ബെംഗളൂരു : സബേർബൻ ട്രെയിനുകളുടെ തൽസമയ വിവരങ്ങൾ ഉൾപ്പെടുത്തി പുറത്തിറക്കിയ റെയിൽജിനി മൊബൈൽ ആപ്പിനു മികച്ച പ്രതികരണം. ഐടി ജീവനക്കാർ ഉൾപ്പെട്ട യാത്രക്കാരുടെ നേതൃത്വത്തിലാണ് ആപ് രൂപകൽപന ചെയ്തത്. ഇംഗ്ലിഷ്, ഹിന്ദി, കന്നഡ, തെലുഗു, തമിഴ് ഭാഷകളിൽ ഇറക്കിയ ആപ്പിലൂടെ ബെംഗളൂരുവിൽ നിന്നുള്ള പാസഞ്ചർ, ഡെമു, മെമു ട്രെയിൻ ഓരോ സ്റ്റേഷനിലും എത്തുന്നതിന്റെ തൽസമയ വിവരം അറിയാനാകും. ആപ്പിലെ ലൊക്കേഷൻ ഓൺ ചെയ്താൽ സമീപത്തെ റെയിൽവേ സ്റ്റേഷൻ കണ്ടെത്താനും അവിടെ നിന്നുള്ള ട്രെയിനുകളുടെ തൽസമയ സമയക്രമം അറിയാനുമാകും.
സാമൂഹിക പ്രവർത്തകരും സുഹൃത്തുക്കളുമായ ആർ.ജെ.പ്രദീപ്, മൊബിജിനി കമ്പനി സിഇഒ രാകേഷ് തെർഗുണ്ടി, സുഹാസ് നാരായണമൂർത്തി എന്നിവർ ചേർന്നാണ് ആപ് വികസിപ്പിച്ചെടുത്തത്. കൂടുതൽ സബേർബൻ ട്രെയിനുകൾക്കു വേണ്ടിയുള്ള പ്രചാരണ പരിപാടിക്കിടെയാണ് സബേർബൻ യാത്രക്കാർക്കായി ആപ് ഒരുക്കുന്നതിനെക്കുറിച്ച് ആശയം ഉദിച്ചത്. തുടർന്നു രാകേഷിന്റെ കമ്പനി സാങ്കേതിക സേവനങ്ങൾ നൽകി.ഇപ്പോൾ ഗൂഗിൾസ്റ്റോറിൽ ലഭ്യമാകുന്ന ആപ് അധികം വൈകാതെ ആപ്പിൾ മൊബൈലുകളിലും ലഭിക്കും. ബെംഗളൂരുവിലെ പ്രധാന സ്റ്റേഷനുകൾ, സമീപ നഗരങ്ങൾ, ഐടി ഹബ്ബുകൾ (വൈറ്റ്ഫീൽഡ്, ഇലക്ട്രോണിക്സിറ്റി) എന്നിവയെ ബന്ധിപ്പിച്ച് ദിവസേന ഒട്ടേറെ സബേർബൻ സർവീസുകളുണ്ടെങ്കിലും സ്ഥിരം യാത്രക്കാർ ഒഴികെ നഗരവാസികളിൽ ഭൂരിഭാഗത്തിനും ഇവയുടെ സമയക്രമത്തെക്കുറിച്ച് അറിവില്ല. ഇതുകാരണം ഇവർ ബസ് ഉൾപ്പെടെ മറ്റു യാത്രാമാർഗങ്ങൾ ആശ്രയിക്കുന്നു.
ട്രെയിൻ ഏതു സ്റ്റേഷനിൽ എത്തിയെന്നതിന്റെ തൽസമയ വിവരം ലഭ്യമല്ലാത്തതിനാൽ സ്ഥിരം യാത്രക്കാരും ബുദ്ധിമുട്ട് നേരിട്ടിരുന്നു. അയ്യായിരത്തോളം സ്ഥിരം യാത്രക്കാർ ചേർന്ന് ‘ട്രെയിൻ സ്പോട്ടേഴ്സ്’ എന്ന ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. ഓരോ സ്ഥലത്തും ട്രെയിൻ എത്തുന്ന വിവരം അപ്പപ്പോൾ ഗ്രൂപ്പിൽ പങ്കുവയ്ക്കുകയാണ് ഇവർ ചെയ്തിരുന്നത്.പുതിയ ആപ്പ് എത്തിയതോടെ ഇത്തരം ബുദ്ധിമുട്ടുകൾക്കെല്ലാം പരിഹാരമാകും. വളരെ കുറഞ്ഞ ചെലവിൽ സമയബന്ധിതമായി യാത്ര ചെയ്യാമെന്നതിനാൽ ഐടി ജീവനക്കാർ ഉൾപ്പെടെ ആയിരക്കണക്കിനാളുകൾ സബേർബൻ ട്രെയിൻ യാത്ര പതിവാക്കിയിട്ടുണ്ട്.
– തൊട്ടടുത്ത റെയിൽവേ സ്റ്റേഷനിലേക്കുള്ള ദൂരം, റൂട്ട്, അവിടെ നിന്നുള്ള ട്രെയിനുകളുടെ തൽസമയ സമയക്രമം. – നിലവിൽ സബേർബൻ ട്രെയിനുകൾ നിർത്തുന്ന 39 സ്റ്റേഷനുകൾ, അവിടെ നിന്നുള്ള ട്രെയിനുകൾ. – ഇംഗ്ലിഷ്, ഹിന്ദി, കന്നഡ, തെലുഗു, തമിഴ് ഭാഷകളിൽ ആപ്പ് ലഭ്യമാണ്. – ഓരോ സ്റ്റേഷനിൽ നിന്നുമുള്ള മെട്രോ, ടാക്സി, ബസ് സർവീസുകളെക്കുറിച്ചുള്ള വിവരങ്ങൾ. – ട്രെയിൻ സംബന്ധിയായ വിവരങ്ങൾ അറിയാനും അഭിപ്രായം പങ്കുവയ്ക്കാനും ചാറ്റ്റൂം – ഏതെങ്കിലും രണ്ടു സ്റ്റേഷനെ ബന്ധിപ്പിച്ചുള്ള ട്രെയിൻ സർവീസുകൾ, അവയുടെ സമയം. – ആപ് ഡൗൺലോഡ് ചെയ്യുന്നവർ പേര് ഉൾപ്പെടെ വ്യക്തിപരമായ വിവരങ്ങൾ നൽകേണ്ടതില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.