മൈസൂരു: മൈസൂർ വൃന്ദാവൻ ഗാർഡനിൽ മരം കടപുഴകി വീണ് മരിച്ച തളിപ്പറമ്പ് സ്വദേശി കെ.വി വിനോദ് ‘കാറ്റാടി തണലിൽ’ എന്ന കൂട്ടായ്മയുടെ പ്രധാന പ്രവർത്തകനാണ്. പട്ടുവം ഗവൺമെന്റ് ഹൈസ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ രൂപീകരിച്ച ഈ സംഘടനയുടെ അംഗങ്ങൾ ഇത്തരം വിനോദ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. അങ്ങിനെയായിരുന്നു 28 അംഗസംഘം തളിപ്പറമ്പിൽ നിന്നും മൈസൂരുവിലേക്ക് പോയത്.
ഇന്നലെ വൈകീട്ട് വൃന്ദാവൻ ഗാർഡനിൽ ഷോ നടക്കുന്നതിനിടെയാണ് പെട്ടെന്ന് ശ്ക്തമായ കാറ്റും മഴയും വന്നത്. ഓടി രക്ഷപ്പെടാൻ ശ്രമിക്കവേയാണ് തളിപ്പറമ്പ് സ്വദേശി കെ.വി. വിനോദും (42) പാലക്കാട് സ്വദേശി ഹിലാലും മരിച്ചത്. രാജശേഖർ എന്ന മറുനാട്ടുകാരനും സംഭവത്തിൽ മരണം സംഭവിച്ചു.
ഇന്നലെ രാത്രി തന്നെ പട്ടുവത്തു നിന്നും വിനോദിന്റെ ബന്ധുക്കളും സുഹൃത്തുകളും മൈസൂരുവിലേക്ക് പോയിട്ടുണ്ട്. അവിടെ നിന്നും പോസ്ററുമോർട്ടത്തിനു ശേഷം നാട്ടിലെത്തിക്കുന്ന മൃതദേഹം രാത്രിയോടെ കാവുങ്കൽ പൊതു സ്മശാനത്തിൽ സംസ്ക്കരിക്കും. രാത്രി 7 മണി കഴിഞ്ഞാണ് മൈസുരുവിൽ കനത്ത മഴ തുടങ്ങിയത്.
പരേതനായ കുഞ്ഞമ്പുവിന്റേയും സരസ്വതിയുടേയും മകനായ വിനോദ് അവിവാഹിതനാണ്. ദിനേശൻ, സുരേഷ്, ഉമേഷ,് അനിത എന്നിവരാണ് സഹോദരങ്ങൾ.