ബെംഗളൂരു ∙ ബൈബിളിനെ ആസ്പദമാക്കി കേരള സംഗീത നാടക അക്കാദമി ചെയർമാൻ സൂര്യാ കൃഷ്ണമൂർത്തി ഒരുക്കിയ മെഗാഷോ ‘എന്റെ രക്ഷകൻ’ ഇന്നുമുതൽ ബെംഗളൂരുവിൽ പ്രദർശിപ്പിക്കും. വൈറ്റ്ഫീൽഡ് റോഡിലെ സെന്റ് ജോസഫ് കോൺവെന്റ് സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയ കൂറ്റൻ ഓഡിറ്റോറിയത്തിൽ മൂന്നു ദിവസങ്ങളിലായാണു പ്രദർശനം. ഇന്നു വൈകിട്ട് ഏഴിനു നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ബാംഗ്ലൂർ അതിരൂപതാ അധ്യക്ഷൻ ഡോ. ബർണാഡ് മൊറേസ്, മണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആന്റണി കരിയിൽ, ബാംഗ്ലൂർ ഓർത്തഡോക്സ് ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം തുടങ്ങിയവർ വിശിഷ്ടാതിഥികൾ ആയിരിക്കും.
തുടർന്നു ‘രക്ഷകൻ’ അരങ്ങേറും. നാളെയും മറ്റന്നാളും വൈകിട്ട് ആറിനും 8.30നുമായി രണ്ടു ഷോ ഉണ്ടായിരിക്കും. രണ്ടുമണിക്കൂർ ആണു മെഗാഷോയുടെ ദൈർഘ്യം. ചങ്ങനാശേരി സർഗക്ഷേത്ര, മാർ ക്രിസോസ്റ്റം ഗ്ലോബൽ പീസ് ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണു സൂര്യ കൃഷ്ണമൂർത്തി കലാരൂപം അണിയിച്ചൊരുക്കിയത്. കേരളത്തിൽ 70 പ്രദർശനം പൂർത്തിയാക്കിയ എന്റെ രക്ഷകനിൽ ഇരുനൂറോളം കലാകാരന്മാർക്കു പുറമേ അൻപതോളം പക്ഷിമൃഗാദികളും വേദിയിലെത്തും.
കവി മധുസൂദനൻ നായർ ഗാനരചനയും രമേഷ് നാരായണൻ സംഗീതവും നിർവഹിച്ചിരിക്കുന്നു. രണ്ടേക്കറിലെ എസി ഓഡിറ്റോറിയത്തിൽ പതിനായിരം ചതുരശ്ര അടിയിലാണു സ്റ്റേജ് ഒരുക്കിയിരിക്കുന്നത്. വൈറ്റ്ഫീൽഡ് സേക്രഡ് ഹാർട് പള്ളി ട്രസ്റ്റിന്റെ ആതുരസേവനത്തിനുള്ള ധനശേഖരണാർഥമാണു പരിപാടി സംഘടിപ്പിക്കുന്നതെന്നു കൺവീനർമാരായ ഫാ. ബിജു ആലപ്പാട്ട്, ഷിജോ ഫ്രാൻസിസ്, റജികുമാർ, ജെയ്ജോ ജോസഫ് എന്നിവർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.