തൃശൂര്‍: പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്ന തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. ഈമാസം 25 നാണ് പൂരം. 23ന് സാമ്പിള്‍ വെടിക്കെട്ടും 26ന് ഉപചാരം ചൊല്ലലും. തൃശൂരിന്റെ കാഴ്ചകള്‍ക്കും വിശേഷങ്ങള്‍ക്കും പൂരച്ചൂടാണ്.
മേളം തുടികൊട്ടുന്ന വടക്കുന്നാഥ ക്ഷേത്രത്തിനകത്തെ ഇലഞ്ഞി പൂത്തുലഞ്ഞു. ഇതാദ്യാമായാണ് പൂരത്തിന് ഇലഞ്ഞി മുഴുവനായി പൂക്കുന്നത്. 2006 ല്‍ കനത്ത കാറ്റിലും മഴയിലും ഇലഞ്ഞിമരം കടപുഴകിയ ശേഷം കെ.എഫ്.ആര്.ഐയില്‍നിന്ന് എത്തിച്ച് നട്ടുവളര്‍ത്തിയ പുതിയ ഇലഞ്ഞിയാണ് ഇപ്പോള്‍ പൂത്തത്. ഒരാഴ്ച മുമ്പ് പൂത്ത് തുടങ്ങിയ ഇലഞ്ഞിയില്‍ നിറയെ പൂക്കളും മൊട്ടുകളുമുണ്ട്. പൂ നിറഞ്ഞ ഇലഞ്ഞിയും അത് വീശുന്ന സുഗന്ധവുമാകും ഇത്തവണത്തെ ഇലഞ്ഞിത്തറ മേളത്തിലെ സവിശേഷത.
സ്വരാജ് റൗണ്ടിലെ പന്തല്‍ നിര്‍മാണങ്ങള്‍ പകുതിയിലേറെ പിന്നിട്ടു. മാസങ്ങള്‍ക്ക് മുമ്പ് തന്നെ പൂരത്തിന്റെ അണിയറ ഒരുക്കം ദേവസ്വങ്ങള്‍ ആരംഭിച്ചിരുന്നു. കുടമാറ്റത്തിന് ഉപയോഗിക്കാനുള്ള സ്പെഷല്‍ കുടകളുടെ നിര്‍മാണം രഹസ്യ കേന്ദ്രങ്ങളില്‍ പുരോഗമിക്കുകയാണ്. തലയെടുപ്പുള്ള ആനകളെ എത്തിക്കാനുള്ള ശ്രമത്തിലാണ് ദേവസ്വങ്ങള്‍.
തിരുവമ്പാടിക്ക് വേണ്ടി ചെറിയ ചന്ദ്രശേഖരനും പാറമേക്കാവിന് വേണ്ടി പത്മനാഭനുമാണ് തിടമ്പേറ്റുക. തിരുവമ്പാടി ചന്ദ്രശേഖരനില്ലാത്ത പൂരമാണെന്ന പ്രത്യേകതയുണ്ട് ഇത്തവണ. വെടിക്കെട്ടിന് തടസ്സമുണ്ടാവില്ലെന്നാണ് പ്രതീക്ഷ. എങ്കിലും കഴിഞ്ഞ ദിവസം കറുകുറ്റിയിലെ പള്ളിപ്പെരുന്നാളിനിടെയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ പൂരപ്രേമികളും ദേവസ്വങ്ങളും ആശങ്കയിലാണ്.
കേന്ദ്ര എക്സ്പ്ലോസീവ്സ് വിഭാഗം കഴിഞ്ഞയാഴ്ച പരിശോധന നടത്തിയിരുന്നു. സംതൃപ്തിയറിയിച്ചാണ് സംഘം മടങ്ങിയത്. പൂരം ഒരുക്കങ്ങള്‍ കോര്‍പറേഷനും ജില്ല ഭരണകൂടവും പോലീസും തുടങ്ങിയിട്ടുണ്ട്. സുരക്ഷ ഒരുക്കം പോലീസ് നേരത്തെ തന്നെ വിലയിരുത്തിയിരുന്നു.
തൃശൂര്‍ പൂരം ഹരിതപെരുമാറ്റച്ചട്ടത്തിനൊപ്പം സ്ത്രീ സൗഹൃദവുമാക്കുന്നതിനാണ് തീരുമാനം. സ്ത്രീകളുടെ സുരക്ഷയ്ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതിനും ഇതിനായി വനിതാ പോലീസിനെ കൂടുതല്‍ നിയോഗിക്കുന്നതിനും അവലോകന യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. തേക്കിന്‍കാടിനു ചുറ്റുമുള്ള എല്ലാ തെരുവുവിളക്കുകളും നെഹ്റു പാര്‍ക്കിലെ വെളിച്ച സംവിധാനങ്ങളും തെളിക്കുമെന്ന് ഉറപ്പാക്കാനുള്ള പദ്ധതിയായി.
3000 പോലീസ് ഉദ്യോഗസ്ഥരുടെ സേവനമാണ് ഇക്കുറി തൃശ്ശൂര്‍പൂരത്തിന് തയ്യാറാക്കിയിരിക്കുന്നത്. മാത്രമല്ല വനിതാ പോലീസിന്റെ സേവനം കൂടുതലായി വിനിയോഗിക്കും. വിദേശികള്‍ക്ക് പൂരം കാണാനുള്ള വി.ഐ.പി ഗാലറിയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കും. പൂരം കഴിഞ്ഞ് മണിക്കുറുകള്‍ക്കകം ശുചീകരണം നടത്തുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.