ദക്ഷിണ കന്നഡ, ചിക്കമഗളൂരു ജില്ലകളെ ബന്ധിപ്പിക്കുന്ന പാതയിലെ ചാർമാഡി ചുരത്തിൽ മണ്ണിടിഞ്ഞതു കാരണം ഗതാഗതം തടസ്സപ്പെട്ടു. നൂറുകണക്കിനു വാഹനങ്ങൾ പാതയിൽ കുടുങ്ങി.

ബൽത്തങ്ങാടി : ദക്ഷിണ കന്നഡ, ചിക്കമഗളൂരു ജില്ലകളെ ബന്ധിപ്പിക്കുന്ന പാതയിലെ ചാർമാഡി ചുരത്തിൽ മണ്ണിടിഞ്ഞതു കാരണം ഗതാഗതം തടസ്സപ്പെട്ടു. നൂറുകണക്കിനു വാഹനങ്ങൾ പാതയിൽ കുടുങ്ങി. വാഹനയാത്രികരായ ആയിരങ്ങളാണു മണിക്കൂറുകളോളം പാതയിൽ കുടുങ്ങിയത്. വീതികൂട്ടലിനായി മംഗളൂരു – ബെംഗളൂരു ദേശീയപാതയിലെ ഷിരാഡി ചുരം മേഖല അടച്ചതുമുതൽ ചാർമാഡി ചുരം പാതയാണു കൂടുതൽ വാഹനയാത്രികരും തിരഞ്ഞെടുത്തിരുന്നത്. തിങ്കളാഴ്ച രാത്രിയാണു പാതയിൽ വിവിധ സ്ഥലങ്ങളിൽ മണ്ണിടിഞ്ഞത്. വൻ മരങ്ങളും മണ്ണും കല്ലും ഉൾപ്പെടെ ഇടിഞ്ഞു പാതയിലേക്കു വീഴുകയായിരുന്നു.

ചിലയിടത്തു മരങ്ങൾ കടപുഴകി റോഡിലേക്കു വീണു. വാഹനങ്ങൾക്കു മുകളിലും മരച്ചില്ലകൾ പതിച്ചു. ഇതുമൂലം തിങ്കളാഴ്ച രാത്രിമുതൽ ചാർമാഡി ചുരം പൂർണമായി തടസ്സപ്പെട്ടു. ഇടുങ്ങിയ പാതയിൽ മുന്നോട്ടും പിന്നോട്ടും പോകാനാവാതെ നൂറുകണക്കിനു വാഹനങ്ങളാണ് അകപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും വയോധികരും രോഗികളും ഉൾപ്പെടെ ആയിരങ്ങളാണു വെള്ളവും ആഹാരവും ഇല്ലാതെ ദുരിതത്തിലായത്. കിലോമീറ്ററുകളോളം വാഹനങ്ങളുടെ നിര നീണ്ടു. ദക്ഷിണ കന്നഡ, ചിക്കമഗളൂരു ജില്ലാ ഭരണകൂടങ്ങളും പൊലീസും ജനപ്രതിനിധികളും മറ്റും സ്ഥലത്തെത്തി മണ്ണു നീക്കുന്ന ജോലികൾ ആരംഭിച്ചു.

മണ്ണുമാന്തി യന്ത്രവും മറ്റും ഉപയോഗിച്ചാണ് മലയിടിഞ്ഞു റോഡിൽ പതിച്ച മണ്ണും കല്ലും മരങ്ങളും മറ്റും നീക്കംചെയ്തത്. ഇന്നലെ ഉച്ചതിരിഞ്ഞു മൂന്നുമണിയോടെയാണ് ഒരു വശത്തുകൂടി വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങിയത്. കൂടുതൽ മണ്ണിടിയാൻ സാധ്യതയുള്ളതുകൊണ്ടും അറ്റകുറ്റപ്പണികൾക്കായും രണ്ടു ദിവസത്തേക്കു ചാർമാഡി പാതയിൽ ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഷിരാഡി ചുരം അടച്ചപ്പോൾ ബെംഗളൂരുവുമായി ബന്ധിപ്പിക്കുന്നതിനു വാഹന ഗതാഗതത്തിനു നിർദേശിച്ച പാതകളിലൊന്നാണ് ദക്ഷിണ കന്നഡ, ചിക്കമഗളൂരു ജില്ലകളെ ബന്ധിപ്പിക്കുന്ന പാതയിലെ ചാർമാഡി ചുരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us