റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി നഗരം;കനത്ത സുരക്ഷാവലയത്തിൽ.

ബെംഗളൂരു∙ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പശ്ചാത്തലത്തിൽ നഗരം കനത്ത സുരക്ഷാവലയത്തിൽ. സർക്കാർ ആഘോഷം സംഘടിപ്പിക്കുന്ന മനേക്‌ഷാ ഗ്രൗണ്ടിൽ പരേഡ് പരിശീലനം ഇന്ന് പൂർത്തിയാകും. കരസേന, വ്യോമസേന, കർണാടക റിസർവ് പൊലീസ്, എൻസിസി കെഡറ്റുകൾ, സ്കൗട്സ് ആൻഡ് ഗൈഡ്സ്, നഗരത്തിലെ വിവിധ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾ അവതരിപ്പിക്കുന്ന കലാപ്രകടനങ്ങൾ എന്നിവയാണു മൂന്ന് മണിക്കൂർ നീളുന്ന ചടങ്ങിന് മിഴിവേകുന്നത്.

26ന് രാവിലെ 8.30നു ഗവർണർ വാജുഭായ് വാല പതാക ഉയർത്തും. പഴുതടച്ച സുരക്ഷയാണ് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. പരേഡ് ഗ്രൗണ്ടിൽ മാത്രം 50 സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.പരേഡ് നടക്കുന്ന ഗ്രൗണ്ടിലും സമീപ റോഡുകളിലുമായി 2000 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.നഗരത്തിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും പരിശോധന നടത്തിയ പൊലീസ് സംഘം, തിരിച്ചറിയൽ കാർഡ് നൽകാത്തവർക്ക് താമസസൗകര്യം അനുവദിക്കരുതെന്നു കർശന നിർദേശം നൽകിയിട്ടുണ്ട്.റെയിൽവേ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ, മാളുകൾ എന്നിവിടങ്ങളിൽ ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധന നടത്തി.

ഗ്രൗണ്ടിൽ സിഗരറ്റ്, മദ്യം, ലഹരിമരുന്ന്, തീപ്പെട്ടി, ക്യാമറ, വാട്ടർ ബോട്ടിൽ, ഹെൽമറ്റ്, മൂർച്ചയേറിയ ആയുധങ്ങൾ, കറുത്ത തുണി എന്നിവയ്ക്ക് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.

26ന് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ ഏഴ് മുതൽ 11.30 വരെ ബിആർവി ജംക്‌ഷൻ മുതൽ കാമരാജ് റോഡ് ജംക്‌ഷൻ വരെ ഗതാഗതം പൂർണമായി നിരോധിച്ചു. പരേഡിൽ പങ്കെടുക്കാനെത്തുന്ന മഞ്ഞ പാസ് ലഭിച്ചവർ കബൺ റോഡിലെ ഒന്നാം നമ്പർ ഗേറ്റിലൂടെയും വെള്ള പാസ് ലഭിച്ചവർ രണ്ടാം നമ്പർ ഗേറ്റിലൂടെയും പിങ്ക് പാസ് ലഭിച്ചവർ മൂന്നാം നമ്പർ ഗേറ്റിലൂടെയും പ്രവേശിക്കണം.

പൊതുജനങ്ങളുടെ വാഹനങ്ങൾ ശിവാജിനഗർ ബിഎംടിസി ബസ് ടെർമിനലിലെ മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രം, സഫീന പ്ലാസ, ചോട്ടാ മൈതാനം, കണ്്ഠീരവ സ്റ്റേഡിയം എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.  പരേഡ് അവതരിപ്പിക്കാനെത്തുന്ന കുട്ടികളുമായി വരുന്ന  ബിഎംടിസി ബസുകൾ എംജി റോഡ് മെട്രോ സ്റ്റേഷൻ, അനിൽകുബ്ലെ സർക്കിൾ എന്നിവിടങ്ങളിലായി പാർക്ക് ചെയ്യണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us