കേരളം കഴിഞ്ഞാൽ ചിലപ്പോൾ ഏറ്റവും കൂടുതൽ മലയാളികൾ ജീവിക്കുന്ന സ്ഥലമായിരിക്കും ബെംഗളൂരു നഗരം, എന്തായാലും 10 ലക്ഷം മുതൽ 15 ലക്ഷം വരെ മലയാളികൾ ഇവിടെ ഉണ്ട് എന്നതാണ് അനൗദ്യോഗിക കണക്ക്.
കന്നഡ സംസ്കാരവുമായും ഭാഷയുമായും ഇത്രയധികം ഇഴുകിച്ചേർന്ന് ജീവിക്കുന്ന മറ്റൊരു ജനസമൂഹമുണ്ടെന്ന് കരുതാൻ വയ്യ. അതേ സമയം സംഘടിച്ച് പരസ്പര സഹായത്തോടെ ജീവിക്കുന്ന കാര്യത്തിൽ മറ്റ് പല ഭാഷാ സമൂഹത്തിനും ഒരു മാതൃക തന്നെയാണ് മലയാളികൾ എന്ന് പറയുന്നതിലും സംശയം തെല്ലുമില്ല.
10-15 ഓളം പ്രധാന ഫേസ്ബുക്ക് ഗ്രൂപ്പുകളിലുടെ യുവ തലമുറ “വിർച്ച്വൽ ” സംഘടനകൾ രൂപീകരിച്ച പ്രവർത്തിക്കുന്നതോടൊപ്പം തന്നെ.
കേരള സമാജത്തിന്റെ വ്യത്യസ്ഥ ഇടങ്ങളിലുള്ള കൂട്ടായ്മകൾ സുവർണ കർണാടക കേരള സമാജം പോലുള്ള സംഘടനകൾ കെ എൻ എസ് എസ് ,കെ എം സി സി മറ്റ് പല ആരാധനാലയങ്ങളോട് ചേർന്നുള്ള കൂട്ടായ്മകൾ അങ്ങനെ 75 മലയാളി സംഘടനകൾ ബെംഗളൂരുവിൽ പ്രവർത്തിക്കുന്നുണ്ട്.
അധികാരമുളള സ്ഥലങ്ങളിലുള്ള എല്ലാ മൽസരങ്ങളും ഇവിടങ്ങളിലെല്ലാം ഉണ്ടെങ്കിലും മലയാളികളുടെ ഉന്നമനത്തിന് വേണ്ടി ഈ സംഘടനകൾ ചെയ്യുന്ന കാര്യം വിസ്മരിക്കത്തക്കതല്ല.
തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കഴിഞ്ഞ നാലഞ്ച് മാസമായി ചില രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന ” മലയാളീ ഫോറ”ങ്ങളെ കുറിച്ച് പറയാൻ ആണ് ഇത്രയും എഴുതിയത്.
കർണാടകയിലെ പ്രധാന രാഷ്ട്രീയ കക്ഷികളായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും ഭാരതീയ ജനതാ പാർട്ടിയുടെയും നേതൃത്വത്തിലാണ് നഗരത്തിലെ വിവിധ ഇടങ്ങളിലായ പോഷ സംഘടനകൾ രൂപീകരിക്ക പ്പെട്ടുകൊണ്ടിരിക്കുന്നത്. കർണാടകയിൽ ഇടതുപക്ഷം അത്ര വലിയ ശക്തിയല്ലാത്തതു കൊണ്ട് അവരുടെ ഭാഗത്ത് നിന്ന് അങ്ങനെ ഒരു ശ്രമം കാണാനില്ല.
ഞാനും നിങ്ങളുമടങ്ങുന്ന പലരും ഇത്തരം സംഘടനയിൽ അംഗമായിരിക്കാം, എന്നാൽ ഇത്തരം രാഷ്ട്രീയ പോഷക സംഘടനകൾ മലയാളികൾ മൊത്തമായി നേരിടുന്ന ഏതെങ്കിലും ഒരു വിഷയത്തെ സ്പർശിക്കുകയോ ഞങ്ങൾ ഭരണത്തിൽ വന്നാൽ അല്ലെങ്കിൽ ഞങ്ങൾ പ്രധാന പ്രതിപക്ഷമാകുമ്പോൾ നിങ്ങളുടെ (മലയാളികളുടെ) ഏതെങ്കിലും പ്രശ്നത്തിന് പരിഹാരം ഉറപ്പു നൽകാം എന്ന് പറഞ്ഞിട്ടുണ്ടോ ?
