ബെംഗളൂരു: വേനൽചൂടിനു പിന്നാലെ അപ്രഖ്യാപിത പവർകട്ടിൽ വലഞ്ഞ് നഗരവാസികൾ. കഴിഞ്ഞ ദിവസം മല്ലേശ്വരം, തന്നിസന്ദ്ര, വിജയനഗർ, ജയനഗർ, ഹംപിനഗർ, മത്തിക്കരെ, കോറമംഗല, സി.വി.രാമൻനഗർ, പൈ ലേഔട്ട്, മഹാലക്ഷ്മി ലേഔട്ട് എന്നിവിടങ്ങളിൽ മണിക്കൂറോളമാണു വൈദ്യുതി മുടങ്ങിയത്. വേനൽമഴയ്ക്കൊപ്പമെത്തിയ കാറ്റിൽ വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകി വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകർന്നതോടെ വൈദ്യുതി വിതരണം താറുമാറായിരുന്നു.
വൈദ്യുതി മുടക്കം സംബന്ധിച്ച് ബെസ്കോം കോൾ സെന്ററിൽ പരാതി പറയാൻ വിളിച്ചപ്പോഴും വ്യക്തമായ മറുപടി ലഭിച്ചില്ല. ജീവനക്കാരുടെ ക്ഷാമമാണു യഥാസമയം തകരാറുകൾ പരിഹരിക്കാൻ വൈകുന്നതിനു കാരണമായി ബെസ്കോം പറയുന്നത്. വൈദ്യുതി മുടക്കം വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയും ബാധിച്ചു. വേനൽചൂടിനൊപ്പം വൈദ്യുതി ഉപയോഗം കുതിച്ചുയർന്നതും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.