ബെംഗളൂരു : പുതുവർഷ ആഘോഷത്തിന്റെ ഭാഗമായി സർക്കാർ മദ്യനിരോധനം ഏർപ്പെടുത്തില്ല. പകരം ഡിസംബർ 31നും ജനുവരി ഒന്നിനും ക്രമസമാധാനപ്രശ്നങ്ങൾ ഒഴിവാക്കാൻ കൂടുതൽ പൊലീസിനെ വിന്യസിക്കും. പുതുവർഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ടു മദ്യവിൽപന നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സർക്കാരിന്റെ അഭിപ്രായം അറിയിക്കാൻ കർണാടക ഹൈക്കോടതി കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മദ്യവിൽപന അനുവദിക്കുന്നതിൽ കുഴപ്പമുണ്ടാകില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള സത്യവാങ്മൂലം ഇന്നലെ ഡിവിഷൻ ബെഞ്ച് മുൻപാകെ സമർപ്പിച്ചത്. ക്രമസമാധാന പാലനത്തിനു വേണ്ട എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും കോടതിയെ ബോധിപ്പിച്ചു.
വാഹനാപകടങ്ങളും സ്ത്രീകൾക്കെതിരെയുള്ള അക്രമവും ഒഴിവാക്കുന്നതിനാണ് ഈ ദിവസങ്ങളിൽ മദ്യവിൽപന നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയുമായി ജനതാദൾ (യു) ജനറൽ സെക്രട്ടറി എൻ.നാഗേഷ് കോടതിയെ സമീപിച്ചത്. മുൻവർഷങ്ങളിലെ ആഘോഷങ്ങൾക്കിടെയുണ്ടായ പരാതികളാണു ഹർജിക്ക് അടിസ്ഥാനം.പുതുവർഷ ആഘോഷവുമായി ബന്ധപ്പെട്ട് അക്രമങ്ങളൊന്നും നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി സിറ്റി പൊലീസ് കമ്മിഷണർ ടി.സുനീൽ കുമാറിനു നിർദേശം നൽകി.