ന്യൂഡല്‍ഹി:കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസിൽ ബിഹാർ മുൻമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലുപ്രസാദ് യാദവിന് ഏഴുവർഷം തടവ്. 30 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ജാർഖണ്ഡിലെ റാഞ്ചിയിൽ പ്രത്യേക സിബിഐ കോടതിയാണു വിധി പ്രസ്താവിച്ചത്. 1995 – 96 കാലയളവിൽ ഡുംക ട്രഷറിയിൽനിന്ന് 3.13 കോടി രൂപ തട്ടിച്ചെന്ന കേസിലാണു വിധി.
കേസിൽ 19 പേർ കുറ്റക്കാരാണെന്നു കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. 31 പ്രതികളിൽ ബിഹാർ മുൻമുഖ്യമന്ത്രി ജഗന്നാഥ് മിശ്ര അടക്കം 12 പേരെ വിട്ടയച്ചു. 1995 ഡിസംബർ, ജനുവരി മാസങ്ങളിൽ മൃഗസംരക്ഷണ വകുപ്പിനു കാലിത്തീറ്റയും മരുന്നും ഉപകരണങ്ങളും വിതരണം ചെയ്തതായി 96 വ്യാജ ബില്ലുകൾ ഹാജരാക്കി പണം തട്ടിയെന്നാരോപിച്ച് 48 പേർക്കെതിരെയാണു സിബിഐ കുറ്റപത്രം തയാറാക്കിയത്. ഇവരിൽ 14 പേർ വിചാരണയുടെ കാലയളവിൽ മരിക്കുകയും മൂന്നുപേർ മാപ്പുസാക്ഷികളാവുകയും ചെയ്തു.
ആകെ 950 കോടി രൂപ തട്ടിയ കാലിത്തീറ്റക്കേസുകളിൽ നാലെണ്ണത്തിൽ വിധി പ്രഖ്യാപിച്ചു. ലാലു നാലിലും ശിക്ഷിക്കപ്പെട്ടപ്പോൾ, ജഗന്നാഥ് മിശ്രയെ രണ്ടെണ്ണത്തിൽ ശിക്ഷിച്ചു. ശേഷിക്കുന്ന രണ്ടു കേസുകളുടെ വിചാരണ റാഞ്ചിയിലും പട്നയിലുമായി പുരോഗമിക്കുകയാണ്. രണ്ടാം കേസിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയതോടെ ഡിസംബർ 23 മുതൽ ലാലു ജയിലിലാണ്.