ബെംഗളൂരു : മൈസൂരുവിലെ ചാമുണ്ഡേശ്വരിയിൽ പത്രിക സമർപ്പിച്ചപ്പോൾ, മുഖ്യമന്ത്രി സിദ്ധരാമയ്യ നൽകിയ സത്യവാങ്മൂലത്തിൽ, സമൂഹമാധ്യമ അക്കൗണ്ടുകൾ ഇല്ലെന്നു വ്യാജവിവരം നൽകിയെന്നും, പത്രിക തള്ളണമെന്നും കേന്ദ്രമന്ത്രി ഡി.വി. സദാനന്ദഗൗഡ. സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് ഉണ്ടോ എന്ന ചോദ്യത്തിനു നേരെ ഇല്ലെന്ന് അർഥം വരുന്ന ‘നിൽ’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വന്തം പേരിൽ ട്വിറ്റർ, ഫെയ്സ് ബുക് അക്കൗണ്ടുകളുള്ള സിദ്ധരാമയ്യ വ്യാജ സത്യവാങ്മൂലം സമർപ്പിച്ചെന്നാണു തിരഞ്ഞെടുപ്പു കമ്മിഷനിൽ ബിജെപിയുടെ അരോപണം.
2013ൽ മുഖ്യമന്ത്രിയായപ്പോൾ മുതൽ മുഖ്യമന്ത്രിയുടെ പേരിൽ സമൂഹമാധ്യമ അക്കൗണ്ടുകൾ സജീവമാണ്. സിദ്ധരാമയ്യയുടെ പേരിലുള്ള ട്വിറ്റർ അക്കൗണ്ട് പിന്നെ ആരാണ് കൈകാര്യം ചെയ്യുന്നതെന്ന് ബിജെപി എംപി രാജീവ് ചന്ദ്രശേഖർ ട്വീറ്റിലൂടെ ചോദിച്ചു. അതു സിദ്ധരാമയ്യ അല്ലെങ്കിൽ ആരെന്ന് അന്വേഷിക്കണമെന്നും എംപി ആവശ്യപ്പെട്ടു. മനഃപൂർവമല്ലാത്ത തെറ്റു തിരുത്താം പത്രിക പൂരിപ്പിച്ചവർ ചോദ്യം ശ്രദ്ധിക്കാതെ ‘നിൽ’ എന്ന് എഴുതിയതാകാമെന്നു മുഖ്യമന്ത്രിയോട് അടുത്ത കേന്ദ്രങ്ങൾ പ്രതികരിച്ചു. സത്യവാങ്മൂലം പുതുക്കി സമർപ്പിക്കാൻ അവസരമുണ്ട്. സൂക്ഷ്മപരിശോധനയുടെ സമയത്ത് എന്തെങ്കിലും തിരുത്ത് വേണമെങ്കിൽ ഉദ്യോഗസ്ഥർ അനുവദിക്കാറുണ്ട്. മനഃപൂർവം തെറ്റായ വിവരങ്ങൾ നൽകുന്നതിനെതിരെയാണ് നടപടി സ്വീകരിക്കുന്നത്.