ഈ ട്രെയിനുകൾക്കു ബയ്യപ്പനഹള്ളിയിൽ സ്റ്റോപ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കർണാടക-കേരള ട്രാവലേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ ദക്ഷിണ പശ്ചിമ റെയിൽവേ അധികൃതരുമായി ചർച്ച നടത്തിയിരുന്നു. നിലവിൽ പാസഞ്ചർ ട്രെയിനുകളെ ഉൾക്കൊള്ളാനുള്ള നീളമേ ബയ്യപ്പനഹള്ളി സ്റ്റേഷൻ പ്ലാറ്റ്ഫോമിനുള്ളൂ. പതിനഞ്ചിൽ കൂടുതൽ ബോഗികളുള്ള എക്സ്പ്രസ് ട്രെയിനുകൾ നിർത്തുമ്പോൾ പുറകിലെ ബോഗികൾ പ്ലാറ്റ്ഫോമില്ലാത്ത ഭാഗത്താണു വന്നു നിൽക്കുക. രാത്രിയിൽ ഇവിടെ എത്തുന്ന ട്രെയിനിൽ കയറാനും ഇറങ്ങാനും ഇത് ഏറെ പ്രയാസമുണ്ടാക്കും.
ബയ്യപ്പനഹള്ളി സ്റ്റേഷന്റെ വികസന പ്രവൃത്തികളുടെ ഭാഗമായി പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടുന്നതിനുള്ള നടപടികൾ തുടങ്ങിയെങ്കിലും അടുത്ത വർഷം പകുതിയോടെ മാത്രമേ ഇത് പൂർത്തിയാവുകയുള്ളൂ. കെആർ പുരം കഴിഞ്ഞാൽ രണ്ട് ട്രെയിനുകൾക്കും ബാനസവാടിയിൽ മാത്രമേ സ്റ്റോപ് അനുവദിച്ചിട്ടുള്ളൂ. ബയ്യപ്പനഹള്ളിയിൽ സ്റ്റേഷനോടു ചേർന്ന് നമ്മ മെട്രോ സ്റ്റേഷനുള്ളതിനാൽ നഗരത്തിൽ നിന്നും ചുരുങ്ങിയ സമയം കൊണ്ട് ഇവിടെ എത്താൻ സാധിക്കുമെന്നതാണു മെച്ചം.
കെഎസ്ആർ സിറ്റി, കന്റോൺമെന്റ് സ്റ്റേഷനുകളെ ആശ്രയിച്ചിരുന്നവർ ട്രെയിനുകളുടെ സ്റ്റേഷൻ മാറ്റം കാരണം ഗതാഗതസൗകര്യം കുറഞ്ഞ ബാനസവാടിയിലേക്ക് എത്തിപ്പെടാൻ ഏറെ ക്ലേശിക്കേണ്ട അവസ്ഥയാണ്. സിറ്റി റെയിൽവേ സ്റ്റേഷനിലെ തിരക്കാണ് ട്രെയിനുകൾ ബാനസവാടിയിലേക്ക് മാറ്റാനുള്ള കാരണമായി റെയിൽവേ പറയുന്നത്.
രബയ്യപ്പനഹള്ളി റെയിൽവേ സ്റ്റേഷനിൽ നിന്ന് മെട്രോ സ്റ്റേഷനിലേക്ക് കാൽനടയായി എത്താൻ മേൽപാലവുമുണ്ട്. പ്രീപെയ്ഡ് ഓട്ടോകൗണ്ടറും ബിഎംടിസി ഫീഡർ ബസ് സർവീസും വാഹനപാർക്കിങ് സൗകര്യവും മെട്രോ സ്റ്റേഷനോടു ചേർന്നുള്ളതും യാത്രക്കാർക്ക് ഗുണകരമാണ്.