ബെംഗളൂരു : കോൺഗ്രസിനു വേണ്ടി പ്രചാരണം നടത്താൻ മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നാലിനെത്തും. രാവിലെ ഒൻപതിന് ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം ദാസറഹള്ളി മണ്ഡലത്തിൽ ഉൾപ്പെടുന്ന ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിൽ നിന്നാണ് പ്രചാരണം ആരംഭിക്കുക. രാവിലെ 11ന് യശ്വന്തപുര റെയിൽവേ സ്റ്റേഷനിൽ രാജരാജേശ്വരി നഗറിലെ കോൺഗ്രസ് സ്ഥാനാർഥി മുനിരത്നയ്ക്കു വേണ്ടി പ്രചാരണം നടത്തും. തുടർന്ന് ഉച്ചയ്ക്ക് ഒന്നിന് കർണാടക പിസിസി ആസ്ഥാനത്ത് പത്രസമ്മേളനം. രണ്ടിന് എൻ.എ ഹാരിസ് മൽസരിക്കുന്ന ശാന്തിനഗർ മണ്ഡലത്തിൽ പര്യടനം നടത്തും.
വൈകിട്ട് 4.30ന് ഇന്ദിരാനഗർ ഇസിഎ ഹാളിൽ, മേയർ സമ്പത്ത് രാജ് മൽസരിക്കുന്ന സിവി രാമൻ നഗർ മണ്ഡല യോഗത്തിൽ പങ്കെടുക്കും. 6.30ന് സമീർ അഹമ്മദ് ഖാനു വേണ്ടി ചാമരാജ്പേട്ടിൽ പ്രചാരണം നടത്തും. അഞ്ചിന് രാവിലെ 9.30ന് ബയട്രായനപുരയിൽ മന്ത്രി കൃഷ്ണബൈരെ ഗൗഡയ്ക്കായി പ്രചാരണം. 10.30ന് ബയരട്ടി സുരേഷ് മൽസരിക്കുന്ന ഹെബ്ബാൾ മണ്ഡലത്തിലെ എജി ബഥേൽ പള്ളി സന്ദർശനം. 12ന് കെആർ പുരത്ത് ബയരട്ടി ബസവരാജിനായി പ്രചാരണം.
ഉച്ചയ്ക്ക് രണ്ടിന് സർവജ്ഞനഗറിൽ മന്ത്രി കെ.ജെ ജോർജിനു വേണ്ടി പ്രസംഗിക്കും. വൈകിട്ട് നാലിന് ജയനഗറിൽ, ബിടിഎം ലേഒൗട്ട് സ്ഥാനാർഥിയും മന്ത്രിയുമായ രാമലിംഗ റെഡ്ഡിക്കും മകൾ സൗമ്യയ്ക്കും വേണ്ടി പ്രചാരണ കൺവൻഷൻ. ആറിന് ബൊമ്മനഹള്ളിയിൽ സുഷമാ രാജഗോപാൽ റെഡ്ഡിക്കായുള്ള റോഡ് ഷോയിലും ഉമ്മൻ ചാണ്ടി പങ്കെടുക്കും.