ബെംഗളൂരു: ഗതാഗതനിയമങ്ങൾ ലംഘിക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാർക്കെതിരെ ട്രാഫിക് പൊലീസ് കർശന നടപടികൾ ആരംഭിച്ചു. യാത്രക്കാരോടു മോശമായി പെരുമാറുക, മീറ്റർ പ്രവര്ത്തിപ്പിക്കാതെ അമിത നിരക്ക് ഈടാക്കുക, പാർക്കിങ് നിരോധിത മേഖലകളിൽ നിർത്തിയിടുക തുടങ്ങി വ്യാപക പരാതി ലഭിച്ച സാഹചര്യത്തിലാണു വിവിധ സോണുകൾ കേന്ദ്രീകരിച്ചു പരിശോധന ആരംഭിച്ചത്.
ഇന്ദിരാനഗർ, എംജി റോഡ്, ട്രിനിറ്റി സർക്കിൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇന്നലത്തെ പരിശോധന. ആദ്യദിന പരിശോധനയിൽ 26 കേസുകൾ റജിസ്റ്റർ ചെയ്തതായി സിറ്റി ട്രാഫിക് പൊലീസ് അഡീഷനൽ കമ്മിഷണർ എച്ച്.ഹിതേന്ദ്ര പറഞ്ഞു. മീറ്റർ പ്രവർത്തിപ്പിക്കാതെ സർവീസ് നടത്തുന്നതിനാണു കൂടുതൽ കേസുകൾ റജിസ്റ്റർ ചെയ്തിരിക്കുന്നത്.
രണ്ട് കിലോമീറ്ററിന് 50 രൂപ മുതൽ 100 രൂപ വരെയാണു ഡ്രൈവർമാർ ഈടാക്കുന്നത്. അമിത നിരക്ക് നൽകിയില്ലെങ്കിൽ യാത്രക്കാരോടു മോശമായി പെരുമാറുന്ന സംഭവങ്ങൾ വർധിച്ചുവരുന്നു. പുതുതായി സ്ഥാപിച്ച പ്രീപെയ്ഡ് ഓട്ടോ കൗണ്ടറുകളുമായി സഹകരിക്കാൻ ഒരു വിഭാഗം ഓട്ടോ ജീവനക്കാർ തയാറാകുന്നില്ല. പാർക്കിങ്ങിന് അനുവദിച്ച സ്ഥലത്തു നിർത്തിയിടാതെ തിരക്കേറിയ റോഡരികിൽ നിർത്തിയിടുന്നതു ഗതാഗതക്കുരുക്കിന് ഇടയാക്കുകയാണെന്നും ഹിതേന്ദ്ര പറഞ്ഞു.
നഗരത്തിൽ വ്യാജ പെർമിറ്റ് ഉപയോഗിച്ച് ഓട്ടോ ഓടിക്കുന്നത് തടയാൻ വിതരണം പൂർണമായി ഓൺലൈൻ വഴിയാക്കുന്നു. അഞ്ച് വർഷമായി ഗതാഗതവകുപ്പ് പുതിയ ഓട്ടോറിക്ഷകൾക്കു പെർമിറ്റ് നൽകിയിട്ടില്ല. നിലവിലെ പെർമിറ്റുകളും പുതുതായുള്ള പെർമിറ്റുകളും ആധാർ കാർഡുമായി ബന്ധിപ്പിക്കാൻ ഗതാഗതവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
ഇതോടെ വ്യാജൻമാരെ തിരിച്ചറിയാൻ സാധിക്കും. പഴയ പെർമിറ്റുകൾ വൻതുകയ്ക്കാണു മറിച്ചുവിൽക്കുന്നത്. 500 രൂപയുള്ള പെർമിറ്റിന് 25,000 രൂപ വരെയാണ് ഈടാക്കുന്നത്. ഓൺലൈൻ നടപടിക്രമങ്ങൾ സംബന്ധിച്ച് ഡ്രൈവർമാരെ ബോധവൽക്കരിക്കുന്നതിനു തൊഴിലാളി യൂണിയൻ പ്രതിനിധികളുമായി ചർച്ച നടത്തിയതായി കമ്മിഷണർ ബി.ദയാനന്ദ പറഞ്ഞു.