ന്യൂഡൽഹി: ഉന്നാവോ, കത്തുവ പീഡനങ്ങളിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുകയും ബിജെപി നേതൃത്വത്തിന്റെ മൗനം ചോദ്യം ചെയ്യപ്പെടുകയും ചെയ്ത അവസരത്തില്‍ ശക്തമായ പ്രതികരണവുമായി കേന്ദ്ര വനിതാ, ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി.
കത്തുവ പീഡനത്തില്‍ താൻ ആഴത്തിൽ വേദനിക്കുന്നതായും സംഭവത്തില്‍ ശക്തമായ നടപടി ആവശ്യമാണെന്നും കേന്ദ്രമന്ത്രി മനേകാ ഗാന്ധി പറഞ്ഞു. കുരുന്നുകളെ പീഡിപ്പിക്കുന്നവർക്കു വധശിക്ഷ നൽകുന്ന തരത്തിൽ നിയമത്തിൽ പൊളിച്ചെഴുത്തു അനിവാര്യമാണെന്നും മനേകാ ഗാന്ധി ആവശ്യപ്പെട്ടു. 12 വയസിൽ താഴെയുള്ള കുരുന്നുകളെ പീഡിപ്പിക്കുന്നവർക്കു വധശിക്ഷ നൽകുന്ന തരത്തിൽ പോക്സോ നിയമം പൊളിച്ചെഴുതാൻ മന്ത്രാലയം ആലോചിക്കുന്നതായി വനിതാ, ശിശുക്ഷേമ വകുപ്പ് മന്ത്രി കൂടിയായ മനേകാ ഗാന്ധി പറഞ്ഞു. അതേസമയം, ഉന്നാവോ പീഡനത്തെ സംബന്ധിച്ച് മനേകാ ഗാന്ധി മൗനം പാലിക്കുകയാണ് ഉണ്ടായത്.
കത്തുവ പീഡനകേസില്‍ കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കാൻ കോടതിയിലെത്തുന്നതു തടയാൻ ചില അഭിഭാഷകർ ശ്രമിച്ചിരുന്നു. പ്രതികളെ പിന്തുണച്ച് രണ്ട് ബിജെപി മന്ത്രിമാർ റാലിയും നടത്തുകയുണ്ടായി. കഴിഞ്ഞ ജനുവരി 10 നാണ് കുട്ടിയെ കാണാതാകുന്നത്. നാടോടികളായ ആട്ടിടയ (ബക്കര്‍വാല്‍) വിഭാഗത്തില്‍പ്പെട്ടയാളായിരുന്നു പെണ്‍കുട്ടി. കാണാതായ ദിവസം വീടിനടുത്ത് കുതിരയെ മേയ്ക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. 17ന് പ്രദേശത്തെ ക്ഷേത്രത്തില്‍നിന്ന് അധികം അകലെയല്ലാതെ ക്രൂരപീഡനത്തിരയായി കൊല്ലപ്പെട്ട നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തല കല്ലുകൊണ്ടുള്ള ഇടിയേറ്റ് തകര്‍ന്ന നിലയിലായിരുന്നു. ജനുവരി 23 ന് സംസ്ഥാന സർക്കാർ കേസ്ന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി. അതേതുടര്‍ന്നാണ് പ്രതികൾ പിടിയിലായത്.
പ്രതികൾ കുട്ടിയെ ദിവസങ്ങളോളം ബലാത്സംഗം ചെയ്തെന്നും പിന്നീട് പെണ്‍കുട്ടിയെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നുവെന്നുമാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിഞ്ഞത്. ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ പുറത്തുവന്ന കുറ്റപത്രത്തിൽ അതി ക്രൂരമായ രീതിയിലാണ് കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കുറ്റപത്രത്തിന്‍റെ പകര്‍പ്പ് പുറത്തുവന്നപ്പോഴാണ് ആ പിഞ്ചുബാലിക എത്രത്തോളം വേദനയിലൂടെയാണു കടന്നുപോയതെന്നു വെളിപ്പെടുന്നത്.
അതേസമയം, ഹിന്ദുവായിട്ടും മുസ്ലീമായിട്ടുമല്ല, പൊലീസുകാരായിട്ടാണ് തങ്ങള്‍ ജോലി ചെയ്യുന്നത് എന്ന് കേസന്വേഷണം സംബന്ധിച്ച് ജമ്മുകശ്മീര്‍ ഡിജിപി എസ് പി വൈദ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.