സർക്കാർ മേളകൾ ഉദ്യോഗസ്ഥരുടെ “കറവപ്പശുക്കൾ “

കേരള സർക്കാരിന്റെ പി ആർ ഡി വിഭാഗം, (മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന വകുപ്പ്)
ഇന്ത്യയിൽ വിവിധ പട്ടണങ്ങളിൽ ഒരുക്കുന്ന വ്യാപാര- സാംസ്കാരിക മേളയുടെ ആദ്യത്തേതാണ് കഴിഞ്ഞ ഞായറാഴ്ച (14 /10/2017)
മന്ത്രി ശ്രീ കെ ടി  ജലീൽ ബാംഗ്ലൂരിൽ ഉദ്‌ഘാടനം ചെയ്തത്.

ബാംഗ്ലൂരിലെ ഭൂരിപക്ഷം മലയാളി സംഘടനകളും ബഹിഷ്കരിച്ച മേള, ആളുകളുടെ ആരവമില്ലാത്ത സദസ്സിനു മുന്നിൽ മന്ത്രി  തിരി തെളിയിച്ച ശേഷം ജന സാന്നിധ്യമില്ലായ്മയുടെ  പ്രശ്നം പ്രസംഗത്തിൽ പരാമർശിക്കുക കൂടി ചെയ്തു.

ഉത്ഘാടന ദിവസത്തെ സദസ്സ്

എന്ത് കൊണ്ട് 15  ലക്ഷത്തിൽ പരം മലയാളികളുള്ള ബാംഗ്ലൂരിൽ , ആയിരങ്ങൾ ചിലവഴിച്ചു വന്ന കുടുബശ്രീ പ്രവർത്തകരുടെ ഉത്പന്നങ്ങൾ വാങ്ങാനാളില്ലാത്ത മേളയായി  മാറുന്നു…?

വ്യാപാര മേളയുമായി ബന്ധപെട്ടു നോർക്ക ബാംഗ്ലൂർ അധികാരികൾ   2 മാസം മുൻപ്  വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്ത ഒരു സംഘടന പ്രധിനിധി എന്ന നിലയിൽ ചില കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ട് വരാൻ ഞാൻ ആഗ്രഹിക്കുകയാണ്.

അന്ന് പി ആർ ഡി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞത് , ബാംഗ്ലൂർ നോർക്ക ഓഫീസിന്റെ സഹകരണത്തോടെ നടത്തുന്ന ഈ മേളയിൽ എല്ലാ മലയാളി സംഘടനകളുടെ കൂട്ടായ സഹകരണം വേണമെന്നും , മേളയുടെ ഭാഗമായി നടത്തുന്ന കലാ പരിപാടിയിൽ സംഘടനകളുടെ പ്രാതിനിധ്യത്തിനു   പകരം കഴിവുള്ള കലാകാരന്മാർക്കാവും അവസരം നൽകുക എന്നുമായിരുന്നു.

യോഗത്തിൽ പങ്കെടുത്ത 40 ഇൽ   അധികം സംഘടനാ പ്രതിനിധികളിൽ നിന്നും ഫോൺ നമ്പറും ഇമെയിലും ശേഖരിച്ച നോർക്ക ഓഫീസർ മുന്നോട്ടുള്ള എല്ലാ കാര്യങ്ങളും അറിയിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും , പിന്നീട് മേള തുടങ്ങുന്നത് വരെ തുടർമീറ്റിംഗുകളോ അറിയിപ്പുകളോ ഉണ്ടായില്ല.

പ്രവാസികളുടെ പ്രശ്നങ്ങൾ പഠിക്കാൻ കേരളത്തിൽ നിന്നും 5  എം എൽ എ മാർ വന്ന യോഗത്തിൽ വ്യാപാര മേളക്ക് ജയമഹൽ പാലസ് തീരുമാനിച്ച കാര്യവും , കലാപരിപാടിക്കുള്ള സി ഡി  അയക്കാനുള്ള വിവരവും പറഞ്ഞതല്ലാതെ മിക്ക സംഘടനകൾക്കും ഔപചാരികമായ അറിയിപ്പുകൾ ഉണ്ടായില്ല.

നോർക്ക ഓഫീസർ പെട്ടെന്നുള്ള സർക്കാർ തീരുമാനത്തിൽ ബാംഗ്ലൂരിലെ ചുമതലയിൽ നിന്നും ഒഴിവാക്കപ്പെടുക  കൂടി  ചെയ്തപ്പോൾ കാര്യങ്ങൾ മുഴുവൻ പി ആർ ഡി  ജീവനക്കാർ ഏകപക്ഷീയമായി തീരുമാനിക്കുന്ന സ്ഥിതി വന്നുചേർന്നു.

