കേരളത്തിൽ ഭീതി പടര്‍ത്തി എലിപ്പനി; ഞായറാഴ്ച മരിച്ചത് 10 പേര്‍

കോഴിക്കോട്: പ്രളയബാധിത പ്രദേശങ്ങളില്‍ ഭീതി പടര്‍ത്തി എലിപ്പനി വ്യാപകമാകുന്നു. എലിപ്പനി ബാധിച്ചെന്ന്‌ സംശയിക്കുന്ന 10 പേർകൂടി ഞായറാഴ്ച മരിച്ചു. ഇതിൽ ഒരാളുടെ മരണം എലിപ്പനിബാധ മൂലമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുപ്രകാരം ഓഗസ്റ്റ് 20 മുതൽ എലിപ്പനി ബാധിച്ച് 43 പേർ മരിച്ചു.

കോഴിക്കോട് മൂന്ന് പേരും, തൃശ്ശൂരില്‍ ഒരാളും, എറണാകുളത്ത് രണ്ടുപേരും, പാലക്കാട്ടും മലപ്പുറത്തും രണ്ടുപേരും എലിപ്പനി ബാധിച്ച് മരിച്ചു.

മലപ്പുറത്തു ചമ്രവട്ടം സ്വദേശി രാജന്‍റെ ഭാര്യ ശ്രീദേവിയും കാഞ്ഞിരമുക്ക് തൈവളപ്പിൽ ആദിത്യനുമാണ് മരിച്ചത്. തൃശ്ശൂരിൽ കൊടകര കോടാലി സ്വദേശി പീനാക്കൽ സിനേഷും, എറണാകുളത്ത് തമിഴ്‌നാട് സ്വദേശി രാജയും, പെരുമ്പാവൂർ ഐമുറി സ്വദേശി കുമാരിയും, പാലക്കാട്ട് പാലപ്പുറം പെരുങ്കുളം കൊടുങ്ങിയിൽ വീട്ടിൽ ബാലകൃഷ്ണനും, മുണ്ടൂർ എഴക്കാട് സ്വദേശിനി ചെമ്പക്കരവീട്ടിൽ നിർമല, കോഴിക്കോട് വില്യാപ്പള്ളി കുട്ടോത്ത് ഓലയാട്ട് താഴകുനിയിൽ ഒ.ടി.കെ. ഉജേഷ്, കണ്ണാടിക്കൽ നെച്ചുകുഴിയിൽ സുമേഷ്, കല്ലായിലെ രവി എന്നിവരാണ് ഞായറാഴ്ച മരിച്ചത്. ഇതിൽ ഉജേഷിന്‍റെ മരണം മാത്രമാണ് എലിപ്പനിമൂലമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്താകെ 33 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. 68 പേർക്ക് രോഗം ബാധിച്ചതായി സംശയിക്കുന്നു. വയനാട്ടിൽ ഒരാൾക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു. എല്ലാ ജില്ലകളിലും അതിജാഗ്രത നിര്‍ദ്ദേശിച്ചിട്ടുണ്ട്. എലിപ്പനി പടരുന്ന സാഹചര്യത്തിൽ ഒമ്പത് ജില്ലകളിൽകൂടി ആരോഗ്യവകുപ്പിന്‍റെ അതിജാഗ്രതാ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. നേരത്തേ തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

എലിപ്പനികൂടാതെ ഡെങ്കിപ്പനി, മലേറിയ, മഞ്ഞപ്പിത്തം, മെനിഞ്ചൈറ്റിസ്, വയറിളക്കം, ചിക്കൻപോക്‌സ് തുടങ്ങിയവയും പലയിടങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം കോഴിക്കോട്ട് എച്ച്1 എൻ1 മരണവും റിപ്പോർട്ട് ചെയ്തു. ഈ വർഷത്തെ ആദ്യ എച്ച്1 എൻ1 മരണമാണ് കോഴിക്കോട്ടേത്.

വെള്ളപ്പൊക്കത്തെത്തുടർന്ന് മലിനജലവുമായി ഏതെങ്കിലും രീതിയിൽ സമ്പർക്കമുണ്ടായവർ എലിപ്പനിസാധ്യത കണക്കിലെടുത്ത് പ്രതിരോധമരുന്ന് കഴിക്കണമെന്ന് ആരോഗ്യവകുപ്പ് ആവർത്തിച്ച് നിർദേശം നൽകി. എലിപ്പനി പ്രതിരോധ മരുന്നായ ‘ഡോക്സി സൈക്ലിൻ’ ഗുളികകൾ ആഴ്ചയിൽ രണ്ടെണ്ണം നിർബന്ധമായും കഴിക്കണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us