ബെംഗളൂരു : കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി യുഎസിൽ നിന്നു മടങ്ങിയെത്തും വരെ മന്ത്രിസഭാ വികസനത്തിനു സാധ്യതയില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ. ജൂൺ ആദ്യവാരത്തോടെയെ മന്ത്രിസഭ സംബന്ധിച്ചുള്ള ചിത്രം വ്യക്തമാകൂ. കോൺഗ്രസ് കൈവശം വയ്ക്കുന്ന വകുപ്പുകളെ കുറിച്ച് രാഹുലുമായി ചർച്ച ചെയ്യാൻ അവസരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം മടങ്ങി വന്നതിനു ശേഷമേ തുടർനടപടികൾ ഉണ്ടാകുവെന്നും കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് സിദ്ധരാമയ്യ വ്യക്തമാക്കി. അഭിപ്രായ ഭിന്നത ഉടൻ പരിഹരിക്കും: മുഖ്യമന്ത്രി കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദിന്റെ ഡൽഹിയിലെ വസതിയിൽ മുഖ്യമന്ത്രി കുമാരസ്വാമിയുടെയും ഉപമുഖ്യമന്ത്രി ജി. പരമേശ്വരയുടെയും സിദ്ധരാമയ്യയുടെയും നേതൃത്വത്തിൽ കോൺഗ്രസ്-ദൾ നേതാക്കൾ ഇന്നലെ യോഗം ചേർന്നു.
വകുപ്പു വിഭജനം സംബന്ധിച്ച് നിലനിൽക്കുന്ന അഭിപ്രായ ഭിന്നതകൾ അടുത്ത ദിവസങ്ങളിൽ പരിഹരിക്കുമെന്ന് യോഗത്തിനു ശേഷം കുമാരസ്വാമി പറഞ്ഞു. ഇന്നലെ വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുമാരസ്വാമി സന്ദർശിച്ചു. സഖ്യത്തിന്റെ ആദ്യദിനങ്ങളിൽ ഇത്തരം അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണ്. സഖ്യസർക്കാരിന്റെ സുഗമമായ പ്രവർത്തനം ഉറപ്പുവരുത്താൻ ഏകോപന സമിതി രൂപീകരിക്കും. ദളിൽ കുമാരസ്വാമി ഉൾപ്പെടെ 12 പേർക്ക് മന്ത്രിസഭയിൽ അവസരം ലഭിക്കും. കോൺഗ്രസിന് 22 മന്ത്രി സ്ഥാനങ്ങൾ നൽകുമെന്നാണ് നിലവിലെ ധാരണ.
ചില വകുപ്പുകൾ സംബന്ധിച്ച് അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. മുഖ്യമന്ത്രിമാർ കൈവശംവച്ചിരുന്ന ധനവകുപ്പ് ഇക്കുറി കുമാരസ്വാമിക്കു നൽകുന്നതിൽ കോൺഗ്രസിന് എതിർപ്പുണ്ട്. വിവിധ വകുപ്പുകളുടെ ഫണ്ടിങ് സുഗമമാക്കുന്നതിന് ധനവകുപ്പ് കൈവശം വയ്ക്കുന്നതിനായി ഇരു കക്ഷികളും കർക്കശ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ധനവകുപ്പിനു പുറമെ പൊതുമരാമത്ത്, ജലവിഭവം, ഊർജ വകുപ്പുകൾക്കു വേണ്ടിയും തർക്കമുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.