ഇതിനിടയിൽ കൗശലക്കാരായ, ചില സംഘടനാ ഭാരവാഹികൾ പി ആർ ഡി   ഉദ്യോഗസ്ഥരുമായി നേരിൽ ബന്ധപെട്ടു വ്യാപാര മേളയുടെ നടത്തിപ്പ് ഏറ്റെടുക്കുകയും , 7  ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ കലാ പ്രകടനങ്ങൾ നടത്താൻ അവർക്കു താൽപര്യമുള്ളവരെ തീരുമാനിക്കുകയും ചെയ്തു.

ബാംഗ്ലൂരിലെ മറ്റു സംഘടന പ്രവർത്തകർ എല്ലാ വിവരങ്ങളിൽ  നിന്നും അകറ്റി നിർത്തപ്പെട്ടു.

ബാംഗ്ലൂരിലെ പ്രധാനപ്പെട്ട ഒരു മലയാളി സംഘടനാ ഭാരവാഹി മന്ത്രി   ജലീൽ നിലവിളക്കു കൊളുത്തുന്ന വേദിയിൽ നെഞ്ച് നിവർത്തി,  കത്തിച്ച മെഴുകുതിരി നീട്ടി കൊടുത്ത്  അദ്ദേഹത്തിന്റെ സംഘടനയുടെ സാന്നിധ്യം ഉറപ്പിച്ചു.

(അദ്ദേഹത്തിന്റെ കൗശലത്തെ അനുമോദിക്കുകയും അതിനവസരം കൊടുത്ത പി ആർ ഡി  ഉദ്യോഗസ്ഥൻ ശ്രീ കിരണിന്റെ പ്രവർത്തനത്തിൽ പ്രതിഷേധിക്കുകയും  ചെയ്യുന്നു.)

ഒരു മലയാളി സംഘടനാ പ്രതിനിധിയെയും    ഉത്‌ഘാടന വേദിയിൽ ഉൾപ്പെടുത്തില്ല എന്ന് പി ആർ ഡി  ഉപ ഡയറക്ടർ ശ്രീ ഷൈൻ വ്യക്തമാക്കിയിട്ടും അത് സംഭവിച്ചു.

ഉദ്ഘാടന ശേഷം നടന്ന കലാ വിരുന്നിൽ അതെ സംഘടനയുടെ പേരിൽ നൃത്യങ്ങൾ അവതരിപ്പിക്കപ്പെട്ടു.

കലാപ്രകടനങ്ങൾ  സംഘടനയുടെ പേരിൽ വിളിച്ചു പറയില്ല എന്ന്  പി ആർ ഡി അസിസ്റ്റന്റ് ഡയറക്ടർ  ശ്രീ ഷൈൻ   ഉത്‌ഘാടനത്തിനു തൊട്ടു മുന്നേ വരെ ആവർത്തിച്ചു ഉറപ്പു  തന്നിട്ടും  മേളയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ.

ശ്രീ കിരണിനു ഒരു സംഘടനയുടെ പേര് പല വട്ടം വിളിച്ചു പറയാൻ നൂറു നാക്കായിരുന്നു.

പത്ര വാർത്തകളിലും ചില സംഘടനകളുടെ പേരുകൾ മേളയുടെ ഭാഗമായി ഉയർന്നു വന്നു.

ഇത് സംബന്ധിച്ചു ശ്രീ ഷൈൻ എന്നോട് പറഞ്ഞത് പത്രങ്ങൾക്കു അവർ അയച്ച കുറിപ്പിൽ ബാംഗ്ലൂരിലെ ഒരു സംഘടനകളുടെ പേരും കൊടുത്തില്ല എന്നാണ്.

അപ്പോൾ ആരാണ് വില്ലൻ…?

പി ആർ ഡി  ഉദ്യോഗസ്ഥാനോ അതോ മറ്റാരെങ്കിലുമോ..?

നോട്ടീസ് അച്ചടിക്കുള്ള  ടെണ്ടർ കൊടുക്കുന്നതിനൊപ്പം അതിൽ എന്ത് അച്ചടിക്കണം എന്ന്     തീരുമാനിക്കാനുള്ള സ്വാതന്ത്യവും  ടെണ്ടർ കിട്ടിയ   സംഘടനാ ഭാരവാഹിക്കു കെടുത്തിരുന്നോ.. ?

