ബെംഗളൂരുവിനു എതിരെ സ്വന്തം തട്ടകത്തിൽ ഗോവയ്ക്ക് മികച്ച വിജയം. ഗോവൻ താരം ഫെറാൻ കോറോമിനാസ്(കോറോ)ഹാട്രിക് നേടിയ മത്സരത്തിൽ, ഫസ്റ്റ് ഹാഫിൽ തന്നെ ഗുർപ്രീത് റെഡ് കാർഡ് നേടിയത് ബെംഗളുരുവിനു തിരിച്ചടി ആയി. ഗോളുകൾ നിറഞ്ഞു നിന്ന മത്സരത്തിൽ, മൂന്നിനെതിരെ നാല് ഗോളുകൾക്ക് അന്തിമ വിജയം ഗോവ കരസ്ഥമാക്കി.
അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ, ഗോവയാണ് കോറോയുടെ ഒരു നല്ല സോളോ ഗോളിലൂടെ ആദ്യം മുന്നിട്ടു നിന്നതു. എന്നാൽ അഞ്ചു മിനിറ്റിനു ശേഷം മിക്കുവിലൂടെ ബെംഗളൂരു ഇരുപത്തി ഒന്നാം മിനുട്ടിൽ ഗോവൻ വല കുലുക്കി. ഇരു ടീമുകളും വിട്ടു കൊടുക്കാതെ കളിച്ച കളിയിൽ പലപ്പോളും റെഫെറിക്ക് വിസിൽ ഉപയോഗിക്കേണ്ടി വന്നു. മുപ്പത്തി മൂന്നാം മിനുറ്റിൽ കോറോ വീണ്ടും സ്കോർ ചെയ്തതോടെ ഗോവലീഡ് തിരിച്ചു പിടിച്ചു. പിന്നെയും പൊരുതി കളിച്ച ബെംഗളുരുവിനു പക്ഷെ മുപ്പത്തി ആറാം മിനുറ്റിൽ ഗുർപ്രീത് സിംഗ് സന്ധുവിന് റെഡ് കാർഡ് കിട്ടിയത് വലിയ തിരിച്ചടി ആയി, കൂടാതെ ഫൗളിന് ലഭിച്ച പെനാൽറ്റി ലാൻസറോട്ടെ ഗോളാക്കിയതോടെ ഹാഫ് ടൈമിന് പിരിയുമ്പോൾ പത്താളും രണ്ടു ഗോളിന് പിറകിലും ആയി ബെംഗളൂരു.
ഹാഫ് ടൈമിന് ശേഷം ഒന്നും നഷ്ടപെടാനില്ലാത്ത ബെംഗളൂരു, ബാൾ കയ്യിൽ കിട്ടിയ അവസരത്തിൽ ഒക്കെ ആക്രമിച്ചു കളിയ്ക്കാൻ ശ്രമിച്ചു. ഗോവ രണ്ടു ഗോൾ ലീഡ് ആസ്വദിച്ചാണ് രണ്ടാം പകുതി തുടങ്ങിയത്. എന്നാൽ തളരാതെ പോരാടിയ ബെംഗളൂരു വീണ്ടും രണ്ടുവട്ടം ഗോവയുടെ വല കുലുക്കി. പട്ടരാലു കോർണറിൽ നിന്നും ഹെഡ് ചെയ്തു സ്കോർ ചെയ്തപ്പോൾ, ഗോവൻ ഡിഫെൻസിനെ നിലം പരിശാക്കി കയറിവന്ന കട്ടിമണിയുടെ മുകളിലൂടെ ചിപ്പ് ചെയ്തു ഒരു “കൂൾ” ഫിനിഷിലൂടെ മിക്കു ബംഗളുരുവിലെ കളിയിൽ തിരിച്ചെത്തിക്കുകയായിരുന്നു. ഉയർന്നു കളിച്ച ഗോവയുടെ മുന്നിൽ വെറും മൂന്നു മിനിട്ടു മാത്രമേ ആ സമനിലക്ക് ആയുസുണ്ടായിരുന്നോള്ളൂ, അറുപത്തി മൂന്നാം മിനുറ്റിൽ കോറോ തന്റെ ഹാട്രിക്ക് തികച്ചപ്പോൾ നാലാമത്തെ ഗോളും ബെംഗളൂരു ഏറ്റുവാങ്ങി.
തോറ്റെങ്കിലും ഇപ്പോളും ടേബിൾ ടോപ്ബാംഗ്ലൂർ തന്നെയാണ് എന്നത് ബെംഗളൂരു ആരാധകർക്ക് ആശ്വസിക്കാം, എന്നാൽ ഗോൾ കീപ്പർ ഗുർപ്രീതിനു റെഡ് കാർഡ് കിട്ടിയത് വരും മത്സരങ്ങളിലും ബെംഗളുരുവിന്റെ പ്രകടനത്തെ ബാധിച്ചേക്കും. ഐഎസ്എല്ലിൽ ജെംഷെഡ്പൂരിൽ നടക്കുന്ന മത്സരത്തിൽ നാളെ ജെംഷെഡ്പൂർ എഫ്‌സി കൊൽക്കത്തയെ നേരിടും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.