എംഎൽഎ സ്ഥാനം രാജിവയ്ക്കാനൊരുങ്ങി ഗണേശ് കുമാർ; കോൺഗ്രസിലെത്തിക്കാൻ കരുക്കൾ നീക്കി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും; രാജി വയ്ക്കാതെ കൂറുമാറിയാൽ അയോഗ്യനാക്കാൻ ബാലകൃഷ്ണപിള്ളയും; കേരളാ കോൺഗ്രസ് പിള്ള ഗ്രൂപ്പിലെ പൊട്ടിത്തെറി ഉപതെരഞ്ഞെടുപ്പിന് സാധ്യതയൊരുക്കുന്നു; അച്ഛനും മകനും പരസ്പരം മത്സരിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്

പത്തനാപുരം: ഒരിടവേളയ്ക്ക് ശേഷം കേരള കോൺഗ്രസ്ബിയിൽ അഭ്യന്തര തർക്കം രൂക്ഷമാകുന്നു. പാർട്ടി ചെയർമാൻ ആർ.ബാലകൃഷ്ണപിള്ളയ്ക്കു കാബിനറ്റ് പദവിയോടെ മുന്നോക്ക വികസന കോർപറേഷൻ ചെയർമാൻ സ്ഥാനം ലഭിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണം.

ഇതോടെ തനിക്ക് മന്ത്രിസ്ഥാനം കിട്ടില്ലെന്ന് മനസ്സിലാക്കിയ പാർട്ടി എംഎൽഎ കെബി ഗണേശ് കുമാർ കലാപത്തിന് കോപ്പുകൂട്ടൂകയാണ്. മുന്നോക്ക വികസന കോർപറേഷൻ ചെയർമാൻ സ്ഥാനം പിള്ളയ്ക്കു നൽകിയതിൽ കേരള കോൺഗ്രസ്ബി വൈസ് ചെയർമാനും പത്തനാപുരം എംഎൽഎയും മകനുമായ കെ.ബി. ഗണേശ് കുമാറിന് കടുത്ത എതിർപ്പുള്ളതായിട്ടാണ് സൂചന. ഇതോടെ പാർട്ടി പിളരുമെന്നാണ് റിപ്പോർട്ട്. എൽഡിഎഫിന്റെ ഭാഗമായാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചതെങ്കിലും കേരളകോൺഗ്രസ്ബിയുടെ മുന്നണി പ്രവേശനം ഇപ്പോഴും അടഞ്ഞ അധ്യായമാണ്. ഈ സാഹചര്യത്തിലാണ് ഗണേശ് യുഡിഎഫിലേക്ക് കൂടുമാറാൻ തയ്യാറെടുക്കുന്നത്.

എന്നാൽ ഗണേശ് കുമാർ അതിന് മുതിർന്നാൽ എംഎൽഎ സ്ഥാനം നഷ്ടമാക്കുമെന്നാണ് ബാലകൃഷ്ണ പിള്ളയുടെ നിലപാട്. കേരളാ കോൺഗ്രസ് ബിയുടെ എംഎൽഎയാണ് ഗണേശ്. പാർട്ടി തീരുമാനങ്ങൾക്ക് വിരുദ്ധമായ തീരുമാനമെടുത്താൽ വലിയ വിലകൊടുക്കേണ്ടി വരും. എംഎൽഎ സ്ഥാനത്ത് നിന്ന് തന്നെ അയോഗ്യനാക്കാനുള്ള അധികാരം പാർട്ടി ചെയർമാനായ തനിക്കുണ്ടെന്നാണ് ബാലകൃഷ്ണ പിള്ളയുടെ നിലപാട്. ഇടതു മുന്നണി വിട്ട് യുഡിഎഫിലേക്ക് ഗണേശ് പോയാൽ അയോഗ്യനാക്കുമെന്ന നിലപാടിൽ തന്നെയാണ് പിള്ള. സ്പീക്കറും സിപിഎമ്മുകാരനായതിനാൽ ഇതിന് വേഗത്തിൽ കഴിയുകയും ചെയ്യും. ഇതോടെ കേരളാ കോൺഗ്രസ് ബി പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. പാർട്ടിയുടെ ബഹുഭൂരിഭാഗത്തേയും ഒപ്പം നിർത്തി യുഡിഎഫിലേക്ക് പോയാൽ നിയമ പോരാട്ടത്തിലൂടെ ഇതിനെ മറികടക്കാനാകും. ഇതിനുള്ള ചരടുവലികൾ ഗണേശും തുടങ്ങിയിട്ടുണ്ട്.

