ബെംഗളൂരു : മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പദ്ധതിക്ക് ബിബിഎംപിക്ക് ഫ്രഞ്ച് സഹായം. ആനേക്കൽ ചിക്കനാഗമംഗലയിലാണ് മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാന്റ് സ്ഥാപിക്കുന്നത്. ഫ്രഞ്ച് കമ്പനിയായ ത്രിവേയുമായി ചേർന്നാണ് ബിബിഎംപി പ്ലാന്റ് നിർമിക്കുന്നത്. ഇത് സംബന്ധിച്ചുള്ള കരാർ ബിബിഎംപി കമ്മിഷണർ എൻ.മഞ്ജുനാഥ പ്രസാദും ത്രിവേ സിഇഒ റോബർട്ട് ആർ. ഫ്ലിപ്പുമായി ഒപ്പുവച്ചു. 500 ടൺ മാലിന്യത്തിൽനിന്ന് 10 മെഗാവാട്ട് വൈദ്യുതി ഉൽപാദനമാണ് ലക്ഷ്യമിടുന്നത്.
പ്ലാന്റും സ്ഥലവും 30 വർഷത്തേക്ക് പാട്ട വ്യവസ്ഥയിലാണ് ഫ്രഞ്ച് കമ്പനിക്ക് കൈമാറുന്നത്. ഏഴ് മാസത്തിനുള്ളിൽ പ്ലാന്റിന്റെ നിർമാണം പൂർത്തിയാകുമെന്ന് മഞ്ജുനാഥ പ്രസാദ് പറഞ്ഞു. ഇന്ത്യ-ഫ്രഞ്ച് ഇക്കണോമിക് ഉച്ചകോടിയിലാണ് മാലിന്യത്തിൽനിന്നു വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള സാങ്കേതിക വിദ്യ കൈമാറാൻ ധാരണയായത്. നെതർലാന്‍ഡ് കമ്പനിയുമായി ചേർന്നുള്ള വൈദ്യുതി ഉൽപാദന പ്ലാന്റ് ബല്ലേഹള്ളിയിൽ സ്ഥാപിക്കും. ഇതിന്റെ കരാർ അന്തിമ ഘട്ടത്തിലാണ്.
നഗരമാലിന്യ സംസ്കരണം ബിബിഎംപിക്ക് വെല്ലുവിളിയായി മാറുന്ന സാഹചര്യത്തിലാണ് മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപാദന പ്ലാന്റുകൾ വിദേശ സഹായത്തോടെ ആരംഭിക്കുന്നത്. പലയിടത്തും പ്ലാന്റുകളുടെ പ്രവർത്തനം സ്തംഭിക്കുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതി. മാലിന്യത്തിൽനിന്ന് ‘ഗ്യാസിഫിക്കേഷൻ’ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വൈദ്യുതി ഉൽപാദിപ്പിക്കുക. നിലവിൽ ബിബിഎംപിയുടെ യെഡിയൂർ വാർഡിൽ മാലിന്യത്തിൽനിന്നുള്ള വൈദ്യുതി ഉൽപാദനം പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നുണ്ട്.
250 കിലോവാട്ട് വൈദ്യുതിയാണ് ഇവിടത്തെ ഉൽപാദനശേഷി. മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപാദന പ്ലാന്റുകൾ സ്ഥാപിക്കുമ്പോൾ ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ വിതരണം സംബന്ധിച്ചുള്ള കരാറിൽ അവ്യക്തതയുള്ളതായി ആരോപണമുയർന്നിട്ടുണ്ട്. നിലവിൽ ബെംഗളൂരു നഗരത്തിൽ വൈദ്യുതി വിതരണ ചുമതലയുള്ള ബെസ്കോമിന് വൈദ്യുതി യൂണിറ്റിന് എത്ര നിരക്കിൽ നൽകണമെന്ന കാര്യത്തിൽ ബിബിഎംപി ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
മാലിന്യത്തിൽനിന്നു വൈദ്യുതി ഉൽപാദിപ്പിക്കാൻ ഗ്യാസിഫിക്കേഷൻ സാങ്കേതിക വിദ്യയാണു പ്ലാന്റിൽ ഉപയോഗിക്കുന്നത്. ഉയർന്ന താപനിലയിൽ മാലിന്യം ചൂടാക്കി വൈദ്യുതിയാക്കി മാറ്റുന്ന സാങ്കേതികവിദ്യയാണിത്. ഖരമാലിന്യങ്ങൾ പ്ലാന്റിൽ സംസ്കരിച്ചു സിന്തറ്റിക് ഗ്യാസ്(സിൻ ഗ്യാസ്) ഉൽപാദിപ്പിക്കും. ഈ ഗ്യാസ് ഉപയോഗിച്ചു വെള്ളം ചൂടാക്കുമ്പോൾ ഉണ്ടാകുന്ന നീരാവി വഴി ടർബൈൻ പ്രവർത്തിച്ചാണു വൈദ്യുതി ഉൽപാദിപ്പിക്കുക. ഒരു ടൺ മാലിന്യത്തിൽനിന്ന് ഇത്തരത്തിൽ 430 യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാമെന്നാണു കരുതുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.