പത്രക്കാർക്ക് വാർത്ത അയക്കാനും   ടെണ്ടർ കൊടുത്തിരുന്നോ..??

എങ്ങിനെയാണ് മലയാളി സംഘടനകളുടെ കൂട്ടായ സഹകരണത്തിൽ നിന്നും ചില വ്യക്തികളുടെയും അത് വഴി അവരുടെ സംഘടനയുടെയും പരസ്യ ഇടമായി സർക്കാർ  മേള മാറിയത്.

ഏതെങ്കിലും മലയാളി സംഘടനയെ വിമർശിക്കാനല്ല  ഈ എഴുത്ത്.

ചില സംഘടനാ ഭാരവാഹികൾ മാഫിയ സംഘങ്ങളെ പോലെ പ്രവർത്തിക്കുന്നതുമല്ല ഇവിടെ വിഷയം,

സംഘടനകൾക്കിടയിലും മലയാളികൾക്കിടയിലും അനാരോഗ്യകരമായ മത്സരങ്ങളും തൻപ്രമാണിത്വവും ഉണ്ടാവാൻ ഒരു സർക്കാർ വകുപ്പ് വേദിയൊരുക്കുന്നതു എന്തിനാണെന്നതാണ് കാതലായ പ്രശ്നം

ചില പി ആർ ഡി  ഉദ്യോഗസ്ഥർ ബാംഗ്ലൂരിലെ ചിലരുടെ
” സുഖിപ്പിക്കൽ സൽക്കാരത്തിൽ” സർക്കാർ നിയമങ്ങൾ മറന്നു പോയോ.. ?

എന്തിനായിരുന്നു സംഘടനാ പ്രതിനിധികളെ വിളിച്ചു വരുത്തി യോഗം ചേർന്നത്…?

കിലോമീറ്ററുകൾ താണ്ടി യോഗത്തിൽ പങ്കെടുത്ത ബാംഗ്ലൂർ മലയാളി സംഘടനാ പ്രധിനിധികൾക്കു അവരുടെ സമയത്തിന്റെ വിലക്കുള്ള മാന്യതയെങ്കിലും നൽകേണ്ടതായിരുന്നില്ലേ. ??

യോഗത്തിലൊരിക്കൽ പോലും മേളയുടെ നടത്തിപ്പിൽ ഈവന്റ് മാനേജ്മെന്റിന്റെ സഹായം തേടുമെന്ന് പറഞ്ഞിട്ടില്ല.

അങ്ങനെയുണ്ടങ്കിൽ ആ യോഗത്തിൽ അത് അറിയിക്കേണ്ടിയിരുന്നില്ലേ…?

ഈവന്റ് മാനേജ്മെന്റിനെ എല്ലാ ചുമതലയും ഏല്പിക്കാനായിരുന്നെകിൽ പിന്നെന്തിനായിരുന്നു നോർക്കയെ ഉപയോഗിച്ച് കൊണ്ടുള്ള ഈ യോഗം വിളിച്ചുള്ള  നാടകം കളി…?

മേള നടത്തിപ്പിനായി  ഇങ്ങനെയൊരു ടെണ്ടർ വിളിക്കുന്ന വിവരം ബാംഗ്ലൂർ മലയാളികളിൽ നിന്നും എന്തിനു മറച്ചു വെച്ചു..?

ഈ മേളയുടെ ഉദ്ഘാടന ദിവസത്തെ നന്നായി ഉപയോഗിച്ച സംഘടനയുടെ ഭാരവാഹിക്കു ഈ മേള നടത്തിപ്പിനുള്ള ടെണ്ടർ എങ്ങിനെ കിട്ടി..?

( അദ്ദേഹത്തിന് കിട്ടിയതിൽ ആർക്കും പരാതിപ്പെടേണ്ട കാര്യമില്ല, അത് അദ്ദേഹത്തിന്റെ തൊഴിലിന്റെ ഭാഗമാണ്. )

പക്ഷെ നോർക്കയും ,പി ആർ ഡി യും ഈ ടെണ്ടർ വിവരം എന്തിനു പൂഴ്ത്തി വെച്ചു. ..?

മേള നടത്തിപ്പ് ഏറ്റെടുത്ത സംഘടനാ ഭാരവാഹി, അതുവഴി അദ്ദേഹത്തിന്റെ സംഘടനയുടെ മേൽക്കോയ്മ കാണിക്കാൻ മേളയുടെ കലാമേളകൾ ഉപയോഗപ്പെടുത്തി എന്ന ആരോപണത്തിന്  അടിവരയിടുന്നതാണ് പി ആർ ഡി ഉദ്യോഗസ്ഥൻ ശ്രീ കിരണിന്റെ പ്രവർത്തനങ്ങൾ .

