ബെംഗളൂരു : യാത്രക്കാർക്ക് ഒരു രൂപ മുതൽമുടക്കിൽ ഇൻഷുറൻസ് പരിരക്ഷയുമായി വെബ് ടാക്സി രംഗത്തെ പ്രമുഖരായ ഓല. ഓല ടാക്സി, ഓട്ടോ സർവീസുകൾക്കാണിത്. നഗരത്തിനുള്ളിലെ സർവീസുകൾക്കാണ് ഒരു രൂപ ഇൻഷുറൻസ് പദ്ധതി. വാടകയ്ക്ക് ടാക്സി ബുക്ക് ചെയ്യാനാകുന്ന ഓല റെന്റലിന് 10 രൂപയും, ദീർഘദൂരയാത്രയ്ക്കായുള്ള ഓല ഔട്ട്സ്റ്റേഷന് 15 രൂപയുമാണ് പ്രീമിയമായി ഈടാക്കുന്നത്. അഞ്ചു ലക്ഷം രൂപ വരെയുള്ള പരിരക്ഷയാണ് ഓല ഉറപ്പാക്കുന്നത്. ആപ്പിലൂടെ ഓല സർവീസ് ബുക്ക് ചെയ്യുമ്പോൾ തന്നെ ഇൻഷുറൻസ് പരിരക്ഷ വേണോ എന്ന ചോദ്യം ഉന്നയിക്കും.
മുംബൈ ആസ്ഥാനമായുള്ള അക്രോ ജനറൽ ഇൻഷുറൻസും ഐസിഐസിഐ ലൊംബാർഡുമായി ചേർന്നുള്ളതാണ് പദ്ധതി. 110 നഗരങ്ങളിൽ നിന്നായുള്ള 12.5 കോടി യാത്രക്കാർക്ക് ഇതുപകരിക്കുമെന്ന് ഓല ചീഫ് ഓപ്പറേറ്റിങ് ഓഫിസർ വിശാൽ കൗർ വ്യക്തമാക്കി. ഗതാഗത തടസ്സത്തിൽ പെട്ട് ആഭ്യന്തര വിമാനയാത്ര മുടങ്ങുന്നത്. ബാഗേജ് നഷ്ടമാകൽ, അപകട ചികിൽസ, ആംബുലൻസ് ഗതാഗതച്ചെലവ് തുടങ്ങിയവയും കവറേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓല ആപ്പിലൂടെയും അക്കോ ജനറൽ ഇൻഷുറൻസ് വെബ്സൈറ്റിലൂടെയും കോൾ സെന്റർ മുഖേനയും ഇൻഷുറൻസ് തുകയ്ക്കായി അപേക്ഷിക്കാം.