നിങ്ങൾ നാട്ടിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ ചെയ്തിരുന്ന വ്യക്തിയായിരിക്കാം, രാഷ്ട്രീയ പ്രവർത്തനം നിങ്ങൾക്ക് വളരെ യധികം താൽപ്പര്യമുള്ള മേഖലയായിരിക്കാം, രാഷ്ട്രീയം എന്നത് എന്റെയും നിങ്ങളുടെയും തികച്ചും വ്യക്തിപരമായ കാര്യം തന്നെയാണ്, എന്നാലും ഒരു ബെംഗളൂരു മലയാളി എന്ന നിലക്ക് നമ്മുടെ ആവശ്യങ്ങളോടുള്ള രാഷ്ട്രീയ പാർട്ടികളുടെ സമീപനം എന്താണെന്ന് അറിയേണ്ടത് നമ്മുടെ ആവശ്യമല്ലേ.
ഇന്ത്യയിൽ കാര്യങ്ങൾ നേടിയെടുക്കാൻ ഏറ്റവും എളുപ്പമുള്ള സമയം തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പുള്ള മാസങ്ങളാണ് ,ആ സമയത്ത് ഒന്നിച്ചു നിന്നാൽ എന്തും നേടിയെടുക്കാൻ കഴിയും, ജനങ്ങൾക്ക് രാഷ്ട്രീയ നേതൃത്വത്തെ “ബ്ലാക് മെയിൽ ” ചെയ്യാൻ കിട്ടുന്ന ഒരേ ഒരവസരമാണ് ഇത്, അതുകഴിഞ്ഞാൽ എല്ലാം തിരിച്ചാണ്.
ഓരോ രാഷ്ട്രീയ പാർട്ടിയും തങ്ങളുടെ മലയാളി പോഷക സംഘടന രൂപീകരിച്ചത്, തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മുമ്പു മാത്രമാണ്, തെരഞ്ഞെടുപ്പിന് ശേഷം അതെന്തായി മാറും എന്ന് എല്ലാവർക്കും അറിയാം.അതിൽ നിന്നു തന്നെ മനസ്സിലാക്കാം രാഷ്ട്രീയ പാർട്ടികളുടെ ലക്ഷ്യം തെരഞ്ഞെടുപ്പ് വിജയം മാത്രമാണ് അവർക്ക് മലയാളികൾ എങ്ങനെ ജീവിക്കുന്നു എന്നത് പ്രശ്നമല്ല, പക്ഷേ എനിക്കും നിങ്ങൾക്കും അങ്ങനെയല്ല ,ഇത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ് ,മലയാളി സമൂഹത്തിനുണ്ടാകുന്ന ഏതൊരു ച്യുതിയും എന്നേയും നിങ്ങളെയും നേരിട്ടല്ലെങ്കിൽ കൂടി ബാധിക്കും എന്നുറപ്പ്.
കേന്ദ്രം ഭരിക്കുന്ന ബി ജെ പിയുടെ നേതൃത്വത്തിലുള്ള ” ബി ജെ പി മലയാളി സെല്ലും” സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് പാർട്ടിയുടെ “പ്രവാസി കോൺഗ്രസും” ആണ് ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന പ്രധാന പോഷക സംഘടനകൾ.
കേന്ദ്രം ഭരിക്കുന്ന ബിജെപിയിൽ നിന്നും സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് പാർട്ടിയിൽ നിന്നും ബെംഗളൂരു മലയാളികൾ വളരെയധികം പ്രതീക്ഷിക്കുന്നുണ്ട് അവയിൽ ചിലത് താഴെ:
1) ബെംഗളൂരു മലയാളികളോട് അവഗണന കാണിക്കുന്നതിൽ എന്നും മുൻപന്തിയിൽ ആണ് റെയിൽവേ, കഴിഞ്ഞ മൂന്ന് വർഷമായി മലയാളികൾ ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്ന ഓണം, ക്രിസ്തുമസ്, പെരുന്നാൾ സമയങ്ങളിൽ കേരളത്തിലേക്ക് ഒരു സ്പെഷൽ ട്രെയിൻ കൂടി നൽകാൻ റെയിൽവേ ശ്രമിക്കാറില്ല.
