കേരളത്തില്‍ അതീവ ജാഗ്രത; ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി

തിരുവനന്തപുരം: കേരളത്തെ തകർത്തെറിഞ്ഞ് പേമാരിയും പ്രളയവും തുടരുകയാണ്. സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലര്‍ട്ട് തുടരുകയാണ്. മുഴുവന്‍ ജില്ലകളിലും കനത്ത മഴയും നാശനഷ്ടങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിൽ ഞായറാഴ്ച വരെ സംസ്ഥാനമൊട്ടാകെ അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഇന്നലേയും ഇന്നുമായി മാത്രം മരിച്ചത് 37 പേരാണ്.  അതീവ ഗുരുതര സാഹചര്യമാണെന്നാണ് സർക്കാരിന്‍റെ വിലയിരുത്തൽ. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റ് 16, 17 തീയതികളില്‍ അവധിയായിരിക്കും. കേരള, കാലിക്കറ്റ്, കണ്ണൂർ സർവ്വകലാശാലകള്‍ ഇന്ന് (ഓഗസ്റ്റ് 16) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.  കുസാറ്റ് അടുത്ത മൂന്ന് ദിവസത്തെ പരീക്ഷകള്‍ മാറ്റി. ആരോഗ്യ സർവകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു.

പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിൽ ഉള്ള അഫിലീയേറ്റഡ് കോളേജുകളിൽ ഇന്ന് നടത്താനിരുന്ന കോളേജ് യൂണിയൻ വോട്ടെടുപ്പും വോട്ടെണ്ണെലും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മുഴുവന്‍ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചത്. എല്ലാ യൂണിവേഴ്സിറ്റി പരീക്ഷകളും മാറ്റിവച്ചിരിക്കുകയാണ്.

പമ്പയിലെ വെള്ളപ്പൊക്കത്തെ തുടർന്ന് ആയിരക്കണക്കിന് പേർ ഒറ്റപ്പെട്ടതോടെ പത്തനംതിട്ടയിൽ സ്ഥിതി അതീവ ഗുരുതരമാണ്. ഇവരെ രക്ഷിക്കാൻ സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്. ഭക്ഷണവും വെളിച്ചവും ഇല്ലാത്ത അവസ്ഥയിലാണ് ജനം. ഇരുട്ടും ഒഴുക്കും രക്ഷാപ്രവർത്തകർക്ക് വലിയ വെല്ലുവിളി ആണ് ഉയർത്തുന്നത്. മഴ കനത്തതോടെ ട്രെയിന്‍ ഗതാഗതവും താറുമാറായി. പെരിയാറിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ആലുവ വഴിയുള്ള ട്രെയിൻ ഗതാഗതം നിർത്തിവച്ചു.

വടക്കൻ കേരളത്തിൽ മഴ ശക്തമായി തുടരുകയാണ്. തൃശൂർ, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഉരുൾപൊട്ടലുണ്ടായി. പെരിങ്ങൽക്കുത്ത് ഡാം നിറഞ്ഞതോടെ ചാലക്കുടിപ്പുഴയിലും ജലനിരപ്പുയർന്നു. വയനാടും മൂന്നാറും ഇപ്പോഴും ഒറ്റപ്പെട്ട സ്ഥിതിയാണ്. കേരളത്തില്‍ കനത്ത മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകള്‍ക്കാണ് മുന്നറിയിപ്പുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us