മൈസൂരു∙ രസഗുളയ്ക്ക് പിന്നാലെ മൈസൂർ പാക്കിന്റെ പിതൃത്വം സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ തർക്കം മുറുകുന്നു. മൈസൂർ പാക്കിന്റെ ഉൽപത്തി തമിഴ്നാട്ടിലാണോ അതോ കർണാടകയിലാണോ എന്ന കാര്യത്തിലാണു തർക്കം. മൈസൂർ പാക്കിന് ഭൗമസൂചിക പദവി നൽകണമെന്നതാണ് കന്നഡിഗരുടെ ആവശ്യം. മൈസൂരു നാട്ടുരാജ്യം ഭരിച്ചിരുന്ന വൊഡയാർ രാജാവ് വ്യത്യസ്തമായ മധുരപലഹാരം നിർമിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മൈസൂർ പാക്കിന്റെ പിറവിയെന്നാണ് കന്നഡിഗരുടെ വാദം.
കാക്കാസുര മാടപ്പ എന്ന പാചക വിദഗ്ധനാണ് രാജാവിനു വേണ്ടി മൈസൂർ പാക്ക് നിർമിച്ചതെന്നും പറയുന്നു. എന്നാൽ ഇതിനു മുൻപേ തന്നെ ഇതേ പലഹാരം തമിഴ്നാട്ടിൽ പിറവി കൊണ്ടിട്ടുണ്ടെന്നാണ് തമിഴരുടെ വാദം. കർണാടകയിലെ ആഘോഷ ചടങ്ങുകളിൽ മൈസൂർ പാക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത വിഭവമാണ്.