അതിനിടെ പത്തനാപുരത്തെ എംഎൽഎ സ്ഥാനം ഗണേശ് രാജിവയ്ക്കുമെന്നും സൂചനയുണ്ട്. ഇതു ചെയ്താൽ ഗണേശിനെ അയോഗ്യനാക്കുന്നത് ഒഴിവാക്കാനാകും. അതിന് ശേഷം യുഡിഎഫ് സ്ഥാനാർത്ഥിയായി പത്തനാപുരത്ത് അവതരിക്കും. മികച്ച ജനപിന്തുണയുള്ളതിനാൽ വീണ്ടും ജയിക്കാനാകുമെന്നാണ് ഗണേശിന്റെ നിലപാട്. അങ്ങനെ വന്നാൽ പത്തനാപുരത്ത് ഇടത് സ്ഥാനാർത്ഥിയായി മത്സരിക്കാൻ താൻ ഒരുക്കമാണെന്ന് ബാലകൃഷ്ണ പിള്ളയും നിലപാട് എടുത്തു കഴിഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആയോഗ്യതാ കാലാവധി പി്ള്ള പിന്നിട്ടു കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇനി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാം. അതുകൊണ്ട് തന്നെ എംഎൽഎ സ്ഥാനം ഗണേശ് രാജിവച്ചാൽ അച്ഛനും മകനും മാറ്റുരയ്ക്കുന്ന ഉപതെരഞ്ഞെടുപ്പ് സാധ്യതയാണ് രാഷ്ട്രീയ കേരളത്തിന് മുന്നിൽ ഇപ്പോഴുള്ളത്. അതിനിടെ ഗണേശ് പുതിയ പാർട്ടിയുണ്ടാക്കാതെ കോൺഗ്രസിൽ ചേരുമെന്നും സൂചനയുണ്ട്.

ഗണേശിന്റെ മന്ത്രിസ്ഥാന സാധ്യതയാണ് പിള്ളയുടെ സ്ഥാനലബ്ദി ഇല്ലാതാക്കിയതെന്നാണ് പാർട്ടിയിലെ ഒരുവിഭാഗത്തിന്റെ വാദം. തങ്ങൾ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നു പിള്ള പറഞ്ഞതും പ്രശ്‌നം വഷളാക്കി. ഇതിനിടെ, മുന്നോക്ക കമ്മീഷൻ ചെയർമാൻ സ്ഥാനം കിട്ടിയിട്ടും കൊല്ലം മേഖലയിൽ പിള്ളയ്ക്കു സ്വീകരണം പോലും നൽകാത്തതിനു പിന്നിൽ ഗണേശ് വിഭാഗത്തിന്റെ എതിർപ്പാണെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഇടുക്കിയിലാണ് പാർട്ടി തലത്തിൽ പിള്ളയ്ക്കു സ്വീകരണം നൽകിയത്. ഇടത് മന്ത്രിസഭയിൽ ‘ഇന്നല്ലങ്കിൽ നാളെ’ തനിക്കു പ്രവേശനം ലഭിച്ചേക്കുമെന്നായിരുന്നു ഗണേശിന്റെ കണക്കുകൂട്ടൽ. അതിനിടെയാണ് കാബിനറ്റ് പദവിയോടെ മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനം ബാലകൃഷ്ണപിള്ള തട്ടിയെടുത്തത്.

