800-ഓളം കുഴികളടച്ചു 1300-ഓളം കുഴികൾ ഇനിയും ബാക്കി;ഹൈക്കോടതി വടിയെടുത്തപ്പോള്‍ കുഴിയടക്കല്‍ തകൃതി;സമയ പരിധി നാളെ തീരും.

ബെംഗളൂരു: നഗരത്തിലെ റോഡുകളിലെ കുഴികളടയ്ക്കാൻ ബെംഗളൂരു കോർപ്പറേഷന് കർണാടക ഹൈക്കോടതി അനുവദിച്ച സമയപരിധി തിങ്കളാഴ്ച അവസാനിക്കും. രാത്രിയും ജോലിചെയ്ത് കോർപ്പറേഷനിലെ ഉദ്യേഗസ്ഥരും കരാറുകാരും തൊഴിലാളികളും സമയപരിധിക്കുള്ളിൽ കുഴികളടയ്ക്കാനുള്ള തീവ്രശ്രമത്തിലാണ്. ശനിയാഴ്ചവരെ 800-ഓളം കുഴികളാണ് അടച്ചുകഴിഞ്ഞത്.

രണ്ടുദിവസത്തിനിടെ 1300-ഓളം കുഴികൾ ഇനിയും അടയ്ക്കണം. എന്നാൽ കുഴിയടയ്ക്കാനുള്ള സമയപരിധി നീട്ടണമെന്ന് കോർപ്പറേഷൻ കോടതിയിൽ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.

മഴ പെയ്തതോടെ നഗരത്തിലെ റോഡുകളിൽ വ്യാപകമായി കുഴികൾ രൂപപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ബെംഗളൂരു കോർപ്പറേഷനെതിരേ പൊതുതാത്‌പര്യഹർജി നൽകിയത്. ഇതുപരിഗണിക്കെ തിങ്കളാഴ്ചയ്ക്കകം മുഴുവൻ കുഴികളും നികത്തണമെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

മൈസൂരു റോഡ്, കോറമംഗല, കമ്മനഹള്ളി, ബൊമ്മനഹള്ളി, രാജരാജേശ്വരി നഗർ തുടങ്ങിയ പ്രദേശങ്ങളിലാണ് റോഡിൽ വ്യാപകമായി കുഴികൾ രൂപപ്പെട്ടത്. എന്നാൽ കുഴികളിൽ വെള്ളം നിറഞ്ഞതോടെ കുഴികൾ നികത്തുന്നത് പലയിടങ്ങളിലും തടസ്സപ്പെട്ടിരിക്കുകയാണ്.

അതേസമയം റോഡുകളിലെ കുഴികളടയ്ക്കുന്നതിൽ നഗരത്തിലെ ചില കരാറുകാർ സഹകരിക്കുന്നില്ലെന്നും കോർപ്പറേഷൻ ആരോപിച്ചു. തിങ്കളാഴ്ചയ്ക്കുള്ളിൽ കുഴിനികത്തണമെന്ന് അറിയിച്ചെങ്കിലും പലരും പ്രതികരിച്ചില്ല.

ഇത്തരം കരാറുകാരുടെ വിവരങ്ങൾ കോടതിയിൽ സമർപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. വെള്ളം റോഡിലൂടെ കുത്തിയൊഴുകുന്നതോടെയാണ് കുഴികൾ രൂപപ്പെടുന്നത്. റോഡരികിലെ ഓവുചാലുകളിലെ തടസ്സങ്ങൾ നീക്കുന്ന പ്രവൃത്തിയും ഇതോടൊപ്പം നടന്നുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.

എന്നാൽ അശാസ്ത്രീയമാണ് കുഴിനികത്തുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. കുഴി ചതുരത്തിലോ ത്രികോണാകൃതിയിലോ വിപുലീകരിച്ച് പൊടിനീക്കിയതിനുശേഷമാണ് സാധാരണഗതിയിൽ കുഴിയടയ്ക്കുന്നത്. എന്നാൽ ഇത്തരം ശാസ്ത്രീയ മാർഗങ്ങൾ ഒഴിവാക്കി കോടതിയുടെ കണ്ണിൽ പൊടിയിടാനാണ് കോർപ്പറേഷന്റെ ശ്രമമെന്നാണ് ആരോപണം. പലയിടങ്ങളിലും കുഴിയടച്ച് മണിക്കൂറുകൾക്കുള്ളിൽ ടാർ പൊളിഞ്ഞടരുന്നതായും പരാതിയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us