തെരഞ്ഞെടുപ്പടുത്തു, കർണാടകയിൽ കൂടുവിട്ടു കൂടുമാറൽ തുടരുന്നു; ജെഡിഎസ് വിട്ട 7 മുൻഎംഎൽഎമാർ കോൺഗ്രസിൽ.

ബെംഗളൂരു : കഴിഞ്ഞദിവസം നിയമസഭാംഗത്വം രാജിവച്ച ഏഴു ജനതാദൾ എസ് വിമത എംഎൽഎമാർ കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മൈസൂരുവിൽ നടന്ന ജനാശീർവാദ യാത്രയിലാണ് എൻ. ചെലുവരായ സ്വാമി, സമീർ അഹമ്മദ് ഖാൻ, എച്ച്.സി. ബാലകൃഷ്ണ, ഇഖ്ബാൽ അൻസാരി, രമേഷ് ബണ്ഡി സിദ്ധേഗൗഡ, ഭീമ നായിക്, അഖണ്ഡ ശ്രീനിവാസ് മൂർത്തി എന്നിവർ കോൺഗ്രസ് പ്രാഥമിക അംഗത്വം സ്വീകരിച്ചത്.

ദളിന്റെ മുൻ എംഎൽസിമാരായ എം.സി. നാനയ്യ, സരോവർ ശ്രീനിവാസ്, ജി. രാമകൃഷ്ണ ബിജെപിയുടെ മുൻ ബെംഗളൂരു മേയർ ഡി. വെങ്കടേഷ് മൂർത്തി തുടങ്ങിയവരും കോൺഗ്രസിൽ ചേർന്നു. ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, കർണാടക പിസിസി പ്രസിഡന്റ് ജി. പരമേശ്വര, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉള്‍പ്പെടെയുള്ളവരും സന്നിഹിതരായിരുന്നു. കർണാടകയിൽ നിന്നുള്ള നാലു സീറ്റുകളിലേക്ക് 2016 ജൂണിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ, കോൺഗ്രസിനു വോട്ട് ചെയ്തതിന് ഏഴുപേരെയും ദളിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു.

സിദ്ധരാമയ്യയുമായി അടുത്ത ബന്ധമാണ് വിമത എംഎൽഎമാർ ഇക്കാലയളവിൽ പുലർത്തിയത്. ഇക്കഴിഞ്ഞ 23നു നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് സ്ഥാനാർഥികൾക്കാണ് വോട്ട് ചെയ്തതെന്ന് ഇവർ പരസ്യപ്രസ്താവന നടത്തിയിരുന്നു. ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ദൾ നേതൃത്വം സ്പീക്കർ കൊളീവാഡിനെ സമീപിച്ചതിനു പിന്നാലെയാണ് മൈസൂരു മഹാറാണി കോളജ് ഗ്രൗണ്ടിൽ വൻപുരുഷാരത്തെ സാക്ഷി നിർത്തി ഏഴുപേരും കോൺഗ്രസിന്റെ ഭാഗമായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us