 

പിള്ളയ്ക്ക് സ്ഥാനമാനങ്ങൾ ലഭിച്ചതോടെ പാർട്ടിക്ക് അർഹതപ്പെട്ട ബോർഡ്, കോർപറേഷൻ ചെയർമാൻ സ്ഥാനങ്ങളും ഇല്ലാതായി. ഇതിൽ പ്രവർത്തകർക്കെല്ലാം വലിയ എതിർപ്പുണ്ടെന്നാണ് ഗണേശ് വിഭാഗത്തിന്റെ വാദം. എന്നും ഒരാൾ മാത്രം സ്ഥാനങ്ങൾ നേടിയെടുക്കുന്നതു ശരിയല്ല, പാർട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്ന പ്രവർത്തകരെ കൂടി കണക്കിലെടുക്കണമെന്നാണ് ഗണേശിന്റെ നിലപാട്. നോട്ടീസിൽ പേര് ചേർക്കുകയും പ്രത്യേകം ക്ഷണിക്കുകയും ചെയ്തിട്ടും സർക്കാരിന്റെ ഒന്നാം വാർഷികാഘോഷച്ചടങ്ങിൽ ഗണേശ് പങ്കെടുക്കാതിരുന്നത് പ്രതിഷേധം വ്യക്തമാക്കാൻ വേണ്ടിയായിരുന്നെന്ന് അദ്ദേഹത്തിന്റെ അടുപ്പക്കാർ വ്യക്തമാക്കുന്നു. ഇന്നലെ ബാലകൃഷ്ണപിള്ള മുന്നോക്കക്ഷേമ കോർപ്പറേഷൻ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങിൽ നിന്നും ഗണേശ് വിട്ടുനിന്നു.

യു.ഡി.എഫ്. വിട്ട് ഇടതുമുന്നണിയോടു ചേർന്നു നിന്നപ്പോഴും തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോഴും ഗണേശ് മന്ത്രിപദം ആഗ്രഹിച്ചിരുന്നു. ഇത് അസ്ഥാനത്താക്കുന്നതാണ് പിള്ളയുടെ സ്ഥാനം. പുതിയ സാഹചര്യത്തിൽ, യു.ഡി.എഫുമായി അടുക്കാനും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പോടെ അതിന്റെ ഭാഗമാകാനുമുള്ള നീക്കത്തിലാണു ഗണേശും കൂട്ടരും. അദ്ദേഹം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുമായി നേരത്തേ ആശയവിനിമയം നടത്തിയിരുന്നു. മുന്മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ സ്റ്റാഫ് അംഗങ്ങൾ നേരത്തേ ഗണേശിനെതിരേ നൽകിയ മാനനഷ്ടക്കേസുകൾ പിൻവലിച്ചു. ഇബ്രാഹിംകുഞ്ഞിനെതിരേ നേരത്തേ ഉന്നയിച്ച ആരോപണങ്ങളിൽ നിന്നു ഗണേശും പിൻവലിഞ്ഞു.

പിള്ള 56 വർഷമായി പ്രസിഡന്റായി തുടരുന്ന പത്തനാപുരം എൻ.എസ്.എസ്. താലൂക്ക് യുണിയന് അദ്ദേഹത്തിന്റെ പുതിയ സ്ഥാനലബ്ധിയിൽ സ്വീകരണം നൽകാനെടുത്ത തീരുമാനം ഗണേശ് പക്ഷത്തിന്റെ വിയോജിപ്പ് മൂലം തിരുത്തേണ്ടിവന്നു. തുടർന്ന് പാർട്ടിയുടെ ട്രേഡ് യൂണിയനെക്കൊണ്ട് അടിമാലിയിൽ സ്വീകരണം സംഘടിപ്പിക്കേണ്ടിയും വന്നു. ഗണേശിനെ കോൺഗ്രസിലെത്തിക്കാൻ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും താൽപ്പര്യം ഏറെയാണ്. രണ്ടുപേരും സംയുക്തമായാണ് ഇതിന് ചരട് വലിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us