ബെംഗളൂരു : കർണാടകയിൽ പുതിയ വീടോ, ഫ്ലാറ്റോ വാങ്ങാൻ തയാറെടുക്കുന്നവർക്കു രേഖകളെല്ലാം ഇനി വിരൽത്തുമ്പിൽ ലഭ്യമാകും. സംസ്ഥാനത്തു നിർമാണം നടക്കുന്നതും പൂർത്തിയായതുമായ 1331 അംഗീകൃത പദ്ധതികളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കർണാടക റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (റെറ) ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തി. നിർമാണ പദ്ധതികളിൽ പണം നിക്ഷേപിക്കാൻ ഒരുങ്ങുന്നവർക്കു വെബ്‌സൈറ്റിൽ ലോഗിൻ ചെയ്താൽ രേഖകളെല്ലാം പരിശോധിക്കാം.
രേഖകൾ ഡൗൺലോഡ‍് ചെയ്തു സൂക്ഷിക്കാനും സാധിക്കും. ഓരോ പദ്ധതിയുടെയും 40–50 രേഖകൾ വീതം ആകെ അൻപതിനായിരത്തോളം രേഖകളാണു വെബ്സൈറ്റിലുള്ളത്. രാജ്യത്ത് ആദ്യമായാണു കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ജനങ്ങൾക്കു നേരിട്ടു പരിശോധിക്കാൻ സര്‍ക്കാര്‍ അവസരം ഒരുക്കുന്നത്.
നിർമാണ പുരോഗതി, സ്ഥലം, ഭൂമിവില, നിർമാണ കമ്പനിയുടെ വിലാസം, ഫോൺ നമ്പർ തുടങ്ങി പദ്ധതിയുമായി ബന്ധപ്പെട്ട സമഗ്രവിവരങ്ങളും വെബ്സൈറ്റിലുണ്ട്. ഓരോ ഗാർഹിക പദ്ധതിയുടെയും ഖാത്ത, കെട്ടിടത്തിന്റെ പ്ലാൻ, ഭൂ ഉടമയും ബിൽഡറും തമ്മിലുള്ള സംയുക്ത കരാർ, സെയിൽ ഡീഡ്, ലഭ്യമായ സൗകര്യങ്ങൾ, മലിനീകരണ നിയന്ത്രണ ബോർഡിന്റെ എൻഒസി, വൈദ്യുതി–വെള്ളം കണക്‌ഷൻ സംബന്ധിച്ച അനുമതി തുടങ്ങി അൻപതോളം രേഖകൾ ഡൗൺലോഡ് ചെയ്യാനും സാധിക്കും.
ഓരോപദ്ധതിയുടെയും രേഖകളെല്ലാം റേറ ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പുവരുത്തിയതാണ്. സാധാരണ ഗതിയിൽ വിവരാവകാശ നിയമം അനുസരിച്ച് അപേക്ഷ സമർപ്പിച്ചാലേ ഇത്തരം രേഖകൾ ലഭിക്കുകയുള്ളൂ. ഓരോരേഖയ്ക്കും ഓരോ അപേക്ഷ വീതം സമർപ്പിക്കുകയും കുറെ ദിവസം കാത്തിരിക്കേണ്ടിയും വന്നേക്കാം.
എന്നാൽ ഇത്തരം പ്രതിബന്ധങ്ങളൊന്നുമില്ലാതെ എല്ലാ വിവരങ്ങളും നിമിഷങ്ങൾക്കകം ലഭ്യമാകും എന്നതാണു റെറ വെബ്സൈറ്റിന്റെ സവിശേഷത. ബെംഗളൂരു നഗര–ഗ്രാമീണ ജില്ലകൾക്കു പുറമെ മൈസൂരു, ബെളഗാവി, കലബുറഗി, ദക്ഷിണ കന്നഡ, ഉഡുപ്പി, വിജയാപുര, ധാർവാഡ്, ചിക്കബെല്ലാപുര ജില്ലകളിലെയും അംഗീകൃത പദ്ധതികളുടെ വിശദാംശങ്ങൾ വെബ്സൈറ്റിലുണ്ട്.
https://rera.karnataka.gov.in എന്ന വെബ്സൈറ്റിലെ ‘ഓൾ ദ് ഡോക്യുമെന്റ്സ് ഓഫ് അപ്രൂവ്ഡ് പ്രോജക്ട്സ്’ എന്ന സ്ക്രോളിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ പേരും ഫോൺനമ്പരും നൽകിയാൽ ലോഗിൻ ഐഡിയും പാസ്‌വേഡും ഇ–മെയ്‌ലിൽ ലഭിക്കും. ഇതുപയോഗിച്ചു ലോഗിൻ ചെയ്യുക. ഇതോടെ അംഗീകൃതമായ പദ്ധതികളുടെ വിശദാംശങ്ങൾ അടങ്ങിയ പേജിൽ പ്രവേശിക്കാം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.