ബെംഗളൂരു : വായു – ശബ്ദ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പെട്രോൾ– ഡീസൽ ഓട്ടോകൾ നിയന്ത്രിക്കാനും കൂടുതൽ ഇലക്ട്രിക് റിക്ഷകളും (ഇ–റിക്ഷ) എൽപിജി–സിഎൻജി ഓട്ടോകളും അനുവദിക്കാനും ഗതാഗതവകുപ്പ് തീരുമാനം. ബെംഗളൂരുവിൽ 30000 ഓട്ടോറിക്ഷകൾക്കുകൂടി പെർമിറ്റ് നൽകാനാണു തീരുമാനം. 25000 എണ്ണം എൽപിജി–സിഎൻജി ഓട്ടോകളായിരിക്കും. അതിൽ 500 പെർമിറ്റ് വനിതകൾ ഓടിക്കുന്ന പിങ്ക്–ഓട്ടോകൾക്കായി നീക്കിവച്ചു.
ഇതോടെ ബെംഗളൂരുവിലെ ഓട്ടോറിക്ഷകളുടെ എണ്ണം ഒന്നരലക്ഷം കടക്കും. വനിതകൾക്കു സ്വയംതൊഴിൽ കണ്ടെത്തുന്നതിന്റെ ഭാഗമായുള്ള പിങ്ക് ഓട്ടോ പദ്ധതിയനുസരിച്ചു പുതിയ ഓട്ടോ വാങ്ങാൻ അർഹരായ 500 പേർക്കു 80000 രൂപ വീതം സബ്സിഡി ലഭിക്കും. സുരക്ഷയുടെ ഭാഗമായി ഈ ഓട്ടോറിക്ഷകളിൽ ജിപിഎസ്, പാനിക് ബട്ടൻ എന്നിവ ഘടിപ്പിക്കും. ഇതിനു പുറമെ അയ്യായിരം ഇ–റിക്ഷകൾക്കും പെർമിറ്റ് നൽകും. അഞ്ചുവർഷംകൊണ്ടു ഇ–റിക്ഷകളുടെ എണ്ണം 25000 ആക്കാനും ലക്ഷ്യമിടുന്നു.
ഓട്ടോറിക്ഷകൾക്ക് ആധാറുമായി ബന്ധിപ്പിച്ചുള്ള ഇ–പെർമിറ്റ് നിർബന്ധമാക്കിയതിനു പിന്നാലെയാണു ഗതാഗതവകുപ്പ് പുതിയ വാഹനങ്ങൾക്കു പെർമിറ്റ് നൽകുന്നതിലും മാനദണ്ഡം ഏർപ്പെടുത്തിയത്. എല്ലാ ഓട്ടോറിക്ഷകളുടെയും പെർമിറ്റ് വരുംദിവസങ്ങളിൽ ആധാറുമായി ബന്ധിപ്പിക്കും. ഇ–പെർമിറ്റില്ലാത്ത ഓട്ടോകൾ പിടിച്ചെടുക്കും. ബെംഗളൂരുവിൽ കാൽലക്ഷത്തിലധികം ഓട്ടോകൾ കൃത്യമായ രേഖകളില്ലാതെ സർവീസ് നടത്തുന്നതായാണു കണ്ടെത്തൽ.
അതേസമയം മലിനീകരണം കൂടുതലുണ്ടാക്കുന്ന ടു–സ്ട്രോക് ഓട്ടോ നിരത്തിൽനിന്നു പിൻവലിക്കാനുള്ള ഗതാഗതവകുപ്പിന്റെ നീക്കം ഫലപ്രദമായില്ല. ഈ മാസം 31 വരെ ഇത്തരം ഓട്ടോ കൈമാറുന്നവർക്കു 30000 രൂപ സർക്കാർ സബ്സിഡി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ 15 പേർ മാത്രമാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തിയത്. നഗരത്തിൽ കാൽലക്ഷത്തോളം ടു–സ്ട്രോക്ക് ഓട്ടോറിക്ഷകൾ ഉള്ളതായാണു കണക്ക്. പഴയ ഓട്ടോയ്ക്കു സർക്കാർ നൽകുന്ന സഹായം വളരെ കുറവാണെന്ന് ആരോപിച്ചാണു പലരും സബ്സിഡി വാങ്ങാത്തത്.