ചെറു മഴപെയ്താല്‍ വെള്ളത്തിലാകുന്ന നഗരത്തെ രക്ഷപ്പെടുത്താന്‍ ബിബിഎംപി;സർവേ നടത്താൻ ബിഎംടിഎഫ്

ബെംഗളൂരു∙ മഴ പെയ്താൽ പെരുവെള്ളത്തിലാഴുന്ന നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളായ കോറമംഗല, എസ്ടി ബെഡ്, ജെസി റോഡ്, ശാന്തിനഗർ ബസ് സ്റ്റേഷൻ, എച്ച്എസ്ആർ ലേഒൗട്ട്, കെആർ പുരം, നന്ദഗോകുല ലേഒൗട്ട് തുടങ്ങിയിടങ്ങളിൽ മഴച്ചാലുകളും മറ്റും കയ്യേറിയുള്ള നിർമാണങ്ങളെക്കുറിച്ച് സർവേ നടത്താൻ ബെംഗളൂരു മെട്രോപ്പൊലിറ്റൻ ടാസ്ക് ഫോഴ്സ് (ബിഎംടിഎഫ്). ഇവർ നടത്തുന്ന അവലോകനത്തിന്റെ പശ്ചാത്തലത്തിൽ, കയ്യേറ്റമൊഴിപ്പിച്ച് മഴവെള്ളച്ചാൽ തെളിക്കുന്ന നടപടികളുമായി ബിബിഎംപി മുന്നോട്ടു പോകും.

മഹാനഗരത്തിലെ 132 കിലോമീറ്റർ മഴവെള്ളച്ചാലുകളുടെ നിർമാണ പ്രവർത്തനങ്ങൾ 2018 മാർച്ചിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നതായി ബെംഗളൂരു വികസന മന്ത്രി കെ.ജെ ജോർജ്. 62 കിലോമീറ്ററിലായുള്ള നിർമാണങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. ബാക്കി 70 കിലോമീറ്ററിലായുള്ള വികസന പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി നീക്കിവച്ചിട്ടുള്ള 800 കോടി രൂപയിൽ 374 കോടി രൂപ ബിബിഎംപി ഇതിനോടകം ചെലവഴിച്ചതായും മന്ത്രി പറഞ്ഞു.

ബെംഗളൂരു നഗരത്തിൽ 842 കിലോമീറ്റർ വിസ്തൃതിയിലാണ് മഴവെള്ളക്കാനകളുടെ ശൃംഖല പടർന്നു കിടക്കുന്നത്. വർഷാവർഷം മഴവെള്ളച്ചാലുകളുടെ അറ്റകുറ്റപ്പണിയും കയ്യേറ്റമൊഴിപ്പിക്കലും നടത്തുന്നുണ്ടെങ്കിലും കനത്ത മഴപെയ്താൽ നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിൽ മുങ്ങിത്താഴുന്നത് സ്ഥിരം പ്രതിഭാസമായി മാറിയിരിക്കുകയാണ്. രണ്ടു വർഷത്തേക്കുമായി 800 കോടി രൂപയാണ് മഴവെള്ളച്ചാലുകളുടെ വികസനത്തിനായി ബിബിഎംപിക്കു ലഭിക്കുന്നത്.

കഴിഞ്ഞ ദിവസം പെയ്തിറങ്ങിയ കനത്ത മഴയെ തുടർന്ന് നിരത്തുകളിൽ രൂപപ്പെട്ട വിള്ളലും കുഴികളും നികത്താനുള്ള നടപടികൾ ബിബിഎംപി ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ജോർജ് പറഞ്ഞു. മഴകഴിഞ്ഞാലുടൻ ഇതിനുള്ള പ്രവർത്തനം തുടങ്ങും. കുഴികളിൽ മഴവെള്ളം കെട്ടിനിൽക്കുന്നതു കാരണം ബൈക്ക് അപകടങ്ങളും മറ്റും ഏറുന്ന സാഹചര്യത്തിൽ, ഇതിനെതിരെ ജനം വൻപ്രതിഷേധം രേഖപ്പെടുത്തി വരികയാണ്.‌

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us