍ യാത്രക്കാര്‍ക്ക് അധികം ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിലാകും പരിശോധനകളെന്ന് ആര്.പി.എഫ് ഡയറകടര്‍ ജനറല്‍ അരുണ്‍ കുമാര്‍ പി.ടി.ഐയോട് പറഞ്ഞു.
ഇതിനായി അധികമായി സുരക്ഷാ ഉദ്യോഗസ്ഥരെ ഉപയോഗിക്കില്ലെന്നും സാങ്കേതിക വിദ്യ ഉപയോഗിച്ചാകും പരിശോധനകള്‍ അധികവുമെന്നും അദ്ദേഹം പറയുന്നു. 2016 ല്‍ തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് ഇത് നടപ്പിലാക്കുന്നത്. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ 202 സ്റ്റേഷനുകളും നിരന്തരമായിട്ടുള്ള നിരീക്ഷണത്തിന് കീഴില്‍ വരും.
സിസിടിവി ക്യാമറ, ബോംബുകള്‍ കണ്ടെത്താനും നിര്‍വീര്യമാക്കാനുമുള്ള സംവിധാനം, ലഗേജുകള്‍ പരിശോധിക്കാനുള്ള സ്കാനറുകള്‍, കണ്ട്രോള് യൂണിറ്റ് എന്നിവയുടെ സഹായത്തോടെയാണ് ചെക്കിങ് നടപടികള്‍ നടത്തുക.
ഇതിനായി 385.06 കോടി രൂപ ചിലവാകുമെന്നാണ് കരുതുന്നത്. തിരക്കുള്ള സമയങ്ങളില്‍ സ്റ്റേഷനുകളില്‍ പ്രവേശിക്കുന്ന യാത്രക്കാര്‍ കര്‍ശന പരിശോധനകള്‍ക്ക് വിധേയരാകും. ഇതിനോടൊപ്പം മുഖം തിരിച്ചറിയാനുള്ള സംവിധാനവും ഉണ്ടാകും. കുറ്റവാളികളെ പെട്ടെന്ന് തിരിച്ചറിയുന്നതിന് വേണ്ടിയാണിത്.
ആദ്യഘട്ടത്തില്‍ എല്ലാവര്ക്കും പരിശോധയുണ്ടാകില്ല. പകരം സ്റ്റേഷനിലേക്ക് എത്തുന്ന എട്ടോ ഒമ്പതോ യാത്രക്കാരില്‍ ഒരാള്‍ക്കോ ഒന്നിലേറേ പേര്‍ക്കോ എന്ന കണക്കില്‍ പരിശോധനയ്ക്ക് വിധേയരാകേണ്ടിവരും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.