‘കര്‍ഷര്‍ക്ക് വേണ്ടിയും അവരുടെ കടങ്ങള്‍ എഴുതിത്തള്ളാനും മുഖ്യമന്ത്രി പദം ആഗ്രഹിച്ച വ്യക്തിയാണ് ഞാന്‍’ പൊട്ടിക്കരഞ്ഞ് കുമാരസ്വാമി.

ബെംഗളൂരു: ബെംഗളൂരുവില്‍ സംഘടിപ്പിച്ച പാര്‍ട്ടി ചടങ്ങിനിടെ പൊട്ടിക്കരഞ്ഞ് കര്‍ണാടക മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമി. ‘നിങ്ങളുടെ സഹോദരന്‍ മുഖ്യമന്ത്രിയായതില്‍ നിങ്ങള്‍ സന്തോഷിക്കുന്നുണ്ടാകും. എന്നാല്‍ ഞാന്‍ അത്ര സന്തോഷവാനല്ല. എല്ലാ വേദനയോടും കൂടിയാണ് ഞാന്‍ ജീവിക്കുന്നത്. വേദനകളെ ഞാന്‍ സ്വീകരിക്കുകയാണ്’. പൊട്ടിക്കരഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയായതിന് പിന്നാലെ വലിയ സമ്മര്‍ദ്ദത്തിലാണ് മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി കസേരയെന്നത് നിങ്ങള്‍ കരുതുന്നപോലെ പട്ടുമെത്തയല്ലെന്നും മറിച്ച് മുള്ളുകിടക്കയാണെന്നും കുമാരസ്വാമി പറഞ്ഞു.

‘കോണ്‍ഗ്രസുമായി സഹകരിച്ച് മികച്ച രീതിയില്‍ തന്നെയാണ് ഈ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. എനിക്ക് മേല്‍ വലിയ സമ്മര്‍ദ്ദം വന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ രാജിവെക്കാന്‍ എനിക്ക് ഒട്ടും മടിയുണ്ടാകില്ല. അധികാരത്തോട് ആര്‍ത്തിയുള്ള ആളല്ല. കര്‍ഷര്‍ക്ക് വേണ്ടിയും അവരുടെ കടങ്ങള്‍ എഴുതിത്തള്ളാനും വേണ്ടി മാത്രം മുഖ്യമന്ത്രി പദം ആഗ്രഹിച്ച വ്യക്തിയാണ് ഞാന്‍’. കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.

എന്‍റെ പ്രസംഗം കേള്‍ക്കാന്‍ വലിയ ആള്‍ക്കൂട്ടമാണ് ഉണ്ടായിരുന്നത്. എന്നാല്‍ വോട്ട് ചെയ്യേണ്ട സമയത്ത് അവര്‍ എന്നേയും പാര്‍ട്ടിയേയും മറന്നു. ജനവിധിയെ ഞാന്‍ കുറ്റപ്പെടുത്തുകയല്ല. കുമാരസ്വാമി വ്യക്തമാക്കി.

താന്‍ ഹൃദയ സംബന്ധമായ രണ്ട് സര്‍ജറികള്‍ കഴിഞ്ഞ ആളാണെന്നും എന്നിട്ടും യാതൊരു വിശ്രമവും കൂടാതെ തന്നെയാണ് ജോലി ചെയ്യുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

‘മംഗളൂരുവിലെ സ്ത്രീമത്സ്യത്തൊഴിലാളികള്‍ ‘കുമാരസ്വാമി ഞങ്ങളുടെ മുഖ്യമന്ത്രിയല്ല’ എന്നൊരു കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. ഞാന്‍ നിങ്ങളുടെ അടുത്ത് വരും. നിങ്ങളുമായി സംസാരിക്കും. എനിക്ക് എവിടെയാണ് തെറ്റുപറ്റിയതെന്ന് നിങ്ങള്‍ പറഞ്ഞുതരണം. നിങ്ങള്‍ക്ക് എന്നെ പിന്തുണയ്ക്കാം പിന്തുണയ്ക്കാതിരിക്കാം. പ്രകൃതിയായ അമ്മ എനിക്കൊപ്പമുണ്ട്. ചാമുണ്ഡേശ്വരി ദേവി എന്നെ സംരക്ഷിക്കും. എനിക്ക് അധികാരം തന്ന ദൈവം അത് എപ്പോള്‍ തട്ടിക്കളഞ്ഞാലും എനിക്ക് വിഷമമില്ല’. കുമാരസ്വാമി പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us