മഹാനഗരത്തിലെ 132 കിലോമീറ്റർ മഴവെള്ളച്ചാലുകളുടെ നിർമാണ പ്രവർത്തനങ്ങൾ 2018 മാർച്ചിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നതായി ബെംഗളൂരു വികസന മന്ത്രി കെ.ജെ ജോർജ്. 62 കിലോമീറ്ററിലായുള്ള നിർമാണങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. ബാക്കി 70 കിലോമീറ്ററിലായുള്ള വികസന പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി നീക്കിവച്ചിട്ടുള്ള 800 കോടി രൂപയിൽ 374 കോടി രൂപ ബിബിഎംപി ഇതിനോടകം ചെലവഴിച്ചതായും മന്ത്രി പറഞ്ഞു.
ബെംഗളൂരു നഗരത്തിൽ 842 കിലോമീറ്റർ വിസ്തൃതിയിലാണ് മഴവെള്ളക്കാനകളുടെ ശൃംഖല പടർന്നു കിടക്കുന്നത്. വർഷാവർഷം മഴവെള്ളച്ചാലുകളുടെ അറ്റകുറ്റപ്പണിയും കയ്യേറ്റമൊഴിപ്പിക്കലും നടത്തുന്നുണ്ടെങ്കിലും കനത്ത മഴപെയ്താൽ നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിൽ മുങ്ങിത്താഴുന്നത് സ്ഥിരം പ്രതിഭാസമായി മാറിയിരിക്കുകയാണ്. രണ്ടു വർഷത്തേക്കുമായി 800 കോടി രൂപയാണ് മഴവെള്ളച്ചാലുകളുടെ വികസനത്തിനായി ബിബിഎംപിക്കു ലഭിക്കുന്നത്.
കഴിഞ്ഞ ദിവസം പെയ്തിറങ്ങിയ കനത്ത മഴയെ തുടർന്ന് നിരത്തുകളിൽ രൂപപ്പെട്ട വിള്ളലും കുഴികളും നികത്താനുള്ള നടപടികൾ ബിബിഎംപി ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ജോർജ് പറഞ്ഞു. മഴകഴിഞ്ഞാലുടൻ ഇതിനുള്ള പ്രവർത്തനം തുടങ്ങും. കുഴികളിൽ മഴവെള്ളം കെട്ടിനിൽക്കുന്നതു കാരണം ബൈക്ക് അപകടങ്ങളും മറ്റും ഏറുന്ന സാഹചര്യത്തിൽ, ഇതിനെതിരെ ജനം വൻപ്രതിഷേധം രേഖപ്പെടുത്തി വരികയാണ്.