കിരണിനെതിരെ സർക്കാർ അന്വേഷണം  നടത്തണം.

ഇതിന്റെ പ്രവർത്തനത്തിൽ ഭാഗമായ കാര്യങ്ങൾ അന്വേഷണത്തിൽ ഉൾപ്പെടുത്തണം.

ടെണ്ടർ വിളിച്ച തുകയും , കേരളത്തിൽ നിന്നും എത്ര കലാകാരന്മാർ വരുന്നു, അവരുടെ ചിലവുകൾക്കു ഉൾപ്പെടുത്തിയ പണം , എന്നുള്ളതിന്റെ കുറിച്ചും അന്വേഷണം നടക്കണം.

ടെണ്ടർ സ്വകാര്യമായി കൊടുത്തോ..?
ബാംഗ്ലൂർ മലയാളികൾക്ക് അറിയാൻ ആഗ്രഹമുണ്ട്.

കഴിവുള്ള ഒട്ടേറെ പ്രതിഭകൾക്കു അവസരം നഷ്ടപ്പെടുത്തി “ചിലരുടെ ” ചിലങ്കകൾ മാത്രം ആടിത്തിമിർക്കാൻ പി ആർ ഡിയിലെ ആരെങ്കിലും സഹായിച്ചെങ്കിൽ അത് മുഖ്യമന്ത്രി അറിയണം.

മേളകൾ അതിന്റെ നടത്തിപ്പുകാർക്കുള്ള “സുഖ മേളകളായി ” മാറരുത്.

ഇനിയും മേളകൾ ബാക്കിയുണ്ട്,മുംബൈയിലും ഹൈദരാബാദിലുമൊക്കെ..

അവിടങ്ങളിലും  ഇതേ അഴിമതികൾ ആവർത്തിക്കുന്നതിനു മുൻപ് , വ്യാപാര മേളകൾ ചിലർക്കുള്ള “കറവപ്പശുക്കളായി” മാറുന്നത് തടയപ്പെടണം.

മറ്റിടങ്ങളിലും   ഇത്തരം അപ്രിയ സത്യങ്ങളും അഴിമതിയും തുടർകഥയാവും മുൻപ് സർക്കാർ ഇടപെടണം.

അഴിമതിക്കെതിരെയുള്ള സർക്കാരിന്റെ പ്രഖ്യാപനത്തിൽ ചില സർക്കാരുദ്യോഗസ്ഥർ വെള്ളം ചേർക്കുന്നത് അനുവദിച്ചുകൂടാ..

50 ഇൽ പരം വിവിധ സ്റ്റാളുകൾ മേളയിലൊരുക്കിയിട്ടുണ്ട്.വിശിഷ്യാ കുടുംബശ്രീ സ്ത്രീകൾ ഒരുക്കിയ വിവിധ തരം ആഹാര വിഭവങ്ങൾ.

അവരുടെ കണ്ണീരാവരുത് മേളയുടെ അവസാന കാഴ്ച.അതിനാൽ തന്നെ ഈ പ്രതിഷേധങ്ങൾക്കിടയിലും കുടുംബ ശ്രീ ഒരുക്കിയ രുചിക്കൂട്ടുകള്‍ ആസ്വദിക്കാൻ ബാംഗ്ലൂരിലെ മലയാളി സമൂഹം മേള മൈതാനത്തു കുടുംബ സമേതം പോകണമെന്നും , മേള വിജയിപ്പിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

 

(നഗരത്തിൽ പ്രവർത്തിക്കുന്ന കർണാടക, ഓർഗനൈസേഷൻ ഓഫ് യുനൈറ്റഡ് മലയാളീസ് “ഒരുമ” എന്ന മലയാളി കൂട്ടായ്മയുടെ സ്‌റ്റേറ്റ് കൺവീനറാണ് ലേഖകൻ- ഈ ലേഖനം പൂർണമായും ലേഖകന്റേത് ആണ്, BengaluruVaartha.Com അത് പ്രസിദ്ധീകരിക്കുക മാത്രമാണ് ചെയ്യുന്നത്)

“എന്തിനും കരച്ചിൽ ശീലമാക്കരുത്,സ്വന്തമായി വിലകളയുന്ന ജന്മങ്ങൾ”കേരള സര്‍ക്കാരിന്റെ വ്യാപാര മേളയെ വിമര്‍ശിച്ച അന്‍വര്‍ മുത്ത്‌ ഇല്ലത്തിന് ഒരു മറുപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us