ബെംഗളൂരു : നഗരത്തിലെ ബാറുകൾ, പബ്ബുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ പുകവലി അനുവദിക്കരുതെന്നാവശ്യപ്പെട്ട് ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി)യ്ക്ക് പുകയില നിയന്ത്രണത്തിനുള്ള ഉന്നതാധികാര സമിതിയുടെ കത്ത്. ചില പബ്ബുകളും റസ്റ്ററന്റുകളും പുകവലിക്കാർക്കേർപ്പെടുത്തിയിട്ടുള്ള പ്രത്യേക സൗകര്യം (സ്മോക്കിങ് സോൺ) നിർത്തലാക്കണമെന്നു കർണാടക സ്റ്റേറ്റ് ഹൈ പവേഡ് കമ്മിറ്റി ഫോർ ടുബാക്കോ കൺട്രോൾ അംഗം ഡോ. വിശാൽ റാവു ബിബിഎംപിക്കും ആരോഗ്യ കുടുംബക്ഷേമ വകുപ്പിനും അയച്ച കത്തിൽ പറയുന്നു.
ഭക്ഷണശാലകൾ സമ്പൂർണമായും പുകവലി നിരോധിത മേഖലയാക്കുകയാണ് ലക്ഷ്യം. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന ബീഡിയും സിഗരറ്റും തീപിടിത്തങ്ങൾക്കു കാരണമാകുന്നുണ്ടെന്നു സംസ്ഥാന അഗ്നിശമന സുരക്ഷാ വിഭാഗവും പറയുന്നു. ബെംഗളൂരുവിൽ പൊതു സ്ഥലത്തു പുകവലി നിരോധിച്ചിട്ടുണ്ട്. എന്നാൽ പുകവലിക്കാൻ പ്രത്യേക ഇടം ഒരുക്കാൻ ചില ഹോട്ടലുകളും ബാറുകളും കോടതിവിധി സമ്പാദിച്ചിട്ടുണ്ട്.