“നിശ്വാസങ്ങളോരോന്നും നിന്റെ പിൻകഴുത്തിൽ
പ്രണയത്തിന്റെ ചായം തേക്കുമ്പോൾ തോൽക്കയായിരുന്നില്ലേ നീ, ഉപാധികളില്ലാതെ?
തോരാതെ പെയ്യുകയായിരുന്നില്ലേ അന്ന്?
മഴകുറയുന്നതും കാത്താവാകയുടെ ചില്ലക്കുകീഴെ തൂവെണ്മക്കു കൊടിപിടിച്ചവനെ
ചുവപ്പിന്റെ പ്രത്യയശാസ്ത്രങ്ങൾകൊണ്ട്
വരിഞ്ഞുമുറുക്കിയതോർമ്മയുണ്ടോ?
നനഞ്ഞു നനുത്ത രോമങ്ങളൊട്ടിയ
പിൻകഴുത്തിൽ ദാക്ഷിണ്യമില്ലാതന്നെന്റെ പല്ലുകളാഴ്ന്നിരുന്നു,
നിന്റെ ചോര എന്റെ ചുണ്ടിനെ ചുവപ്പിക്കും വരെ..
ചോരകണ്ടാൽ വല്ലാതാകുന്ന നീ എന്തിനാണു പെണ്ണേ ഓരോ തവണയും കാത്തിരുന്നു കാണുമ്പോൾ ചുംബിക്കുന്നതിനു പകരം മുറിവേൽപ്പിച്ചു രസിക്കുന്നത്?
മറുപടിയെന്നോണം കൺകോണിൽ കുസൃതി ഒളിപ്പിച്ച് നിന്റെ കഴുത്തിൽ നിന്നു പല്ലുകളടർത്തിയെടുക്കുമുൻപൊരു ചോരചുംബനം തുന്നിചേർത്തിരുന്നു ഞാൻ..
മുറിവുണങ്ങാനല്ല ഉണങ്ങാതിരിക്കുവാൻ !
നിന്നിലെന്റ പ്രണയത്തെ സീമകളില്ലാതെ സ്ഥിരപ്പെടുത്താൻ…
നിന്നിലെന്റെ അസ്ഥിത്വത്തെ ഊട്ടിഉറപ്പിക്കുവാനെങ്കിലുമാ മുറിവുണങ്ങരുതായിരുന്നു.
ഭയമായിരുന്നില്ലേ എനിക്ക്?
നിന്നെ നഷ്ടപ്പെട്ടാൽ നഷ്ടമായേക്കാവുന്ന എന്നിലെ പെണ്ണിനെ..?
നാഴികസൂചി കാലങ്ങൾ പിന്നിടുമ്പോൾ ചോരപ്പൂക്കൾ ചൂടിയ വാകയുണ്ട് തനിയെ…
അകലുന്ന തൂവെള്ള മേഘങ്ങളെ നോക്കി
നമുക്കിടയിൽ ആ പ്രണയമഴ പെയ്യാതെ വിതുമ്പിനില്ക്കയാണ്..
ആ മുറിവുണങ്ങരുതായിരുന്നു”
എഴുതിയത് : സൂര്യ ഭാരതി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.