കൊച്ചി: ചിലരുടെ രാഷ്ട്രീയ താൽപര്യമാണു മോഹൻലാലിനെതിരായ ഭീമഹർജിക്കു കാരണമെന്നു ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. മോഹൻലാലിനെ ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങിലേക്കു വിളിക്കാൻ തീരുമാനിച്ചാൽ ഒപ്പം നിൽക്കും. തീരുമാനമെടുക്കേണ്ടതു മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരുമാണെന്നും കമൽ പറഞ്ഞു.
അതേസമയം, മോഹൻലാലിനെതിരായ ഹർജിയിൽ താൻ ഒപ്പിട്ടിട്ടില്ലെന്ന് നടൻ പ്രകാശ് രാജ് വെളിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് തന്നെ ആരും വിളിച്ചിട്ടില്ലെന്നും ഒന്നും അറിഞ്ഞിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഹർജി നൽകിയവർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഒപ്പിട്ടവരുടേതായി ആദ്യം കാണിച്ചിരിക്കുന്ന പേരുകാരിൽ ഒരാൾ പ്രകാശ് രാജ് ആയിരുന്നു. ഇതിനിടെ, പുരസ്കാരവിതരണ ചടങ്ങിലേക്കു സംസ്ഥാന സർക്കാരിന്റെ ക്ഷണം കിട്ടിയിട്ടില്ലെന്നു മോഹൻലാൽ വ്യക്തമാക്കി. അറിയാത്ത കാര്യത്തെക്കുറിച്ച് എങ്ങിനെയാണു അഭിപ്രായം പറയുകയെന്നായിരുന്നു വിവാദങ്ങളോടുള്ള ലാലിന്റെ പ്രതികരണം.
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിക്കുന്ന ചടങ്ങിൽ മോഹൻലാലിനെ മുഖ്യാതിഥിയാക്കുന്നതിനെതിരെ ചലച്ചിത്ര, സാംസ്കാരിക, സാഹിത്യ രംഗങ്ങളിൽ പ്രവർത്തിക്കുന്ന 107 പേർ ഒപ്പിട്ട നിവേദനമാണു തിങ്കളാഴ്ച മുഖ്യമന്ത്രിക്കു നൽകിയത്. തിരുവനന്തപുരത്ത് ഓഗസ്റ്റ് എട്ടിനു നടക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയായി മോഹൻലാലിനെ ക്ഷണിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പേരു പറയാതെ എതിർപ്പുമായി ഒരു സംഘം രംഗത്തെത്തിയത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട നടൻ ദിലീപിനെ താരസംഘടന ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളാണു മോഹൻലാലിനെതിരായ പ്രതിഷേധത്തിനു പിന്നിൽ.
എഴുത്തുകാരായ എൻ.എസ്.മാധവൻ, സച്ചിദാനന്ദൻ, കെ.ജി.ശങ്കരപ്പിള്ള, സേതു, എം.എൻ.കാരശേരി, സി.വി.ബാലകൃഷ്ണൻ, വി.ആർ.സുധീഷ്, സുസ്മേഷ് ചന്ദ്രോത്ത്, കെ.ഇ.എൻ.കുഞ്ഞഹമ്മദ്, സിനിമാ മേഖലയിൽനിന്നു പ്രകാശ് രാജ്, രാജീവ് രവി, എം.ജെ.രാധാകൃഷ്ണൻ, പ്രിയനന്ദനൻ, സിദ്ധാർഥ് ശിവ, ഡോ. ബിജു, സനൽകുമാർ ശശിധരൻ, പ്രകാശ് ബാരെ, ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ, സജിത മഠത്തിൽ തുടങ്ങിയവരാണു നിവേദനത്തിൽ ഒപ്പിട്ടിട്ടുള്ളതായി വാർത്താകുറിപ്പിൽ പറഞ്ഞിരുന്നത്. വൈസ് ചെയർപഴ്സൻ ബീന പോൾ ഉൾപ്പെടെ ചലച്ചിത്ര അക്കാദമി ഭാരവാഹികൾ ചിലരും നിവേദനത്തിൽ ഒപ്പുവച്ചതോടെ വിഷയത്തിൽ അക്കാദമിയിലെ ഭിന്നത പുറത്തുവന്നിരുന്നു.