നിങ്ങളുടെ സ്മാര്‍ട്ട്‌ ഫോണില്‍ ആപ് ഡൌണ്‍ ലോഡ് ചെയ്യുക,ഇന്ദിര കാന്റീന്‍ കണ്ടെത്തുക;പ്രാതല്‍ @5 രൂപ,ഉച്ചഭക്ഷണവും-അത്താഴവും@10 രൂപ.

ബെംഗളൂരു∙ ഹഡ്സൻ സർക്കിളിന് സമീപത്തെ ബന്നപ്പ പാർക്കിൽ ഇന്നലെ രാവിലെ മുതൽ ഉൽസവ മേളമായിരുന്നു. സമ്പഗിനഗർ വാർഡിലെ ഇന്ദിരാ കന്റീനിൽ നിന്ന് ഭക്ഷണം കഴിക്കാനുള്ള ആവേശത്തിലായിരുന്നു പലരും. കോളജുകളിൽ നിന്ന് സംഘമായെത്തിയ കൗമാരക്കാരാണ് കൂടുതൽ. ഉച്ചഭക്ഷണത്തിനായി 12ന് മുൻപേ തന്നെ നൂറിലധികം പേർ കന്റീന് മുന്നിൽ നിലയുറപ്പിച്ചു. 12.30നു വിതരണം ആരംഭിക്കുമെന്ന പ്രതീക്ഷയിൽ ആളുകൂടിയതോടെ ചാനൽ സംഘങ്ങൾ എത്തിയെങ്കിലും ഭക്ഷണം മാത്രം എത്തിയില്ല. ഉദ്ഘാടന ദിനത്തിൽ രാത്രിയിലെ സൗജന്യ ഭക്ഷണം നഷ്ടപ്പെട്ടതിന്റെ നിരാശയിലായിരുന്നു ചിലർ.

തമിഴ്നാട്ടിലെ അമ്മ കന്റീനിൽ കൂടുതൽ വിഭവങ്ങൾ ലഭിക്കുന്നതിന്റെ വിശേഷങ്ങൾ പങ്കുവച്ചവരും കുറവായിരുന്നില്ല. ഒരു മണി കഴിഞ്ഞതോടെയാണ് ഗുഡ്സ് ഓട്ടോറിക്ഷയിൽ ഭക്ഷണമെത്തിയത്. ഊട്ട ബൻതു (ഉച്ചഭക്ഷണമെത്തി) കന്നഡയിൽ ആർപ്പുവിളികൾ ഉയർന്നതോടെ ചാനൽ കാമറകൾക്ക് മുന്നിൽ പത്ത് രൂപയുടെ നോട്ട് ഉയർത്തിപ്പിടിച്ച് പോസ് ചെയ്യാനുള്ള തിരക്കിലായി കുറേപ്പേർ. കന്റീന്റെ രണ്ട് വാതിലുകളിൽ കൂടി പത്ത് മിനിറ്റിനകം ഭക്ഷണ വിതരണമാരംഭിച്ചതോടെ കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന തരത്തിലായി കാര്യങ്ങൾ.

പത്ത് രൂപ നൽകി സ്റ്റീൽ പ്ലേറ്റിൽ വിളമ്പിയ ബിസിബല്ലെ ബാത്തും തൈര് സാധവുമായി യുവാക്കളുടെ സംഘങ്ങൾ പുറത്തേക്ക്. ഇന്ദിരാ കന്റീനിൽ നിന്ന് ഭക്ഷണം ലഭിച്ചത് സുഹൃത്തുക്കളെ അറിയിക്കാൻ പ്ലേറ്റുമായി നിൽക്കുന്നതിന്റെ സെൽഫി പോസ്റ്റ് ചെയ്യാനും തിരിക്കുണ്ടായി. തുമ്പ ചനായിത് (നല്ല ഭക്ഷണം) തന്നെയെന്ന കാര്യത്തിൽ ഭൂരിഭാഗവും ഒറ്റക്കെട്ട്. ഭക്ഷണത്തിന്റെ അളവ് കുറഞ്ഞുപോയതിലാണ് കുറേപേർക്ക് വിഷമം. 240 പേർക്ക് ഉച്ച ഭക്ഷണം നൽകിയതിന് ശേഷമാണ് കന്റീൻ അടച്ചത്.

ഭക്ഷണ സമയം

പ്രഭാത ഭക്ഷണം 7.30 മുതൽ പത്ത് വരെയും ഉച്ചഭക്ഷണം 12.30 മുതൽ മൂന്ന് വരേയും അത്താഴം രാത്രി 7.30 മുതൽ ഒൻപത് വരെയുമാണ് ഇന്ദിരാ കന്റീനുകളിൽ വിതരണം ചെയ്യുന്നത്. ആദ്യം ടോക്കണെടുക്കുന്ന 250 പേർക്കാണ് ഒരു നേരം ഭക്ഷണം വിതരണം ചെയ്യുക.

അവകാശവാദങ്ങൾ പൊളിഞ്ഞു: അടുക്കള ആറെണ്ണത്തിൽ മാത്രം

ആദ്യഘട്ടത്തിൽ 101 കന്റീനുകൾ പ്രവർത്തനമാരംഭിച്ചുവെന്നാണ് ബിബിഎംപി അവകാശപ്പെടുന്നുവെങ്കിലും ചിലതി ല്‍മാത്രമേ ഇന്നലെ ഭക്ഷണ വിതരണം നടന്നിട്ടുള്ളൂ. അടുക്കള സൗകര്യത്തോടെയുള്ള ആറ് കന്റീനുകൾ മാത്രമാണ് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. ഓൾഡ് എയർപോർട്ട് റോഡ്, ഗുൻജൂർ, സഹകാർനഗർ, ജയനഗർ, രാജാജിനഗർ, മാദനായകനഹള്ളി എന്നിവിടങ്ങളിൽ മാത്രമാണ് അടുക്കള സൗകര്യമുള്ളത്. ഇവിടെ പാചകം ചെയ്ത് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നത് കൊണ്ടാണ് സമയത്ത് ഭക്ഷണമെത്തിക്കാൻ സാധിക്കാത്തത്. വരും ദിവസങ്ങളിൽ പ്രശ്നം പരിഹരിക്കുമെന്ന് ബിബിഎംപി കമ്മീഷണർ ബി.മഞ്ജുനാഥ പ്രസാദ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us