എച്ച് വൺ എൻ വൺ ഭീതിയിൽ നഗരം!

ബെംഗളൂരു: എച്ച് 1 എൻ 1 പനിബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതിനെത്തുടർന്ന് ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പിന്റെ നിർദേശം. പനിക്കെതിരായ വാക്സിനുകളും മരുന്നുകളും സംഭരിക്കാൻ ആശുപ്രതികളോടും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. രോഗികൾക്ക് ഇവ സൗജന്യനിരക്കിൽ നൽകണം.

ജനുവരി മുതൽ സെപ്റ്റംബർ 25 വരെ സംസ്ഥാനത്ത് 3968 പേരാണ് എച്ച് 1 എൻ 1 ലക്ഷണങ്ങളോടെ ചികിത്സതേടിയത്. ഇതിൽ 167 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രോഗലക്ഷണവുമായി വിവിധ ആശുപത്രികളിൽ ചികിത്സതേടിയവരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ബെംഗളൂരു കോർപ്പറേഷൻ പരിധിയിൽ ഒട്ടേറെപ്പേരാണ് ചികിത്സതേടിയത്. ശിവമോഗ, ഹാസൻ, ദക്ഷിണ കന്നഡ തുടങ്ങിയ ജില്ലകളിലും ഒട്ടേറെപ്പേർ ചികിത്സതേടി.

ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടാൽ സ്വയംചികിത്സ ഒഴിവാക്കി, ആശുപത്രികളിലോ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലോ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. തൊണ്ടയിലെ ശ്രവം പരിശോധിക്കുന്നതിലൂടെയാണ് എച്ച് 1 എൻ 1 പനി സ്ഥിരീകരിക്കുന്നത്. കൃത്യസമയത്ത് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ രോഗിയുടെ മരണത്തിനുവരെ കാരണമായിത്തീരുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. വായുവിലൂടെ പകരുന്ന പനിയാണിത്.

രോഗലക്ഷണങ്ങൾ

കടുത്ത പനി, ചുമ, തൊണ്ടവേദന, ശരീരവേദന, ഛർദി. ശ്വാസകോശരോഗമുള്ളവർ, ഹൃദയസംബന്ധമായ അസുഖമുള്ളവർ, ഗർഭിണികൾ, പ്രമേഹരോഗികൾ എന്നിവർ കൂടുതൽ ശ്രദ്ധിക്കണം.

വേണം മുൻകരുതൽപോഷകമൂല്യമുള്ള ഭക്ഷണം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, ശരീരം വൃത്തിയായി സൂക്ഷിക്കുക, പുറത്തുപോയി വന്നാൽ ഉടൻ കുളിക്കുക തുടങ്ങിയവ ചെയ്താൽ ഒരുപരിധിവരെ രോഗത്തെ പ്രതിരോധിക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us