ജയിലിലെ ഓരോ ബാരക്കും സന്ദർശിച്ചതായും, ആർക്കും പ്രത്യേക പരിഗണനയൊന്നും ലഭിക്കുന്നില്ലെന്ന് ഉറപ്പു വരുത്തിയതായും മന്ത്രി പറഞ്ഞു. ഇത് ഉറപ്പു വരുത്താനായി ജയിൽ അധികൃതരോടു കൃത്യമായ ഇടവേളകളിൽ പരിശോധന സംഘടിപ്പിക്കാനും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂണിൽ ബെംഗളൂരു പാരപ്പന അഗ്രഹാര ജയിലിലെ തടവുകാർക്കിടയിൽ മൊബൈൽ ഫോണുകൾ വ്യാപകമെന്നു കണ്ടെത്തിയതിനെ തുടർന്നു സംസ്ഥാനത്തെ മറ്റു ജയിലുകളിലും പരിശോധന വ്യാപകമാക്കി.
വലിയവില നൽകി ജയിലിനുള്ളിലേക്ക് കടത്തിക്കൊണ്ടു വരുന്ന ഫോണിൽ നിന്നു സഹതടവുകാർക്കു വിളിക്കാൻ ഒരുകോളിന് 500 മുതൽ 1500 രൂപ വരെ ചാർജ് ഈടാക്കുന്നതായാണ് അധികൃതർ കണ്ടെത്തിയത്. ജയിൽ മുൻ ഡിജിപി എച്ച്.എൻ. സത്യനാരായണ റാവു ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ രണ്ടുകോടി രൂപ കൈക്കൂലി വാങ്ങി അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി ശശികലയ്ക്ക് വിഐപി പരിഗണന നൽകിയിരുന്നതായി ചൂണ്ടിക്കാട്ടി ഡിഐജിയായിരുന്ന ഡി. രൂപ ജൂലൈ 13നു സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദം സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതിനെ തുടർന്നാണ് ജയിൽ ഡിജിപി എൻ.എസ് മേഘരിക് ഇടപെട്ട് തടവുപുള്ളികൾക്കു പ്രത്യേക പരിഗണന ലഭിക്കാത്ത സാഹചര്യം ഉറപ്പാക്കിയത്.