നാഗാലാന്റിൽ മുന്നിൽ,ത്രിപുരയിൽ ഒപ്പത്തിനൊപ്പം, മേഘാലയായാലും സാന്നിദ്ധ്യമുറപ്പിച്ച് ബിജെപി.

ന്യൂഡൽഹി: ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നീ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ തുടങ്ങി. മൂന്നു സംസ്ഥാനങ്ങളിലും ലീഡെടുത്ത ബിജെപി വ്യക്തമായ സാന്നിധ്യം അടയാളപ്പെടുത്തി മുന്നേറുന്നു. ചരിത്രത്തിലാദ്യമായി സിപിഎമ്മും ബിജെപിയും നേരിട്ട് ഏറ്റുമുട്ടിയ ത്രിപുരയിൽ രണ്ടു പാർട്ടികളും ഒപ്പത്തിനൊപ്പം.

ത്രിപുരയിൽ 23 സീറ്റുകളിൽ ഇടതുപക്ഷവും 19 സീറ്റിൽ ബിജെപിയും ലീഡ് ചെയ്യുന്നു. ഒരു സീറ്റിൽ കോൺഗ്രസും സാന്നിധ്യമറിയിച്ചു. നാഗാലാൻഡിൽ 12 സീറ്റുകളോടെ ബിജെപിയുടെ ശക്തമായ ലീഡോടെ മുന്നേറുന്നു. എൻപിഎഫ് മൂന്നു സീറ്റുകളിലും കോൺഗ്രസ് ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. മേഘാലയയിൽ എൻപിപി 11 സീറ്റിലും കോൺഗ്രസ് 9 സീറ്റിലും ലീഡ് ചെയ്യുന്നു. ബിജെപി നാലു സീറ്റിൽ മുന്നിലുണ്ട്. മൂന്നിടത്തും വിജയിക്കുമെന്നു ബിജെപിയും ഭരണം നിലനിർത്തുമെന്നു ത്രിപുരയിൽ സിപിഎമ്മും മേഘാലയയിൽ‍ കോൺഗ്രസും പ്രതീക്ഷിക്കുന്നു. മൂന്നിടത്തും 60 വീതമാണു സീറ്റ്.

മൂന്നിടത്തുമായി ആകെ 55 ലക്ഷം വോട്ടർമാർ‍. ത്രിപുരയിലെ ചരിലാം മണ്ഡലത്തിലെ സിപിഎം സ്ഥാനാർഥി കഴിഞ്ഞ 11നു മരിച്ചു. ഇവിടെ ഈ മാസം 12ന് ആണ് ഉപതിരഞ്ഞെടുപ്പ്. കൃഷ്ണപുർ മണ്ഡലത്തിൽ ഖഗേന്ദ്ര ജമാതയ ഇന്നലെ ഡൽഹിയിൽ അന്തരിച്ചതോടെ ഇദ്ദേഹമാണു വിജയിയെങ്കിൽ ഉപതിരഞ്ഞെടുപ്പു വേണ്ടിവരും.

60 നിയമസഭാ സീറ്റുകൾ വീതം മാത്രമുള്ള സംസ്ഥാനങ്ങളാണെങ്കിലും ദേശീയ രാഷ്ട്രീയത്തിൽ പൊതുവായും രാജ്യത്തിന്റെ വടക്കു–കിഴക്കൻ മേഖലയുടെ രാഷ്ട്രീയക്കാറ്റിൽ പ്രത്യേകമായും വളരെ പ്രസക്തമാണ് ഇന്നത്തെ ജനവിധി.

ത്രിപുര

രാജ്യത്തിന്റെ തിരഞ്ഞെടുപ്പു ചരിത്രത്തിൽ ആദ്യമായി ഒരു സംസ്ഥാനത്ത് ഇടതുപക്ഷവും ബിജെപിയും നേർക്കുനേർ ഏറ്റുമുട്ടുകയാണ്. സംസ്ഥാനത്ത് 59 സീറ്റുകളിലാണ് തിരഞ്ഞെടുപ്പു നടന്നത്. ഇടതുപക്ഷത്ത് സിപിഎം–56 സീറ്റിലും സിപിഐ, ആർഎസ്പി, ഫോർവേഡ് ബ്ലോക്ക് എന്നിവ ഓരോ സീറ്റിലും മൽസരിക്കുന്നു.

ബിജെപി 50 സീറ്റിലും ഐപിഎഫ്ടി ഒൻപതു സീറ്റിലും. ആരുമായും സഖ്യമില്ലാത്ത കോൺഗ്രസ് 59 സീറ്റിൽ. തൃണമൂൽ കോൺഗ്രസ് 24 സീറ്റിൽ.

