ബെംഗളൂരു: ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശത്തെ തുടർന്ന് ഔട്ടർറിങ് റോഡിലെ എംബസി ടെക് വില്ലേജിലെ ജീവനക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. മലയാളികൾ ഉൾപ്പെടെ ഏഴായിരത്തിലധികം ഐടി–ഇതര ജീവനക്കാരെയാണ് മിനിറ്റുകൾ കൊണ്ട് കെട്ടിടങ്ങൾക്കു പുറത്തെത്തിച്ചത്. വില്ലേജിലെ ബഹുരാഷ്ട്ര ഐടി സ്ഥാപനമായ സിസ്കോയിൽ ഉച്ചയ്ക്ക് ഒന്നിനാണ് ഇന്റർനെറ്റ് വഴി ഭീഷണി എത്തിയത്.
ഓഫിസ് പരിസരത്ത് ബോംബ് വച്ചിട്ടുണ്ടെന്നും 10 മിനിറ്റിനുള്ളിൽ പൊട്ടുമെന്നും വിളിച്ചയാൾ ഹിന്ദിയിൽ പറഞ്ഞതായാണ് വിവരം. വിവരമറിഞ്ഞെത്തിയ പൊലീസ് ജീവനക്കാരെ ഉടനടി വില്ലേജിൽ നിന്നൊഴിപ്പിച്ചു. ഓഫിസിലെ ഇന്റേണൽ മെയിൽ വഴി സന്ദേശമയച്ചാണ് ഭൂരിഭാഗം ജീവനക്കാരെയും വിവരം അറിയിച്ചത്. തുടർന്നു ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തി.
രണ്ടുമണിക്കൂർ പരിശോധനയ്ക്കു ശേഷം സംശയാസ്പദമായി ഒന്നും കണ്ടെത്താനാകാതെ വന്നതോടെയാണ് ബോംബ് ഭീഷണി വ്യാജമാണെന്നു സ്ഥിരീകരിച്ചത്. ഫോൺ വിളിച്ചയാളെ സൈബർ ക്രൈം വിദഗ്ധരുടെ സഹായത്തോടെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നു ഡിസിപി അബ്ദുൾ അഹാദ് പറഞ്ഞു. സിസ്കോ, സോണി, വെൽസ് ഫാർഗോ തുടങ്ങി ഒട്ടേറെ ബഹുരാഷ്ട്ര കമ്പനികൾ എംബസി ടെക് വില്ലേജിൽ പ്രവർത്തിക്കുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.