ചൈനയെ അവരുടെ തട്ടകത്തില്‍ വച്ച് സമനിലയില്‍ തളച്ച് ഇന്ത്യ

സോസു സിറ്റി: 21 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഇന്ത്യയും ചൈനയും ഫുട്‌ബോളില്‍ വീണ്ടും മുഖാമുഖം വന്നപ്പോള്‍ അത് ആരാധകര്‍ക്ക് അക്ഷരാര്‍ഥത്തില്‍ വിരുന്നായി മാറി.

ചൈനയിലെ സോസു സിറ്റിയിലുള്ള സോസു ഒളിംപിക്‌സ് സ്‌പോര്‍ട്‌സ് സെന്ററില്‍ നടന്ന ഇന്ത്യ-ചൈന ക്ലാസിക്ക് പോര് ഗോള്‍രഹിതമായി പിരിയുകയായിരുന്നു. ലോക റാങ്കിങില്‍ 76ാം സ്ഥാനത്തുള്ള ചൈനയെ സമനിലയില്‍ തളയ്ക്കാനായത് 97ാം റാങ്കിലുള്ള ഇന്ത്യക്ക്് അഭിമാനിക്കാവുന്ന നേട്ടമാണ്.

ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ചൈനയില്‍ ഫുട്‌ബോള്‍ പോരിനിറങ്ങിയത്. ചൈനീസ് വന്‍മതിലില്‍ വിള്ളല്‍ വീഴ്ത്തി കൈയ്യടി നേടിയാണ് സ്റ്റീഫന്‍ കോണ്‍സ്‌റ്റൈന്‍ പരിശീലിപ്പിക്കുന്ന ഇന്ത്യയുടെ നീലക്കടുവകള്‍ കളംവിട്ടത്.

കളിയില്‍ ചൈനക്കായിരുന്നു നേരിയ മേല്‍ക്കൈ. എന്നാല്‍, ചൈനീസ് വന്‍മതിലില്‍ വിള്ളല്‍ വീഴ്ത്തി ഇന്ത്യ ആരാധകരുടെ മനംകവര്‍ന്നു. കളിയുടെ 13ാം മിനിറ്റില്‍ ഇന്ത്യക്ക് ഗോളിനുള്ള മികച്ച അവസരം ലഭിച്ചു. സുനില്‍ ഛെത്രിയും പ്രണോയ് ഹാള്‍ദറും നടത്തിയ മികച്ചൊരു നീക്കം ചൈനീസ് ഗോള്‍മുഖത്ത് ഭീഷണി ഉയര്‍ത്തി. പക്ഷേ, ചൈനീസ് ഗോളി സേവ് ചെയ്യുകയായിരുന്നു. പിന്നീട് ബോക്‌സിനകത്തുവച്ച് അനുരുദ്ധ് ഥാപ്പ നല്‍കിയ പന്ത് പ്രീതം കോട്ടല്‍ പോസ്റ്റിലേക്ക് ഷോട്ടുതീര്‍ത്തെങ്കിലും ചൈനീസ് ഗോളിയുടെ തകര്‍പ്പന്‍ സേവ് ഇന്ത്യന്‍ ഗോള്‍ ശ്രമത്തെ വിഫലമാക്കി. 51ാം മിനിറ്റില്‍ ലഭിച്ച മികച്ച ഗോളവസരം ഉദാന്ത സിങ് പാഴാക്കി.

കളിയുടെ ആദ്യ ഇലവനില്‍ സ്ഥാനം ലഭിക്കാതിരുന്ന മലയാളി പ്രതിരോധനിര താരം അനസ് എടത്തൊടിക 62ാം മിനിറ്റില്‍ നാരായണ്‍ ദാസിനു പകരമാണ് കളത്തിലിറങ്ങിയത്. അതേസമയം, ചൈനയുടെ മികച്ച ഗോള്‍ ശ്രമങ്ങള്‍ ഇന്ത്യന്‍ ഗോളി ഗുര്‍പ്രിത് സിങ് സന്ധുവിന്റെ തകര്‍പ്പന്‍ സേവുകള്‍ക്കു മുന്നില്‍ തകരുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us