കർണാടക ആർടിസിയും ബിഎംടിസിയും ബസുകൾ നിരത്തിലിറക്കിയാൽ കേരളത്തിന്റെ പകൽ സർവീസുകൾ മുടങ്ങില്ല. അതേസമയം ബസുകളെല്ലാം തടയുമെന്നു കന്നഡ രക്ഷണ വേദികെ ഉൾപ്പെടെയുള്ള സംഘടനകൾ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.റിപ്പബ്ലിക് സ്പെഷലുകൾ ഉൾപ്പെടെ വൈകിട്ടു മുതലുള്ള സർവീസുകൾ മുടങ്ങില്ലെന്ന പ്രതീക്ഷയിലാണു കേരള ആർടിസി. സേലം വഴിയുള്ള എല്ലാ ബസുകളും അയയ്ക്കാനാകും.
കേരളത്തിൽ ഇന്നലെ പണിമുടക്കായതിനാൽ തിരുവനന്തപുരത്തേക്കുള്ള മൂന്നു സ്കാനിയ സർവീസുകൾ നേരത്തേ റദ്ദാക്കിയിരുന്നു. മറ്റു സർവീസുകളൊന്നും റദ്ദാക്കിയിട്ടില്ല. ഇന്നത്തെ ബസ് സർവീസുകൾ സംബന്ധിച്ച വിശദാംശങ്ങൾക്കു ബെംഗളൂരുവിലെ കേരള ആർടിസി കൗണ്ടറുകളുമായി ബന്ധപ്പെടാം. ഫോൺ: 080–26756666 (സാറ്റ്ലൈറ്റ് ബസ്സ്റ്റാൻഡ്), 9483519508 (മജസ്റ്റിക്), 080–22221755 (ശാന്തിനഗർ), 080–26709799 (കലാശിപാളയം), 8762689508 (പീനിയ).
പകൽ ബസുകളുടെ കാര്യം അനിശ്ചിതത്വത്തിൽ ആണെങ്കിലും രാത്രി സർവീസുകൾ മുടങ്ങില്ലെന്നു കർണാടക അധികൃതരുടെ ഉറപ്പ്. റിപ്പബ്ലിക് സ്പെഷൽ ബസുകൾ ഉൾപ്പെടെ അറുപതോളം സർവീസുകളാണു കർണാടക ആർടിസിക്ക് ഇന്നു ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കുള്ളത്. കോട്ടയം (2), മൂന്നാർ (1), എറണാകുളം (2), തൃശൂർ (3), പാലക്കാട് (2), കോഴിക്കോട് (7), കണ്ണൂർ (5) എന്നിവിടങ്ങളിലേക്കുള്ള സ്പെഷലുകളിലെ ടിക്കറ്റുകളിൽ ഭൂരിഭാഗവും തീരുകയും ചെയ്തു.
കർണാടക ബന്ദിനെ തുടർന്ന് ഇന്നലെ ബെംഗളൂരുവിൽ നിന്നുള്ള ബസുകളിൽ വൻതിരക്ക്. പല സ്വകാര്യസ്ഥാപനങ്ങളും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഐടി കമ്പനികളിലേറെയും ജീവനക്കാർക്കു വീട്ടിലിരുന്നു ജോലിചെയ്യാനും അനുവാദം നൽകി.സ്വകാര്യ സ്കൂളുകളും കോളജുകളും അവധി പ്രഖ്യാപിച്ചതോടെയാണ് ഇന്നലെ ബെംഗളൂരുവിൽ നിന്നുള്ള ബസുകളിൽ തിരക്കേറിയത്. തിരക്കു കണക്കിലെടുത്തു ചില സ്വകാര്യ ബസുകൾ ടിക്കറ്റ് ചാർജ് കൂട്ടുകയും ചെയ്തു.