2) ഉണ്ടായിരുന്ന രണ്ട് ട്രെയിനുകളുടെ സ്റ്റോപ്പ് സിറ്റി റെയിൽവേ സറ്റേഷനിൽ നിന്നും സുരക്ഷിതത്വം പോലുമില്ലാത്ത ബാനസവാടിയിലേക്ക് മാറ്റി ” സഹായിച്ചു ”
3) രണ്ട് കൊല്ലം മുൻപ് ബജറ്റിൽ പ്രഖ്യാപിച്ച വെളളിയാഴ്ചകളിൽ മൈസൂരു- ബെംഗളൂരു-എറണാകുളം ട്രെയിൻ ഇതുവരെ ഓടിത്തുടങ്ങിയില്ല, ഞായറാഴ്ച്ചകളിൽ തിരിച്ചും വരേണ്ട ആ ട്രെയിൻ മലയാളികൾക്ക് ഏറ്റവും ഉപകാരപ്രദമാകുമായിരുന്നു.
4) നഞ്ചൻകോട് – മൈസൂർ പാത എവിടെയും എത്തിയില്ല.
അതെ പോലെ സംസ്ഥാനത്തിനും ചെയ്യാനുണ്ട് കാര്യങ്ങൾ.
1) ആഴ്ചയിൽ ഒന്ന് എന്ന കണക്കിന് മലയാളികളുടെ കടകളും സ്ഥാപനങ്ങളും അക്രമണത്തിന് ഇരയാകുന്നുണ്ട്, ആഭ്യന്തരം കൈയ്യിലുള്ള സംസ്ഥാനം നമ്മളെ സഹായിക്കാൻ ബാധ്യസ്ഥരല്ലേ ?
2) ഉത്തര കേരളത്തിലേക്ക് വനത്തിലൂടെയുള്ള രാത്രി യാത്രാ നിരോധനം മലയാളികളെ എത്രത്തോളം കഷ്ടപ്പെടുത്തുന്നുണ്ട് എന്ന് എല്ലാവർക്കും അറിയാം, പ്രോപ്പോസ് ചെയ്ത എലിവേറ്റഡ് ഹൈവേയും കടലാസിൽ ഉറങ്ങുകയാണ്.
3) ഓണം ,ക്രിസ്തുമസ്, പെരുന്നാൾ എന്നിവ വരുമ്പോൾ കേരളത്തിലേക്കുളള സ്വകാര്യ ബസ് നിരക്കുകൾ 4 ഇരട്ടി വരെ ഉയരാറുണ്ട്, ഭൂരിഭാഗവും കർണാടകയിൽ റജിസ്റ്റർ ചെയ്ത ബസുകൾക്ക് എതിരെ നടപടിയെടുക്കാൻ കർണാടക സർക്കാറിന് കഴിയില്ലേ ?
മുകളിൽ എഴുതിയത് ചില വിഷയങ്ങൾ മാത്രം, ഇത്തരം മലയാളികൾ നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നിച്ച് മുന്നോട്ട് പോകുകയല്ലേ നമ്മൾ ചെയ്യേണ്ടത് ? അതോ പല രാഷ്ട്രീയ രാഷ്ട്രീയേതര സംഘടനകളിലായി പ്രവർത്തിച്ച് പരസ്പരം ഭിന്നിച്ച് ജീവിക്കണോ ? നിങ്ങൾ പറയൂ.
Related posts
-
ഹണിട്രാപ്പില് കുടുക്കി കോടികൾ തട്ടിയ കേസിൽ 4 പേർ അറസ്റ്റിൽ
ബെംഗളൂരു: സ്വകാര്യ വീഡിയോ ചിത്രീകരിച്ച് ഹണിട്രാപ്പില് കുടുക്കി 48-കാരനില് നിന്നും കോടികള്... -
നഗരത്തിൽ യുവാക്കളുടെ ബൈക്ക് അഭ്യാസം പതിവാകുന്നു
ബെംഗളൂരു: ഫ്രീക്കന്മാര് നടത്തുന്ന ബൈക്ക് അഭ്യാസം പലപ്പോഴും സൈര്യമായ ജനജീവതത്തിന് തടസം... -
ബെംഗളൂരുവില് 318 കിലോ കഞ്ചാവ് പിടിച്ചെടുത്തു; മലയാളികൾ ഉൾപ്പെടെ അറസ്റ്റിൽ
ബെംഗളൂരു: സംസ്ഥാനത്ത് വന് മയക്കു മരുന്ന് വേട്ട. 3.2 കോടി വിലമതിക്കുന്ന...