ബെംഗളൂരു : പെരുമാറ്റച്ചട്ടം നിലവിൽവന്ന ശേഷം ആദായ നികുതി ഉദ്യോഗസ്ഥർ പിടിച്ചെടുത്തതു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേതിനേക്കാൾ ആറിരട്ടി പണം. ഈ മാസം 10 വരെ സംസ്ഥാനത്തു പലയിടങ്ങളിലായി നടത്തിയ റെയ്ഡിൽ കണക്കിൽപെടാത്ത 31.5 കോടി രൂപയും കൃത്യമായ രേഖകളില്ലാത്ത 5.83 കോടിയുടെ സ്വർണാഭരണങ്ങളുമാണ് പിടിച്ചെടുത്തത്. 2013 നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതു യഥാക്രമം 4.97 കോടി രൂപയും 3.41കോടി രൂപയുടേതുമായിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആദായനികുതി റെയ്ഡിൽ പിടികൂടിയ കണക്കു മാത്രമാണിത്.
ഇതിനു പുറമെ തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡും പൊലീസും എക്സൈസ് വകുപ്പുമെല്ലാം ചേർന്ന് ഇന്നലെ വരെ 166 കോടി രൂപയുടെ വസ്തുവകകളാണ് പിടികൂടിയത്. ചട്ടലംഘനവുമായി ബന്ധപ്പെട്ട് ഇതുവരെ 1229 കേസും റജിസ്റ്റർ ചെയ്തതായി ഡിജിപി നീലമണി എൻ.രാജു പറഞ്ഞു.പണം, സ്വർണം, വീട്ടുപകരണങ്ങൾ, സാരി, ടി–ഷർട്ട്, ലാപ്ടോപ്, മദ്യം എന്നിവയെല്ലാം നൽകി വോട്ടർമാരെ കയ്യിലെടുക്കാൻ വ്യാപകശ്രമം നടന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.
ഫ്ലയിങ് സ്ക്വാഡും പൊലീസും ചേർന്ന് 55 കോടി രൂപയും 32 കോടിയുടെ സ്വർണവും 18 കോടിയുടെ മറ്റു വസ്തുക്കളും പിടികൂടി. എക്സൈസ് വകുപ്പ് 24 കോടി രൂപയുടെ മദ്യമാണ് പിടിച്ചെടുത്തത്. ലൈസൻസ് ലംഘനം ഉൾപ്പെടെ അയ്യായിരത്തോളം കേസും റജിസ്റ്റർ ചെയ്തു.ആറു കോടിയോളം രൂപയുടെ വാഹനങ്ങളും വിവിധ കേസുകളിലായി പിടികൂടി.വോട്ടർ കാർഡ് വിവാദത്തിനു പുറമെ, 5018 ടീഷർട്ടുകളും 23,393 ഷോർട്സും പിടിച്ചെടുത്ത സംഭവത്തിൽ രാജരാജേശ്വരി നഗർ കോൺഗ്രസ് സ്ഥാനാർഥി മുനിരത്നയ്ക്ക് എതിരെ മറ്റൊരു കേസും റജിസ്റ്റർ ചെയ്തിട്ടുണ്ട്.