ഇനി അഗ്നിശമനസേന പറന്നെത്തും;സേനയെത്താൻ ജീപ്പും ബൈക്കുമടക്കമുള്ള ചെറുവാഹനങ്ങൾ ഉപയോഗിക്കും.

ബെംഗളൂരു: കർണാടകയിലെ അഗ്‌നിശമന സേനയെത്താൻ ജീപ്പും ബൈക്കുമടക്കമുള്ള ചെറുവാഹനങ്ങൾ വരുന്നു. ബെംഗളൂരു നഗരത്തിലെ ഗതാഗത തടസ്സങ്ങളിൽ കുരുങ്ങി, അപകടസ്ഥലങ്ങളിൽ സമയത്ത് എത്താൻ കഴിയാത്ത സംഭവങ്ങൾ കൂടുന്ന സാഹചര്യത്തിലാണിത്. ഫയർ എൻജിനുകളും ആംബുലൻസുകളുമാണു സേനയ്ക്കുള്ളത്.

ഇടറോഡുകളിലും തിരക്കേറിയ വ്യാപാര കേന്ദ്രങ്ങളിലും ഇവ എത്തിക്കാൻ ഏറെ പ്രയാസമാണെന്ന് കർണാടക അഗ്നിശമന സേനാ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ മാർക്കണ്ഡേയ പറഞ്ഞു. ഇതുസംബന്ധിച്ച് ബിബിഎംപി മേയർ സമ്പത്ത് രാജുമായി ചർച്ച നടത്തി. കൗൺസിൽ യോഗത്തിൽ അനുമതി ലഭിച്ചാൽ രണ്ട് മാസത്തിനുള്ളിൽ ചെറുവാഹനങ്ങൾ നിരത്തിലിറങ്ങും.

പൊലീസ് പട്രോളിങിന് ഉപയോഗിക്കുന്ന തരത്തിലുള്ള എൻഫീൽഡ് ബൈക്കുകളും ബൊലേറോ ജീപ്പുകളുമാണ് ആദ്യഘട്ടത്തിൽ വാങ്ങുന്നത്. ജീവൻരക്ഷാ ഉപകരണങ്ങൾ അടക്കം ഇതിൽ സ്ഥാപിക്കാൻ കഴിയും. പരമാവധി 100 ലീറ്റർ വെള്ളംവരെ സംഭരിക്കാൻ കഴിയും. ജെറ്റ് പ്രഷർ ഉപയോഗിച്ച് കൂടുതൽ ദൂരേക്ക് വെള്ളം എത്തിക്കാനും സാധിക്കും. ബിബിഎംപി പരിധിയിലെ ഓരോ വാർഡിലും മിനി ഫയർ സ്റ്റേഷൻ ആരംഭിക്കുന്നത് സംബന്ധിച്ചുള്ള നടപടികളാരംഭിച്ചിട്ടുണ്ടെന്നും മാർക്കണ്ഡേയ പറഞ്ഞു.

ബഹുനില കെട്ടിടങ്ങളും ഷോപ്പിങ് മാളുകളും വ്യാപാര കേന്ദ്രങ്ങളും തിങ്ങി നിറഞ്ഞ നഗരത്തിൽ തീപിടിത്തമുണ്ടായാൽ പോലും മണിക്കൂറുകൾ കഴിഞ്ഞാണ് അഗ്നിശമന സേനയ്ക്ക് എത്താൻ സാധിക്കുന്നത്. ഉയരമുള്ള കെട്ടിടങ്ങളിൽ കുടുങ്ങിയവരെ രക്ഷിക്കാൻ പോലും കഴിയാത്ത പല സംഭവങ്ങളാണ് അഞ്ച് വർഷത്തിനുള്ളിൽ നഗരത്തിലുണ്ടായത്. രൂക്ഷമായ ഗതാഗതക്കുരുക്കിൽ വെള്ളവുമായി കുതിക്കുന്ന ഫയർ എൻജിനുകൾക്കു വേഗത്തിലെത്താൻ കഴിയാറില്ല.

ഹൈഡ്രോളിക് ലിഫ്റ്റ് അടക്കമുള്ള സംവിധാനങ്ങൾ നഗരത്തിലെ ഫയർ സ്റ്റേഷനുകൾക്ക് നൽകിയിട്ടുണ്ടെങ്കിലും വീതികുറഞ്ഞ റോഡുകളിൽ കൂടി ഇവ എത്തിക്കുന്നതും ശ്രമകരമാണ്. ‌വേനൽക്കാലത്ത് മാലിന്യക്കൂമ്പാരത്തിനു തീപിടിക്കുന്നത് പതിവായ നഗരത്തിൽ വലിയ വാഹനങ്ങൾക്ക് ഇവയുടെ അടുത്തേക്ക് പോകാൻ പോലും പലപ്പോഴും സാധിക്കാറില്ല.

ഒരു ഫയർ സ്റ്റേഷൻ പരിധിയിൽ ആറ് മുതൽ പത്ത് കിലോമീറ്റർ വരെ ചുറ്റളവിലുള്ള സ്ഥലങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. ഓരോ വാർഡിലും മിനി ഫയർ സ്റ്റേഷനുകൾ വന്നാൽ അപകടമേഖലകളിലേക്കു പെട്ടെന്ന് എത്തിപ്പെടാൻ സാധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us