ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പ്രകോപനമില്ലാതെ ഷെല്ലാക്രമണവും വെടിവയ്പും തുടരുന്ന പാകിസ്ഥാന് ചുട്ട മറുപടി ഇന്ത്യ നല്‍കിയതോടെ ഗത്യന്തരമില്ലാതെ ആക്രമണം നിറുത്തണമെന്ന് പാകിസ്ഥാന്‍ ഇന്ത്യയോട് അപേക്ഷിച്ചതായി അതിര്‍ത്തി രക്ഷാ സേന (ബി.എസ്.എഫ്) വ്യക്തമാക്കി. കാശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് കഴിഞ്ഞ മൂന്ന് ദിവസമായി പാകിസ്ഥാന്‍ അകാരണമായി ആക്രമണം നടത്തി വന്നത്.
അന്താരാഷ്ട്ര മേഖലയില്‍ ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശം കാക്കുന്നത് പാകിസ്ഥാന്‍റെ അര്‍ദ്ധസൈനിക വിഭാഗമാണ്. യാതൊരു പ്രകോപനവും ഇല്ലാതെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ വെടിയുതിര്‍ക്കുക സര്‍വസാധാരണമാണ്. ഇന്ത്യ ശക്തമായി തിരിച്ചടിക്കുമ്പോള്‍ പാകിസ്ഥാന്‍ പിന്മാറാറാണ് പതിവ്.
യാതൊരു പ്രകോപനവും കൂടാതെയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. രണ്ട് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.ഇതിന് ശക്തമായ തിരിച്ചടിയാണ് ബിഎസ്എഫ് അതിര്‍ത്തിരേഖയില്‍ നല്കിയത്. ഒരു സൈനിക പോസ്റ്റടക്കം ഇന്ത്യ തകര്‍ത്തു. ഏറ്റുമുട്ടലില്‍ ഒരു പാക് സൈനികന്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ജമ്മുവിലുള്ള ബിഎസ്എഫ് യൂണിറ്റുമായി പാക് സൈന്യം ബന്ധപ്പെടുകയും ആക്രമണം അവസാനിപ്പിക്കണമെന്ന് അപേക്ഷിക്കുകയുമായിരുന്നു.
ഇന്ത്യയുടെ പ്രത്യാക്രമണം രൂക്ഷമായതോടെയാണ് വെടി നിറുത്തണമെന്ന അപേക്ഷയുമായി പാകിസ്ഥാന്‍ എത്തിയത്. പാകിസ്ഥാന്‍റെ സൈനിക മേഖലയിലേക്ക് ഇന്ത്യ റോക്കറ്റ് പായിക്കുന്നതും സ്‌ഫോടനത്തില്‍ ബങ്കര്‍ തകരുന്നതിന്‍റെയും 19 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യങ്ങള്‍ ബി.എസ്.എഫ് പുറത്ത് വിട്ടിരുന്നു.
#WATCH: BSF troops on the western borders, bust a bunker across international boundary on May 19. #JammuAndKashmir (Source: BSF) pic.twitter.com/MaecGPf7g3
— ANI (@ANI) May 20, 2018
ജമ്മുവില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള അഖിനൂര്‍ മേഖലയിലെ തന്ത്രപ്രധാനമായ ‘ചിക്കന്‍ നെക്ക്’ പ്രദേശത്തെ ലക്ഷ്യമാക്കിയായിരുന്നു ബി.എസ്.എഫിന്‍റെ റോക്കാറ്റാക്രമണം. ഈ മേഖലയിലെ മൂന്ന് വശങ്ങളും പാകിസ്ഥാന്‍ സൈന്യത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നതാണ്. ഇന്‍ഫ്രാറെഡ് ക്യാമറയുടെ സഹായത്തോടെയാണ് ഈ ആക്രമണ ദൃശ്യം ചിത്രീകരിച്ചത്.
വിളവെടുപ്പ് സമയം കഴിഞ്ഞതിനാല്‍ പാകിസ്ഥാന്‍ ആക്രമണങ്ങള്‍ക്ക് മുതിരാറുണ്ടെന്ന് ബി.എസ്.എഫ് ഐ.ജി ജനറല്‍ രാം അവ്തര്‍ പറഞ്ഞു. ഇപ്പോള്‍ സീസണ്‍ കഴിഞ്ഞിരിക്കുകയാണ്. അതാണ് അവര്‍ ആക്രമണം തുടങ്ങിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മൂന്ന് ദിവസമായി അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തുന്ന ആക്രമണത്തില്‍ ജവാന്‍ ഉള്‍പ്പെടെ അഞ്ച്പേര്‍ മരണമടഞ്ഞിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.