ദുരിത ബാധിതര്‍ക്കായി ഇത്തവണ ചുമടെടുത്തത് മലയാളി കളക്ടര്‍!

സാധാരണക്കാരനെ പോലെയാണ് അയാള്‍ അവര്‍ക്കൊപ്പം നിന്നത്. അവിടെയുണ്ടായിരുന്നവരുടെ ആജ്ഞകളും, അപേക്ഷകളും അയാള്‍ കേട്ടു. എന്നാല്‍, അയാള്‍ ആരായിരുന്നുവെന്ന് അവിടെയുണ്ടായിരുന്ന പലര്‍ക്കും അറിയില്ലായിരുന്നു.

കാക്കനാട് കെബിപിഎസ് പ്രസിലേക്ക് സാധനങ്ങള്‍ കയറ്റിയതും ഇറക്കിയതുമെല്ലാം  മലയാളി കളക്ടറായ കണ്ണനായിരുന്നുവെന്ന് ഏറെ വൈകിയാണ്  അവിടെയുണ്ടായിരുന്ന പലരും മനസിലാക്കിയത്.

ക്യാമ്പുകള്‍ സന്ദര്‍ശിക്കാനായി കളക്ടര്‍ മുഹമ്മദ് വൈ സഫറുള്ളയും സബ് കളക്ടര്‍ പ്രജ്ഞാല്‍ പട്ടീലുമാണ് കണ്ണനെ അവിടെ കാണുന്നതും വിവരം മറ്റുള്ളവരോട് പറയുന്നതും.

ആളെ തിരിച്ചറിഞ്ഞ ശേഷം പലരും സെല്‍ഫി എടുക്കാനായി ചുറ്റും കൂടിയെങ്കിലും കളക്ടര്‍ അതെല്ലാം സ്‌നേഹപൂര്‍വ്വം നിരസിച്ചു. ആരുമറിയാതെ സേവനത്തിനായി ഇവിടെ എത്തിയ കളക്ടര്‍ ദാദ്ര നഗര്‍ ഹവേലിയ്ക്ക് തിരിച്ചുപോകുകയും ചെയ്തു.

കേന്ദ്രഭരണ പ്രദേശമായ ദാദ്രനഗർ ഹവേലിയിലെ കളക്ടറാണ് കണ്ണന്‍ ഗോപിനാഥന്‍‍.  സ്വന്തം നാട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ അവധിയെടുത്താണ് അദ്ദേഹം കേരളത്തിലെത്തിയത്.

കളക്ഷന്‍ സെന്‍ററിലെത്തിയ കണ്ണനോട് ക്യാമ്പ് കോ–ഓര്‍ഡിനേറ്റര്‍ പറഞ്ഞതാകട്ടെ ബാഗ് മാറ്റിവച്ചിട്ട് പണി തുടങ്ങാനും. അങ്ങനെ ഒന്നും മിണ്ടാതെ മറ്റ് യുവാക്കള്‍ക്കൊപ്പം കണ്ണനും കൂടി. സെപ്റ്റംബര്‍ ഒന്ന് മുതല്‍ എല്ലാ ജോലിയും ദുരിതബാധിതര്‍ക്കായി ചെയ്തു വരികയായിരുന്നു കോട്ടയം പുതുപ്പള്ളി സ്വദേശിയായ കണ്ണന്‍.

ഓരോ ദിവസവും ഓരോ ക്യാമ്പിലെത്തുന്ന കണ്ണന്‍  രാവിലെ മുതല്‍ വൈകിട്ട് വരെ അവിടെ പണിയെടുക്കുകയും രാത്രി സമീപ ലോഡ്ജുകളിലും മറ്റും കഴിച്ചു കൂട്ടുകയും ചെയ്യും.

ആദ്യ ദിവസം തന്നെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു ദാദ്ര- നഗര്‍ ഹവേലിയുടെ വകയായി ഒരു കോടി രൂപയുടെ ചെക്ക് കൈമാറിയത് കണ്ണനായിരുന്നു. എന്നാല്‍, പ്രളയബാധിത മേഖലകളിലേക്ക് പോകുമെന്ന് അറിയിച്ചിരുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us