ബെംഗളൂരു: ന്യൂഡൽഹി–ബെംഗളൂരു കർണാടക എക്സ്പ്രസ് ട്രെയിൻ (12628) പാളം തെറ്റി. ഇന്നലെ വൈകിട്ട് 5.20നു ചന്നസന്ദ്രയിൽ എത്തിയപ്പോഴാണ് എൻജിന്റെ മുൻചക്രം പാളത്തിൽനിന്നു പുറത്തുപോയത്.
ആളപായം ഉണ്ടായില്ലെന്നും ലോകോ പൈലറ്റിന്റെ സമയോചിത ഇടപെടലിനെ തുടർന്നാണു യാത്രക്കാരുടെ ബോഗികൾ പാളം തെറ്റാതിരുന്നതെന്നും റെയിൽവേ അറിയിച്ചു.മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
രണ്ടുമണിക്കൂർ പരിശ്രമത്തിനു ശേഷമാണ് എൻജിൻ പാളത്തിലേക്കു തിരികെ കയറ്റിയത്. അപകട കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഡിജിഎം അറിയിച്ചു.
ട്രെയിൻ പാളംതെറ്റിയതിനെ തുടർന്നു ബെംഗളൂരുവിൽ നിന്നുള്ള ട്രെയിൻ സർവീസുകൾ രണ്ടു മണിക്കൂറോളം സ്തംഭിച്ചു. വൈകിട്ട് അഞ്ചിനു പുറപ്പെടേണ്ടിയിരുന്ന ബെംഗളൂരു–കൊച്ചുവേളി എക്സ്പ്രസ് ഏഴിനാണ് പുറപ്പെട്ടത്.