കര്‍ഷകരുമായി ധാരണയായതായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നതടക്കം നിരവധി ആവശ്യങ്ങളുമായി ‘കിസാന്‍ ക്രാന്തി യാത്ര’ നടത്തുന്ന കര്‍ഷകരുമായി ധാരണയില്‍ എത്തിയതായി കേന്ദ്രസര്‍ക്കാര്‍.

നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ കര്‍ഷകരും കര്‍ഷക തൊഴിലാളികളും അണിനിരന്ന മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായത് രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഡല്‍ഹി അതിര്‍ത്തിയില്‍ ഗാസിയാബാദില്‍ എത്തിച്ചേര്‍ന്ന കര്‍ഷകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. ഡല്‍ഹിയിലേയ്ക്ക് കര്‍ഷകര്‍ കടക്കുന്നത്‌ തടുക്കാന്‍ വന്‍ പൊലീസ് സന്നാഹമായിരുന്നു ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഒരുക്കിയിരുന്നത്. കര്‍ഷകരെ തടുക്കാന്‍ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

അതേസമയം, കര്‍ഷക നേതാക്കളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച നടത്തിയതായി കേന്ദ്ര കൃഷി സഹമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് പറഞ്ഞു. കര്‍ഷകര്‍ ഉന്നയിക്കുന്ന ഭൂരിഭാഗം പ്രശ്‌നങ്ങള്‍ സംബന്ധിച്ചും കേന്ദ്രസര്‍ക്കാര്‍ ധാരണയിലെത്തിയതായി അദ്ദേഹം അവകാശപ്പെട്ടു. യു.പി മന്ത്രിമാര്‍ക്കൊപ്പം താന്‍ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, കര്‍ഷക നേതാക്കള്‍ പറയുന്നത് മറ്റൊന്നാണ്. പൊലീസ് സ്വീകരിച്ച നടപടി തികച്ചും തെറ്റായിരുന്നു. കര്‍ഷക നേതാക്കള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തി​കൈത് പറഞ്ഞു.

തങ്ങള്‍ മുന്നോട്ടുവച്ച 11 ആവശ്യങ്ങളില്‍ 7 എണ്ണം സര്‍ക്കാര്‍ അംഗീകരിച്ചു. ബാക്കി 4 ആവശ്യങ്ങളില്‍ തീരുമാനമായില്ല എന്നും ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് യുധ്വീര്‍ സിംഗ് പറഞ്ഞു.

കര്‍ഷക മാര്‍ച്ചിന് നേരെ നടത്തിയ പോലീസ് നടപടിയെ കോണ്‍ഗ്രസ്‌ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സമാധാനപരമായി ഡല്‍ഹിയിലേക്കു വന്ന കര്‍ഷകരെ നേരിട്ടുകൊണ്ടാണ് ബി.ജെ.പി സര്‍ക്കാരിന്‍റെ ഗാന്ധിജയന്തി ദിനാഘോഷത്തിന് തുടക്കം കുറിച്ചതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി. തങ്ങള്‍ നേരിടുന്ന ദുരിതത്തെപ്പറ്റി പരാതി പറയാന്‍ രാജ്യ തലസ്ഥാനത്തേക്ക് വരാന്‍പോലും കര്‍ഷകര്‍ക്ക് അനുവാദമില്ലെന്നും രാഹുല്‍ഗാന്ധി ആരോപിച്ചിച്ചു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവരും കര്‍ഷകര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. രാജ്യ തലസ്ഥാനത്ത് എത്താന്‍ കര്‍ഷകരെ അനുവദിക്കണമെന്നും തടയുന്നത് ശരിയല്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us