കാൽനൂറ്റാണ്ടായി ഇടതുഭരണത്തിൽ തുടരുന്ന സംസ്ഥാനത്ത് മുഖ്യമന്ത്രി മണിക് സർക്കാറിന്റെ പ്രതിച്ഛായയാണ് സിപിഎമ്മിന്റെ തുറുപ്പുചീട്ട്. 2013ൽ, മൽസരിച്ച 50 സീറ്റിൽ 49ലും കെട്ടിവച്ച പണം നഷ്ടമായ ബിജെപി, തൃണമൂലിന്റെ എംഎൽഎമാരെ വിലയ്ക്കു വാങ്ങിയാണ് മുഖ്യപ്രതിപക്ഷമായിരിക്കുന്നത്.

കഴിഞ്ഞ തവണ 1.54% മാത്രം വോട്ട് നേടിയ ബിജെപി ഇത്തവണ ബൂത്ത് തലംമുതൽ ചിട്ടയോടെ പ്രചാരണ പ്രവർത്തനം നടത്തിയാണ് ഇടതുകോട്ട തകർക്കാൻ ശ്രമിക്കുന്നത്. തകർന്നടിഞ്ഞ കോൺഗ്രസിന് പരമാവധി ഒരു സീറ്റ് ലഭിക്കുമെന്നാണ് വിലയിരുത്തൽ.

മേഘാലയ

ഒൻപതു വർഷമായി കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനത്തും 59 സീറ്റിലാണ് തിരഞ്ഞെടുപ്പു നടന്നത്. വില്യംനഗറിലെ എൻഎസിപി സ്ഥാനാർഥി ജൊനാഥൻ എൻ‍.സാംഗ്‌മ കൊല്ലപ്പെട്ടതിനാൽ ഉപതിരഞ്ഞെടുപ്പ് വേണം.

കോൺഗ്രസിന് എല്ലാ സീറ്റിലും സ്ഥാനാർഥിയുണ്ട്, ബിജെപിക്ക് 47 സീറ്റിലും. മുൻ ലോക്സഭാ സ്പീക്കർ പി.എ.സാംഗ്‌മ സ്ഥാപിച്ച നാഷണൽ പീപ്പിൾസ് പാർട്ടിക്ക് 52 സീറ്റിലും, സഖ്യമായി മൽസരിക്കുന്നതിൽ‍ യുഡിപിക്ക് 35 സീറ്റിലും എച്ച്എസ്പിഡിപിക്ക് 13 സീറ്റിലും സ്ഥാനാർഥികളുണ്ട്.

കഴിഞ്ഞ തവണ 1.27% മാത്രം വോട്ടു നേടിയ ബിജെപി മാറ്റമാണ് മുദ്രാവാക്യമായി ഉന്നയിക്കുന്നത്. ബിജെപിയെ അധികാരത്തിലേറ്റുന്നത് മേഘാലയയുടെ പൈതൃകത്തെയും സംസ്കാരത്തെയും ഭാഷയെയും മതത്തെയും ബാധിക്കുമെന്ന് കോൺഗ്രസിന്റെ വാദം.

നാഗാലാൻഡ് 

നേരത്തെ മൂന്നു തവണ മുഖ്യമന്ത്രിയായിരുന്ന നെയിഫിയു റയോ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാൽ ഇവിടെയും 59 സീറ്റിലാണ് മൽസരം. തുടർ‍ച്ചയായി നാലാം തവണ ഭരണത്തിലെത്താമെന്ന പ്രതീക്ഷയിലാണ് നാഗാ പീപ്പിൾ‍സ് ഫ്രണ്ട്. അവരുമായുള്ള കൂട്ടുവിട്ട് നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസിവ് പാർ‍ട്ടിയുമായി (എൻഡിപിപി) സഖ്യമുണ്ടാക്കിയ ബിജെപി 20 സീറ്റിൽ മൽസരിക്കുന്നു. പത്തു സീറ്റിലാണ് ബിജെപിയുടെ വിജയപ്രതീക്ഷ.

നെയിഫിയു റയോയുടേതിനു പുറമെ, 39 സീറ്റിൽകൂടി എൻഡിപിപിക്കു സ്ഥാനാർഥികളുണ്ട്. ആദ്യം 23 സീറ്റിൽ മത്സരിക്കാൻ ആലോചിച്ച കോൺഗ്രസ്, മൽസരം 18ലേക്കു ചുരുക്കി. ഒരു സീറ്റുപോലും ജയിക്കില്ലെന്നാണ് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെമേ ഖാപേ തേരിയുടെ പ്രവചനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us