ബെംഗളൂരു :ഇന്ത്യയിലെ അടുത്ത കാലത്തെ തെരഞ്ഞെടുപ്പുകളിലെ എല്ലാം ശ്രദ്ധാകേന്ദ്രം പ്രധാനമന്ത്രിയായ നരേന്ദ്ര മോദി തന്നെയാണെന്ന് എതിരാളികളും സമ്മതിക്കും, അതേ സമയം മോദി മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമൊക്കെയായപ്പോൾ പ്രശസ്തനായത് മറ്റൊരു മലയാളി കൂടിയാണ്, നേരിട്ട് കണ്ടാൽ ഏകദേശം നരേന്ദ്ര മോദിയെ പോലെ തോന്നിക്കുന്ന എം പിരാമചന്ദ്രൻ.
വർഷങ്ങൾക്ക് മുൻപ് അദ്ദേഹം പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തു നിൽക്കുമ്പോഴാണ് ചിലർ അദ്ദേഹത്തിന്റെ ചിത്രമെടുത്തത്, തോളിൽ ബാഗും തൂക്കി റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്ന “മോദി” സോഷ്യൽ മീഡിയയിൽ തരംഗമാകുകയായിരുന്നു, അടുത്ത ദിവസം ബെംഗളൂരുവിൽ വന്നിറങ്ങിയപ്പോൾ ഒരു വലിയ സംഘം മാധ്യമങ്ങളാണ് അദ്ദേഹത്തെ വളഞ്ഞത്. എന്നാൽ ഇപ്പോൾ ബോക്സോഫീസിലും തരംഗമാകാൻ “രാമചന്ദ്ര-മോദി” എത്തുകയാണ്.
വിപ്ലവകരമായ നോട്ടു നിരോധനത്തെ അനുകൂലിച്ച് കൊണ്ട് കന്നടയിൽ നിർമ്മിക്കുന്ന “സ്റ്റേറ്റ്മെന്റ് 8/11” എന്ന ചിത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയായി എം പി രാമചന്ദ്രൻ വെള്ളിത്തിരയിലേക്ക് കാലെടുത്ത് വക്കുന്നു.
സോഷ്യൽ മീഡിയയിൽ തരംഗമായ ചിത്രം കണ്ട് സിനിമയുടെ നിർമ്മാതാവ് വേണുവും സംവിധായകൻ ആപ്പി പ്രദീപും ചേർന്ന് കണ്ണൂർ ജില്ലയിലെ ചെറുപുഴ പഞ്ചായത്തിലെ മേതിൽ എന്ന സ്ഥലത്തുള്ള വീട്ടിൽ പോയി നേരിട്ട് കണ്ട് ഡീൽ ഉറപ്പിക്കുകയായിരുന്നു. അവരുടെ കയ്യിൽ മുന്നേ തയ്യാറാക്കിയ കഥയും തിരക്കഥയും ഉണ്ടായിരുന്നു.
“ഏപ്രിൽ 27 ന് റിലീസ് ചെയ്യേണ്ടിയിരുന്ന ഈ ചിത്രം ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് മാറ്റി വക്കുകയായിരുന്നു, 500 ഉം 1000 ത്തിന്റെയും നോട്ടുകൾ പിൻവലിച്ച വാർത്ത പ്രധാനമന്ത്രി അറിയിക്കുന്ന രംഗത്തിൽ ആണ് സിനിമ തുടങ്ങുന്നത്, ആ തീരുമാനത്തെ നന്നാക്കിയോ മോശമാക്കിയോ പറയുന്നില്ല ഈ സിനിമ”
രാമചന്ദ്രൻ പറഞ്ഞു.
30 വർഷത്തോളം മുംബെയിലെ ഒരു സ്റ്റീൽ കമ്പനിയിൽ സ്റ്റെനോഗ്രാഫർ ആയി ജോലി ചെയ്തതിന് ശേഷം 10 വർഷം ഗൾഫിലും ജോലി ചെയ്ത് രണ്ട് ആൺമക്കളെ വളർത്തി ഒരാൾ മുംബെയിലും മറ്റൊരാൾ ബെംഗളൂരുവിലും സോഫ്റ്റ് വെയർ എഞ്ചിനീയർമാരായി ജോലി ചെയ്യുന്നു, ബെംഗളൂരുവിൽ മകന്റെ കൂടെയാണ് ഭാര്യ താമസിക്കുന്നത്.
51 വയസ്സിൽ സ്വയം വിരമിച്ച ശേഷം പുണ്യസ്ഥലങ്ങൾ സന്ദർശിക്കലും പുസ്തകവായനയുമൊക്കെയായി കഴിയുകയാണ് രാമചന്ദ്രൻ.നരേന്ദ്ര മോദി ഗുജറാത്ത്മുഖ്യമന്ത്രി ആയിരുന്ന സമയത്ത് ഋഷികേശിൽ വച്ച് കണ്ട തീർത്ഥാടകരാണ് ആദ്യം കൂടെ നിർത്തി ഫോട്ടോ എടുത്തത്, പിന്നീട് നാട്ടിലെത്തിയപ്പോൾ നാട്ടുകാർ മോദി എന്നും കുട്ടികൾ മോദിയങ്കിൾ എന്നും വിളിച്ച് തുടങ്ങി.
പ്രധാനമന്ത്രിയോടുള്ള ബഹുമാനം കൊണ്ടാണ് സിനിമയിൽ അഭിനയിച്ചത്,സിനിമയിൽ അവസരം ലഭിച്ചു എന്നത് കൊണ്ട് രാഷ്ട്രീയത്തിലേക്കോ രാഷ്ട്രീയ പ്രചരണത്തിന് പോകാനോ താൽപര്യമില്ല, അതെല്ലാം യഥാർത്ഥ മോദി ചെയ്യട്ടെ എന്നാണ് എം പി രാമചന്ദ്രന്റെ അഭിപ്രായം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.